റഫാല്‍ ഇടപാട്: സുപ്രീംകോടതി വിധിയില്‍ വസ്തുതാപരമായ പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് സമ്മതിച്ച് കേന്ദ്രസര്‍ക്കാര്‍

By Web TeamFirst Published Dec 15, 2018, 5:57 PM IST
Highlights

റഫാൽ വിമാന വിലയുടെ വിശദാംശങ്ങള്‍ സി എ ജിക്ക് കൈമാറിയെന്നും റിപ്പോര്‍ട്ട് പാര്‍ലമെന്‍റിൽ സമര്‍പ്പിച്ചെന്നും പി എ സി പരിശോധിച്ചെന്നുമാണ് വിധിയിലെ വാചകം. എന്നാൽ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെന്ന വാദം ഉയര്‍ത്തി വിധിയെ ചോദ്യം ചെയ്ത കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിപ്പിച്ചെന്ന് ആരോപിച്ചു. 

ദില്ലി: റഫാൽ ഇടപാടിലെ സി എ ജി റിപ്പോര്‍ട്ട് പാര്‍ലമെന്‍റിനും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്കും സമര്‍പ്പിച്ചെന്ന വിധിയിലെ പരാമര്‍ശം തിരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയിൽ അപേക്ഷ നല്‍കി. വ്യാകരണ പിഴവെന്ന് ചൂണ്ടിയാണ് തിരുത്തൽ ആവശ്യം. അതേ സമയം സി എ ജിയെയും അറ്റോര്‍ണി ജനറലിനെയും വിളിച്ചു വരുത്തുമെന്ന് പി എ സി ചെയര്‍മാൻ മല്ലികാര്‍ജ്ജുന ഖാർഗെ വ്യക്തമാക്കി

റഫാലിൽ കേന്ദ്രസര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയ സുപ്രീം കോടതി വിധിയിലെ ഗുരുതര പിഴവ് ചൂണ്ടിക്കാട്ടിയാണ്, പ്രതിരോധത്തിലായ കോണ്‍ഗ്രസ് തിരിച്ചടിച്ചത്. റഫാൽ വിമാന വിലയുടെ വിശദാംശങ്ങള്‍ സി എ ജിക്ക് കൈമാറിയെന്നും റിപ്പോര്‍ട്ട് പാര്‍ലമെന്‍റിൽ സമര്‍പ്പിച്ചെന്നും പി എ സി പരിശോധിച്ചെന്നുമാണ് വിധിയിലെ വാചകം. എന്നാൽ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെന്ന വാദം ഉയര്‍ത്തി വിധിയെ ചോദ്യം ചെയ്ത കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിപ്പിച്ചെന്ന് ആരോപിച്ചു. 

വിധിയിലെ പിഴവ് ആയുധമാക്കി പ്രതിപക്ഷം റഫാൽ വീണ്ടും സജീവമാക്കുന്നതിനിടെയാണ് വാചക തിരുത്തിന് കേന്ദ്ര സര്‍ക്കാരിന്‍റെ അപേക്ഷ. കഴിഞ്ഞ മാസം പന്ത്രണ്ടിന് തങ്ങള്‍ സീൽ ചെയ്ത കവറിൽ സമര്‍പ്പിച്ച കുറിപ്പിലെ രണ്ടു വാചകങ്ങള്‍ തെറ്റായി കോടതി വായിച്ചെന്നാണ് കേന്ദ്ര സര്‍ക്കാറിന്‍റെ അപേക്ഷയിൽ ഉള്ളത്.വില വിവരം സി എ ജിക്ക് നല്‍കിയെന്നത് ശരിയാണ്, എന്നാൽ റിപ്പോര്‍ട്ട് പാര്‍ലമെന്‍റിൽ സമര്‍പ്പിച്ചുവെന്ന അര്‍ത്ഥത്തിലാണ് അടുത്ത വാചകം വന്നത്. ഇതിലെ വ്യാകരണ പിശക് തിരുത്തേണ്ടതെങ്ങനെയും അപേക്ഷയിലുണ്ട്.അവധി കഴിഞ്ഞ് കോടതി അടുത്ത മാസം രണ്ടിന് ചേരുമ്പോള്‍ തിരുത്തൽ അപേക്ഷ വിവരം കോടതിയിൽ പരാമര്‍ശിക്കും. അതേസമയം കേന്ദ്രസര്‍ക്കാര്‍ കോടതിയിൽ കള്ളം പറഞ്ഞെന്നാണ് കോണ്‍ഗ്രസ് വിമര്‍ശനം

രാഹുൽ ഗാന്ധിക്കും കോണ്‍ഗ്രസിനും പാകിസ്ഥാൻ കോടതിയിലാണ് വിശ്വാസമെന്ന് ബിജെപി തിരിച്ചടിച്ചു. സംയുക്ത പാര്‍ലമെന്‍ററി സമിതി അന്വേഷാണാവശ്യം കോണ്‍ഗ്രസ് ആവര്‍ത്തിക്കുകയാണ്. സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ജെ പി സി അന്വേഷണം വേണമെന്നാവശ്യപ്പെട്ടു.  

click me!