ലൈംഗിക കുറ്റവാളികളുടെ പേര് വിവരങ്ങള്‍ അടങ്ങിയ രജിസ്റ്റര്‍ ഇന്ത്യയിലും

By Web TeamFirst Published Sep 21, 2018, 1:53 PM IST
Highlights

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ ഇല്ലാതെയാക്കുക എന്ന ലക്ഷ്യത്തോടെ ലൈംഗിക കുറ്റവാളികളുടെ വിവരങ്ങളുള്‍പ്പെടുത്തി ദേശീയ രജിസ്ട്രി പുറത്തിറക്കി കേന്ദ്രം. കുറ്റവാളികളുടെ പേര്, ഫോട്ടോ, വിലാസം,  വിരലടയാളം, ഡി.എന്‍.എ. സാമ്പിള്‍, തിരിച്ചറിയല്‍ കാര്‍ഡിലെ നമ്പറുകള്‍ തുടങ്ങിയവ രജിസ്റ്ററിലുള്ളത്. 

ദില്ലി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ ഇല്ലാതെയാക്കുക എന്ന ലക്ഷ്യത്തോടെ ലൈംഗിക കുറ്റവാളികളുടെ വിവരങ്ങളുള്‍പ്പെടുത്തി ദേശീയ രജിസ്ട്രി പുറത്തിറക്കി കേന്ദ്രം. കുറ്റവാളികളുടെ പേര്, ഫോട്ടോ, വിലാസം,  വിരലടയാളം, ഡി.എന്‍.എ. സാമ്പിള്‍, തിരിച്ചറിയല്‍ കാര്‍ഡിലെ നമ്പറുകള്‍ തുടങ്ങിയവ രജിസ്റ്ററിലുള്ളത്. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയ്ക്കും ആഭ്യന്തര മന്ത്രാലയത്തിനുമാണ് രജിട്രിയിലെ വിവരങ്ങള്‍ പുതുക്കേണ്ട ചുമതല. നിയമവാഹകര്‍, തൊഴില്‍ ദാതാക്കള്‍, അന്വേഷണ ഏജന്‍സികള്‍ എന്നിവര്‍ക്ക് രജിട്രിയിലെ വിവരങ്ങള്‍ ലഭ്യമാക്കും. 

ഇന്ത്യയ്ക്കുപുറമേ അമേരിക്ക, ബ്രിട്ടൻ, ഓസ‌്ട്രേലിയ, കനഡ, ഐസിലൻഡ‌്, ന്യൂസിലൻഡ‌്, ദക്ഷിണാഫ്രിക്ക, ട്രിനിഡാഡ് ആൻഡ് ടുബാഗോ എന്നീ രാജ്യങ്ങളിലും ലൈംഗിക കുറ്റവാളികളുടെ പേരും മറ്റും രേഖപ്പെടുത്തിയുള്ള രജിസ്റ്ററുണ്ട്. ബലാത്സംഗം, പോസ്കോ കുറ്റങ്ങൾ, സ്ത്രീകളെ അപമാനിക്കൽ തുടങ്ങിയ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരുടെ പേരുവിവരങ്ങളാണ് രജിസ്റ്ററിൽ ഉൾപ്പെടുത്തുക. അമേരിക്കയിൽ ലൈംഗിക കുറ്റവാളികളുടെ രജിസ്റ്റർ പൊതുജനങ്ങൾക്കും ലഭ്യമാണ്. എന്നാൽ, ഇന്ത്യയടക്കം മറ്റ് രാജ്യങ്ങളിൽ നിയമപാലന ഏജൻസികൾക്കുമാത്രമേ രജിസ്റ്റർ വിവരങ്ങൾ ലഭ്യമാകൂ.

4.5 ലക്ഷം കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രജിസ്റ്ററില്‍ ഉണ്ടാകും. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള ഒരു വലിയ നീക്കത്തിനായിരിക്കും ഇത് തുടക്കം കുറിക്കുന്നത്. രാജ്യത്തുടനീളമുള്ള ജയിലുകളില്‍ നിന്ന് ഇത് സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിക്കും. ഈ വര്‍ഷം സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ മൂന്നു ശതമാനം വര്‍ദ്ധനവിന്‍റെ പശ്ചാത്തലത്തിലും 2016 ല്‍ ഇത് 12 ശതമാനം വര്‍ദ്ധനവുമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2015 ല്‍ 38,947 ബലാത്സംഗ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2015 ല്‍ 34,651 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2016 ല്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ 3,29,243 ല്‍ നിന്ന് 3,38,954 ആയി വര്‍ധിച്ചു.

click me!