ഗോള്‍ഡന്‍ ബാബ ഇത്തവണ അണിയുന്നത് വെറും 20 കിലോ സ്വര്‍ണ്ണം

First Published Aug 2, 2018, 9:53 AM IST
Highlights

 വാര്‍ത്താ മാധ്യമങ്ങളിൽ  ശ്രദ്ധ പിടിച്ചു പറ്റിയ ഗോള്‍ഡന്‍ ബാബ ഇത്തവണയും യാത്രക്കൊരുങ്ങിക്കഴിഞ്ഞു. ഇത്തവണ ബാബ അണിയുന്നത് വെറും ഇരുപത് കിലേ സ്വർണ്ണമാണ്. ഈ സ്വർണ്ണത്തിന് ഏകദേശം ആറ് കോടിയോളം രൂപ വില വരും.

ഹരിദ്വാര്‍: കന്‍വാര്‍ തീര്‍ഥയാത്രകളിൽ കിലോ കണക്കിന് സ്വര്‍ണാഭരണങ്ങളണിഞ്ഞ് യാത്ര ചെയ്ത് വാര്‍ത്താ മാധ്യമങ്ങളിൽ  ശ്രദ്ധ പിടിച്ചു പറ്റിയ ഗോള്‍ഡന്‍ ബാബ ഇത്തവണയും യാത്രക്കൊരുങ്ങിക്കഴിഞ്ഞു. ഇത്തവണ ബാബ അണിയുന്നത് വെറും ഇരുപത് കിലേ സ്വർണ്ണമാണ്. ഈ സ്വർണ്ണത്തിന് ഏകദേശം ആറ് കോടിയോളം രൂപ വില വരും.

ഗോള്‍ഡന്‍ ബാബ എന്നറിയപ്പെടുന്ന സുധീര്‍ മക്കാറിന്‍റെ 25 മത്തെ കന്‍വാര്‍ യാത്രയാണ് ഇത്തവണത്തേത്.  ഓരോ യാത്രയിലും സ്വര്‍ണത്തിന്‍റെ അളവ് വര്‍ധിപ്പിച്ചാണ് ബാബ യാത്ര നടത്തുന്നത്. കഴിഞ്ഞ തവണ 14.5 കിലോ സ്വര്‍ണം ധരിച്ചായിരുന്നു യാത്രയിൽ പങ്കെടുത്തിരുന്നത്. അതായത് നാല് കോടിയോളം രൂപ വില വരുന്ന ആഭരണങ്ങൾ. ഇതിൽ വില പിടിപ്പുള്ള കല്ലുകൾക്കും ഡയമണ്ടുകൾക്കുമൊപ്പം  27 ലക്ഷം രൂപയുടെ റോളക്സ് വാച്ചും ഉൾപ്പട്ടിരുന്നു.

ദൈവങ്ങളുടെ രൂപമുള്ള 21 ലോക്കറ്റുകൾ,സ്വർണ്ണ അരപ്പട്ടകൾ,21 സ്വർണ്ണമാല നിരവധി വളകൾ എന്നിവ ധരിച്ചാണ് ബാബ യാത്ര തിരിക്കുന്നത്. 2016ലെ ബാബയുടെ യാത്രയിൽ ശിവരൂപമുള്ള ലോക്കറ്റോടു കൂടിയ രണ്ടുകിലോ ഭാരമുള്ള മാലയും ധരിച്ചായിരുന്നു യാത്ര. ഹരിദ്വാറില്‍നിന്ന് ഡല്‍ഹിവരെയുള്ള 200 കിലോമീറ്ററും തന്‍റെ ആഡംബര വാഹനത്തിന്‍റെ മുകളില്‍ കയറിയിരുന്നാണ് ബാബ യാത്ര നടത്താറുള്ളത്. അദ്ദേഹത്തോടൊപ്പം അംഗരക്ഷകരും അനുയായികളും ഉണ്ടാവും.

ബാബയുടെ സ്വന്തം ബിഎംഡബ്ല്യു, നാല് ഫോര്‍ച്യൂണര്‍, രണ്ട് ഓഡി, രണ്ട് ഇന്നോവ എന്നിവ അടക്കമുള്ള വാഹനങ്ങളും ഇതില്‍ ഉള്‍പ്പെടും. കൂടാതെ ഹമ്മര്‍, ജാഗ്വാര്‍, ലാന്‍ഡ് റോവര്‍ തുടങ്ങിയ വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കാറുമുണ്ട്. ആഡംബര വാഹനങ്ങളോടും സ്വര്‍ണത്തോടുമുള്ള ഭ്രമം മരിച്ചാലും അവസാനിക്കില്ലെന്നാണ് ബാബ പറയുന്നത്.

1972ല്‍ അഞ്ച് പവന്‍ സ്വര്‍ണം ധരിച്ചു കൊണ്ടാണ്  ബാബ ആദ്യമായി കന്‍വാര്‍ യാത്രയില്‍ പങ്കെടുക്കുന്നത്. പിന്നീടുള്ള യാത്രകളില്‍ സ്വര്‍ണത്തിന്റെ അളവ് വര്‍ധിച്ചുവരികയും ഇപ്പോള്‍ അത് 20 കിലോയിലെത്തുകയും ചെയ്തു. തുണിക്കച്ചവടക്കാരനായി തുടങ്ങിയ സുധീര്‍ മക്കാര്‍ പിന്നീട് വന്‍കിട ബിസിനസ്സ്കാരനായി വളരുകയും പിന്നീട് സന്യാസത്തിലേക്ക് തിരിയുകയുമായിരുന്നു. 

click me!