തിരിച്ചെത്തിയ ശേഷമുള്ള ആദ്യ നടപടി; താല്‍ക്കാലിക ഡയറക്ടറുടെ സ്ഥലംമാറ്റ ഉത്തരവുകൾ റദ്ദാക്കി അലോക് വർമ

By Web TeamFirst Published Jan 9, 2019, 9:47 PM IST
Highlights

താല്‍ക്കാലിക ഡയറക്ടര്‍ നാഗേശ്വർ റാവു  പുറപ്പെടുവിച്ച സ്ഥലംമാറ്റ ഉത്തരവുകള്‍  റദ്ദാക്കി സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മ.  സുപ്രിംകോടതി വിധിയുടെ ബലത്തില്‍ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് തിരിച്ചെത്തിയ ശേഷമുള്ള അലോക് വർമയുടെ ആദ്യ തീരുമാനമാണിത്. 

ദില്ലി: താല്‍ക്കാലിക ഡയറക്ടര്‍ നാഗേശ്വർ റാവു  പുറപ്പെടുവിച്ച സ്ഥലംമാറ്റ ഉത്തരവുകള്‍  റദ്ദാക്കി സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മ.  സുപ്രിംകോടതി വിധിയുടെ ബലത്തില്‍ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് തിരിച്ചെത്തിയ ശേഷമുള്ള അലോക് വർമയുടെ ആദ്യ തീരുമാനമാണിത്. 

അതേസമയം അലോക് വർമക്കെതിരെയുള്ള പരാതി പരിശോധിക്കാൻ ചേര്‍ന്ന് സെലക്ഷൻ സമിതി യോഗം തീരുമാനങ്ങളൊന്നുമില്ലാതെ പിരിഞ്ഞു. സെലക്ഷൻ സമിതി നാളെ വീണ്ടും യോഗം ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീംകോടതി ജഡ്ജി എകെ സിക്രി, കോൺഗ്രസ് കക്ഷി നേതാവ് മല്ലികാർജുന ഗാർഗെ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

യോഗത്തില്‍ അലോക് വർമയെ കുറിച്ചുള്ള സിവിസി റിപ്പോർട്ട് ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തി. അലോക് വർമക്ക് സ്വന്തം ഭാഗം വിശദീകരിക്കാൻ അവസരം നൽകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. കേന്ദ്ര വിജിലൻസ് കമ്മീഷനുംയോഗത്തിൽ പങ്കെടുത്തു.

സുപ്രീംകോടതി വിധിക്ക് പിന്നാലെ സിബിഐ ഡയറക്ടറായി അലോക് വർമ്മ ഇന്ന് രാവിലെ ചുമതലയേറ്റിരുന്നു.. വിധി അനുകൂലമാണെങ്കിലും അലോക് വർമ്മക്ക് ഭാഗിക വിജയമാണ് ഉണ്ടായിരിക്കുന്നത്.സിബിഐ ഡയറക്ടറുടെ ചുമതല ലഭിച്ചെങ്കിലും നയപരമായ തീരുമാനങ്ങൾ എടുക്കാൻ അലോക് വർമക്ക് കോടതി അധികാരം നൽകിയിട്ടില്ല.

അലോക് വർമക്കെതിരെയുള്ള പരാതികൾ സെലക്ഷൻ കമ്മിറ്റി പരിശോധിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ചാണ്  ഇന്ന് രാത്രി കമ്മിറ്റി യോഗം ചേര്‍ന്നത്. അലോക് വർമ്മയുടെ ഇനിയുള്ള പ്രവർത്തനങ്ങൾ എങ്ങനെയാകണമെന്നത് സംബന്ധിച്ചും കമ്മിറ്റി തീരുമാനമെടുക്കും. നാളെ ചേരുന്ന യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും.  ഈ മാസം 31 വരെയാണ് അലോക് വർമ്മയുടെ കാലാവധി.

click me!