'സമാധാനത്തിന് ഒരു അവസരം തരൂ': പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഇമ്രാൻ ഖാൻ

By Web TeamFirst Published Feb 25, 2019, 1:50 PM IST
Highlights

പുൽവാമ ഭീകരാക്രമണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുമെന്ന് ഇമ്രാൻ ഖാൻ ഉറപ്പ് നൽകുന്നു. ഒരു പഠാന്‍റെ മകനാണെങ്കിൽ പുൽവാമയിൽ നടപടിയെടുക്കാൻ മോദി ഇമ്രാൻ ഖാനെ വെല്ലുവിളിച്ചിരുന്നു.

ഇസ്ലാമാബാദ്: ഇന്ത്യ - പാക് ബന്ധം വഷളായ സാഹചര്യത്തിൽ സമാധാനത്തിന് ഒരവസരം നൽകണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർഥിച്ചു. പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്ഥാനാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ കൈമാറിയാൽ കൃത്യമായ നടപടികൾ സ്വീകരിക്കുമെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കി. ഒരു പഠാന്‍റെ മകനാണെങ്കിൽ പുൽവാമയിൽ നടപടിയെടുക്കാൻ മോദി ഇമ്രാൻ ഖാനെ വെല്ലുവിളിച്ചിരുന്നു.

പാക് തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അഭിനന്ദനമറിയിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇമ്രാൻ ഖാനെ വിളിച്ചിരുന്നു. ഇപ്പോൾ നടത്തിയ സംഭാഷണം ഓർത്താണ് മോദി ഇമ്രാൻ ഖാനെ വെല്ലുവിളിച്ചത്. 'പട്ടിണിക്കും, സാക്ഷരതയില്ലായ്മക്കുമെതിരെ ഒന്നിച്ച് പോരാടാം' എന്ന് മോദി പറ‍ഞ്ഞപ്പോൾ, താൻ ഒരു 'പഠാന്‍റെ മകനാണെ'ന്നും വാക്ക് പാലിക്കുമെന്നും ഖാൻ മറുപടി നൽകി. പാകിസ്ഥാനിലെ പഠാൻ എന്ന പാരമ്പര്യഗോത്രം ജാത്യഭിമാനത്തിനും സ്വാഭിമാനത്തിനും വാക്ക് പാലിക്കുന്നതിനും പേര് കേട്ടവരാണ്.

തീവ്രവാദത്തെ വച്ചു പൊറുപ്പിക്കില്ലെന്നും ഇന്ത്യ തിരിച്ചടിക്കുമെന്നും മോദി രാജസ്ഥാനിൽ നടത്തിയ ഒരു തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞിരുന്നു. ഇതേ നിലപാട് തന്നെ മാസം തോറുമുള്ള സംവാദപരിപാടിയായ 'മൻ കീ ബാത്തി'ലും മോദി ആവർത്തിച്ചിരുന്നു. രാജ്യം രോഷത്തിലാണെന്നും പുൽവാമയ്ക്ക് കനത്ത മറുപടി നൽകുമെന്നുമായിരുന്നു മോദിയുടെ നിലപാട്. 

പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ തിരിച്ചടി നേരിടാൻ പാകിസ്ഥാൻ തയ്യാറെടുപ്പ് തുടങ്ങിയിരുന്നു. ഇന്ത്യയുമായി യുദ്ധമുണ്ടാവുകയാണെങ്കിൽ പരിക്കേൽക്കുന്ന സൈനികരെ ചികിത്സിക്കാൻ തയ്യാറെടുപ്പ് തുടങ്ങാൻ ആശുപത്രികൾക്ക് പാക് സേന നിർദ്ദേശം നൽകി. 

Read More: അടിച്ചാൽ തിരിച്ചടിക്കുമെന്ന് ഇമ്രാൻഖാൻ; പുൽവാമ ഭീകരാക്രമണത്തിൽ ഇന്ത്യയുടെ ആരോപണം പാകിസ്ഥാൻ തള്ളി

പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അടിയന്തര സുരക്ഷാ സമിതി യോഗം വിളിച്ചു ചേർത്തിരുന്നു. പാകിസ്ഥാൻ കരസേന മേധാവിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു ഇമ്രാൻ ഖാൻ യോഗം വിളിച്ചത്. ഈ കൂടിക്കാഴ്ചയ്ക്ക്  ശേഷമാണ് ഇന്ത്യ ആക്രമിക്കുകയാണെങ്കിൽ തിരിച്ചടിക്കാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകിക്കൊണ്ടുള്ള നിലപാട് ഇമ്രാൻ ഖാൻ വ്യക്തമാക്കിയത്.

ഇന്ത്യ ആക്രമിക്കുകയാണെങ്കിൽ ശക്തമായി തിരിച്ചടിക്കണം. പ്രത്യാക്രമണത്തിനായി പാക് സേനയ്ക്ക് പരിപൂർണ സ്വാതന്ത്ര്യമുണ്ടെന്നും പാക് പ്രധാനമന്ത്രി സേനയ്ക്ക് നിർദേശം നൽകി. പാക്  പ്രധാനമന്ത്രിയുടെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ സേന കൂടുതൽ  സുരക്ഷാ നടപടികളിലേക്ക് കടന്നതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Read More: സൈനികർക്കായി ആശുപത്രികൾ സജ്ജമാക്കാൻ നിർദേശം; യുദ്ധം നേരിടാൻ തയ്യാറെടുപ്പുമായി പാകിസ്ഥാൻ

നേരത്തെയും തെളിവ് കൈമാറിയാൽ നടപടിയെടുക്കാമെന്ന് ഇമ്രാൻ ഖാൻ വ്യക്തമാക്കിയിരുന്നു. പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് പാകിസ്ഥാനല്ലെന്നും കശ്മീരിലെ അശാന്തിക്ക് പാകിസ്ഥാനല്ല ഉത്തരവാദിയെന്നും ഇന്ത്യ യാതൊരു തെളിവുമില്ലാതെ പാകിസ്ഥാനെ കുറ്റപ്പെടുത്തുകയാണെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ഭീകരാക്രമണം കൊണ്ട് പാകിസ്ഥാന് എന്ത് ഗുണമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. പാകിസ്ഥാന്‍റെ മണ്ണിൽനിന്നുള്ള ആരും അക്രമം പടർത്തരുതെന്നുള്ളത് പാക് സർക്കാരിന്‍റെ താൽപ്പര്യമാണെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

click me!