അധികാരികൾ കാണണം, ഇതാണ് സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിലെ ശുചിമുറികളുടെ അവസ്ഥ

By Web TeamFirst Published Feb 2, 2019, 11:25 AM IST
Highlights

ശുചിമുറികളുടെ അറ്റകുറ്റ പണികളുടെ ചുമതല പൊതുമരാമത്ത് വകുപ്പിലെ ബില്‍ഡിംഗ് വിഭാഗത്തിനാണ്. എന്നാല്‍ മതിയായ ഫണ്ടില്ലാത്തതിനാല്‍ പരിഹാരം കാണാന്‍ കഴിയുന്നില്ലെന്നാണ് ബന്ധപ്പെട്ട അധികാരികളുടെ  പ്രതികരണം

കോഴിക്കോട്: സംസ്ഥാനത്തെ മിക്ക സർക്കാർ ഓഫീസുകളിലെയും ശുചിമുറികൾ ഉപയോഗ ശൂന്യമായ നിലയിൽ. പൊതുജനങ്ങളും ഉദ്യോഗസ്ഥരും ഉപയോഗിക്കുന്ന ശുചിമുറികളിൽ ഏറെയും പൊട്ടി പൊളിഞ്ഞു കിടക്കുകയാണ്.  

മോശം സാഹചര്യത്തിലുള്ള ശുചിമുറി ഉപയോഗിക്കാനാവാത്തതിനാല്‍ മണിക്കൂറുകളോളം ജോലി ചെയ്ത് വീട്ടില്‍ ചെന്നാണ് മൂത്രം ഒഴിക്കാന്‍ പോലും സാധിക്കുന്നതെന്ന്  കോഴിക്കോട് കലക്ട്രേറ്റിലെ വനിതാ  ജീവനക്കാരികളടക്കമുള്ളവർ പരാതിപ്പെടുന്നു.  

ആകെയുള്ള അഞ്ച് ശുചിമുറി കോംപ്ലക്സുകളിൽ ഒന്നിൽ മാത്രമാണ് സാനിറ്ററി വെൻഡിംഗ് മെഷീൻ സ്ഥാപിച്ചിരിക്കുന്നത്. അതാകട്ടെ പ്രവർത്തന രഹിതമായിട്ട് നാളുകളേറെയായി. ഉപയോഗിച്ച നാപ്കിനുകൾ തുറന്ന സ്ഥലത്ത് ബക്കറ്റിൽ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്.

സംസ്ഥാനത്തെ മറ്റ് സർക്കാർ ഓഫീസുകളിലെ ശുചിമുറികളെക്കുറിച്ച്  അന്വേഷിച്ചപ്പോഴും ലഭിച്ചത് സമാന വിവരങ്ങളാണ്. തിരുവനന്തപുരം പൊലീസ് ക്ലബ്, വയനാട് വെറ്റിനറി സബ് സെന്‍റർ, കോഴിക്കോട് നാദാപുരം പൊലീസ് സ്റ്റേഷൻ, കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസ്, എന്നിവിടങ്ങളിലെ ശുചിമുറിയുടെ അവസ്ഥയും ദയനീയമാണ്. പുതുതായി നിർമിച്ച കെട്ടിടങ്ങളിൽ മാത്രമാണ് വൃത്തിയുള്ള ശുചിമുറിയും നാപ്കിൻ വെൻഡിംഗ് മെഷീനുമുള്ളത്.

ശുചിമുറികളുടെ അറ്റകുറ്റ പണികളുടെ ചുമതല പൊതുമരാമത്ത് വകുപ്പിലെ ബില്‍ഡിംഗ് വിഭാഗത്തിനാണ്. എന്നാല്‍ മതിയായ ഫണ്ടില്ലാത്തതിനാല്‍ പരിഹാരം കാണാന്‍ കഴിയുന്നില്ലെന്നാണ് ബന്ധപ്പെട്ട അധികാരികളുടെ  പ്രതികരണം. പലയിടങ്ങളിലെയും അവസ്ഥ ചൂണ്ടിക്കാട്ടി ജീവനക്കാരുടെ സംഘടനകള്‍ സര്‍ക്കാരിനെ നേരിട്ട് പരാതി ബോധിപ്പിച്ചിട്ടും അവസ്ഥയ്ക്ക് മാറ്റമില്ലെന്ന് ജീവനക്കാർ പറഞ്ഞു

click me!