
ദില്ലി: മധ്യപ്രദേശ് ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് അടുത്തതിന് പിന്നാലെ കേന്ദ്രസർക്കാരിന് മേൽ രാമക്ഷേത്രത്തിനായുള്ള സമ്മർദ്ദം ശക്തമാക്കി ബിജെപി. സുപ്രീംകോടതി വിധിയ്ക്ക് കാത്തുനിൽക്കാതെ കേന്ദ്രസർക്കാർ അയോധ്യയിൽ രാമക്ഷേത്രം നിർമിയ്ക്കാൻ ഓർഡിനൻസ് കൊണ്ടുവരണമെന്ന് ബിജെപി ജനറൽ സെക്രട്ടറി രാം മാധവ് ആവശ്യപ്പെട്ടു. അയോധ്യയിൽ ഉടൻ രാമക്ഷേത്രനിർമാണം നടക്കുമെന്നും ഇതിനായി ഇപ്പോഴേ തയ്യാറെടുപ്പുകൾ തുടങ്ങണമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. ബാബ്‍റി മസ്ജിദ് തകർക്കാനിടയായ പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും ക്ഷേത്രനിർമാണം ഇനിയും വൈകിക്കാനാകില്ലെന്നും കേന്ദ്രമന്ത്രി ഉമാഭാരതിയും വ്യക്തമാക്കി.
ദീപാവലിയ്ക്ക് ശേഷം രാമക്ഷേത്രനിർമാണം തുടങ്ങാനാകും. അതിനായി ഇപ്പോൾത്തന്നെ തയ്യാറെടുപ്പുകൾ തുടങ്ങണമെന്നാണ് രാജസ്ഥാനിലെ ബിക്കാനീറിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണറാലിയിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഹ്വാനം ചെയ്തത്.
രാമക്ഷേത്രനിർമാണം ഉടൻ വേണമെന്നും, അയോധ്യയിൽ രാമക്ഷേത്രമുയർന്നുകാണാൻ ഏറ്റവുമധികം ആഗ്രഹിയ്ക്കുന്നവരിൽ ഒരാൾ താനാണെന്നുമാണ് കേന്ദ്രമന്ത്രി ഉമാഭാരതി വ്യക്തമാക്കിയത്. 1992 ൽ ബാബ്‍റി മസ്ജിദ് തകർക്കാനിടയാക്കിയ ബിജെപിയുടെ രഥയാത്രയിൽ പങ്കെടുത്ത് പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തി ആളുകളുടെ മതവികാരം ആളിക്കത്തിച്ചെന്ന പേരിൽ ഉമാഭാരതിയ്ക്കും മുതിർന്ന ബിജെപി നേതാവ് എൽ.കെ.അദ്വാനിയ്ക്കുമെതിരെ ഇപ്പോഴും കേസുകൾ നിലവിലുണ്ട്. ഇതിൽ തനിയ്ക്ക് അഭിമാനമുണ്ടെന്നായിരുന്നു ഉമാഭാരതി വിശദമാക്കിയിരുന്നു.
രാമക്ഷേത്രനിർമാണം വൈകുന്നതിൽ ഹിന്ദുക്കൾക്ക് ആശങ്കയുണ്ടെന്നാണ് ബിജെപി ജനറൽ സെക്രട്ടറി രാം മാധവ് വ്യക്തമാക്കിയത്. '1992-ന് സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. കോടതിയാണ് അന്നും രാമക്ഷേത്രനിർമാണത്തിൽ തീരുമാനം വൈകിച്ചത്. ആർഎസ്എസ് അത് തുറന്നുപറയുക മാത്രമാണ് ചെയ്തത്.' രാം മാധവ് വ്യക്തമാക്കി.
ഇന്നലെ ദില്ലിയിൽ നടന്ന സന്യാസിമാരുടെ സമ്മേളനമായ അഖില ഭാരതീയ സന്ത് സമിതിയും രാമക്ഷേത്രം ഉടൻ വേണമെന്ന ആവശ്യമുന്നയിച്ചത്. മോദിയെ 'ശ്രീരാമന്‍റെ അവതാരമെന്ന്' വിശേഷിപ്പിച്ച യോഗത്തിൽ, ഡിസംബർ ആറിന് രാമക്ഷേത്രത്തിന് തറക്കല്ലിടുമെന്ന് സാധ്വി പ്രാചി പ്രഖ്യാപിച്ചു.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പിന്നെ, 2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. വികസനമുൾപ്പടെയുള്ള മറ്റെല്ലാ തെരഞ്ഞെടുപ്പ് പ്രചാരണവിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാൻ 'അയോധ്യ'യ്ക്ക് സാധിക്കുമെന്നതിനാല്‍ ഈ കാലത്തിനുള്ളിൽ രാമക്ഷേത്രനിർമാണവുമായി ബന്ധപ്പെട്ട് സമ്മർദ്ദം ശക്തമാക്കി അനുകൂല തീരുമാനമുണ്ടാക്കാനാണ് ആർഎസ്എസ്സിന്‍റെയും ബിജെപിയുടെയും ശ്രമം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam