
തിരുവനന്തപുരം: സദാചാര പൊലീസ് ചമഞ്ഞ് യുവതി-യുവാക്കളിൽ നിന്ന് പണം തട്ടുന്ന രണ്ടുപേർ തിരുവനന്തപുരത്ത് അറസ്റ്റിൽ. ബന്ധുക്കളെ അറിയിക്കുമെന്നും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് ഇവർ പണം തട്ടിയിരുന്നത്. വിപിൻ, അനീഷ് എന്നിവരാണ് അറസ്റ്റിലായത്.
ഹൈവേയുടെ വശങ്ങളിൽ പാർക്ക് ചെയ്ത കാറുകൾ കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്‍റെ പ്രവർത്തനം. വാഹനങ്ങളിലുള്ള യുവതി- യുവാക്കളെ ഭീഷണപ്പെടുത്തി പണവും സ്വർണ്ണവും തട്ടിയെടുക്കലാണ് പതിവ്. വണ്ടി നമ്പറടക്കമുള്ള വിവരങ്ങൾ അനീഷ് ആദ്യം ഫോണിലൂടെ വിപിനെ അറിയിക്കും. വിപിൻ കാറിനരികിലെത്തി യുവതികളെ ഭീഷണിപ്പെടുത്തുകയാണ് പതിവെന്ന് പൊലീസ് പറയുന്നു. മാനഹാനി ഭയന്ന് കാറിലുള്ളവർ പണവും മൊബൈലും സ്വർണ്ണവും നൽകും. പണമില്ലെങ്കിൽ എടിഎം കാർഡ് വാങ്ങി പണം പിൻവലിച്ച ശേഷം പ്രതികൾ കാർഡ് തിരികെ നൽകാറുണ്ടെന്നും പൊലീസ് പറയുന്നു. യാത്രക്കാരുമായുള്ള പ്രതികളുടെ ഓഡിയോ പൊലീസ് പുറത്തുവിട്ടു.
ഇത്തരത്തിൽ ഇരുപതിലേറെ തവണ പണം തട്ടിയെടുത്തതായി പ്രതികൾ സമ്മതിച്ചുവെന്ന് പേട്ട പൊലീസ് പറഞ്ഞു. സ്വർണ്ണം നഷ്ടപ്പെട്ട കണ്ണമ്മൂല സ്വദേശി നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. പ്രതികളുടെ പക്കൽ നിന്ന് നാല് ഫോണുകളും മുപ്പതിലധികം സിം കാർഡുകളും മെമ്മറി കാർഡുകളും പൊലീസ് കണ്ടെടുത്തു. ഒന്നാം പ്രതി വിപിൻ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam