
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുന്നൊരുക്കങ്ങളുമായി കോണ്‍ഗ്രസ് പാർട്ടി. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് തുടക്കമിട്ട് മൂന്നു പ്രധാന സമിതികൾക്കാണ് കോൺഗ്രസ് ഇന്ന് രൂപം നൽകിയത്. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആസൂത്രണം ചെയ്യുന്നതിനുള്ള ഒമ്പതംഗ കോർ കമ്മിറ്റി, പ്രകടന പത്രിക രൂപീകരിക്കാനുള്ള 19 അംഗ മാനിഫെസ്റ്റോ കമ്മിറ്റി, തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന 13 അംഗ പ്രചാരണ കമ്മിറ്റി തുടങ്ങിയവയ്ക്കാണ് അധ്യക്ഷൻ രാഹുൽ ഗാന്ധി രൂപം നൽകിയത്.
ദില്ലിയിൽ പാർട്ടി ജനറൽ സെക്രട്ടറി അശോക് ഗെഹ്ലോട്ടാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നിർണായക സമിതികളുടെ പ്രഖ്യാപനത്തോടെ കോൺഗ്രസ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് തുടക്കമിട്ടതായും മികച്ച പ്രകടന പത്രികക്ക് രൂപം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ കോണ്‍ഗ്രസ് രൂപീകരിച്ച് സമിതികള്‍ ഇവയാണ്
കോർ ഗ്രൂപ്പ്
എ.കെ ആന്റണി, ഗുലാംനബി ആസാദ്, പി ചിദംബരം, അശോക് ഗെലോട്ട്, മല്ലികാർജുൻ ഖാർഗെ, അഹമ്മദ് പട്ടേൽ, ജയ്റാം രമേഷ്, രൺദീപ് സുർജേല, കെ.സി വേണുഗോപാൽ എന്നിവരാണ് കോർ ഗ്രൂപ്പിലെ ഒമ്പത് അംഗങ്ങൾ. ഇവർ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലാകും പ്രവർത്തിക്കുക.
മാനിഫെസ്റ്റോ കമ്മിറ്റി
മുൻ ധനകാര്യമന്ത്രി പി ചിദംബരം, ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ, മുൻ കേന്ദ്രമന്ത്രിമാരായ ജയ്റാം രമേഷ്, സൽമാൻ ഖുർഷിദ്, ശശി തരൂർ, കുമാരി ശെൽജ, മേഘാലയ മുൻ മുഖ്യമന്ത്രി മുകുൾ സാങ്മ തുടങ്ങിയവർ ഉൾപ്പെടെ 19 പേർ അടങ്ങിയതാണ് മാനിഫെസ്റ്റോ കമ്മിറ്റി.
പബ്ലിസിറ്റി കമ്മിറ്റി
ഭക്ത ചരൺദാസ്, പ്രവീൺ ചക്രവർത്തി, മിലിന്ദ് ദിയോറ, കുമാർ കേറ്റ്കർ, പവൻ ഖേര, വി.ഡി. സതീശൻ, ജെയ്വിർ ഷേർഗിൽ, പാർട്ടി സോഷ്യൽ മീഡിയ തലവൻ ദിവ്യ സ്പന്ദന, മുൻ രാജ്യസഭാംഗം സഭാ അംഗം പ്രമോദ് തിവാരി, മുൻമന്ത്രിമാരായ ആനന്ദ് ശർമ്മ, മനീഷ് തിവാരി, രാജീവ് ശുക്ല, രൺദീപ് സുർജേല തുടങ്ങിയവരാണ് പബ്ലിസിറ്റി കമ്മിറ്റിയിലെ അംഗങ്ങൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam