
സൂറത്ത്: സ്നേഹ ബന്ധത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ഉള്‍ക്കൊണ്ട് രക്ഷാബന്ധന്‍ ആഘോഷിക്കുകയാണ് ഉത്തരേന്ത്യക്കാര്‍. പല വര്‍ണത്തില്‍ പല വിലയില്‍ പലതരം രാഖികളാണ് ഇത്തവണ രക്ഷാബന്ധന്‍ ആഘോഷിക്കാന്‍ എത്തിയിരിക്കുന്നത്. അതില്‍ ഒരു രാഖി കണ്ടാല്‍ ആരുമൊന്ന് നോക്കി പോകും. കാര്യം വേറൊന്നുമല്ല, അതില്‍ പരിചിതമായ ഒരു മുഖം കാണാം. മറ്റാരുമല്ല, രാജ്യത്തിന്‍റെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ.
ഞെട്ടിപ്പിക്കുന്ന കാര്യം അതല്ല, നല്ല ഒന്നാംതരം സ്വര്‍ണത്തിലാണ് മോദിയുടെ ചിത്രമുള്ള രാഖി വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്. 50,000 മുതല്‍ 70,000 രൂപ വരെയാണ് ഈ സ്വര്‍ണ രാഖിയുടെ വില. സൂറത്തിലെ ഡയമണ്ട് സിറ്റിയിലെ ഒരു ജ്വല്ലറിയിലാണ് 22 കാരറ്റ് സ്വർണ്ണത്തിൽ നിർമ്മിച്ച ഈ രാഖി വിൽക്കുന്നത്.
പ്രധാനമന്ത്രിയുടെ മാത്രമല്ല, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി എന്നിവരുടെ ചിത്രം പതിച്ച രാഖികളും ഇവിടെ വിൽക്കുന്നുണ്ട്. ആകെ നിര്‍മ്മിച്ച 50 രാഖികളില്‍ 47 എണ്ണവും വിറ്റുപോയി. രാഖി നിർമ്മിച്ച് നൽകുന്നതിനായി ഓർഡറുകൾ വന്നുകൊണ്ടിരിക്കുകയാണെന്നും കടയുടമ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് വ്യക്തമാക്കി.
അതേസമയം, ബിജെപി നേതാക്കന്മാരുടെ ചിത്രം പതിച്ച രാഖികൾ ഇതാദ്യമായല്ല പുറത്തിറക്കുന്നത്. നേരത്തെ വാരണാസിയിലും നരേന്ദ്ര മോദിയുടെ ഫോട്ടോ പതിച്ച രാഖികള്‍ രക്ഷാബന്ധനോട് അനുബന്ധിച്ച് പുറത്തിറക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam