ഗുജറാത്തിൽ മുഖ്യമന്ത്രി ആരെന്ന ചര്‍ച്ചകള്‍ സജീവം

By Web DeskFirst Published Dec 19, 2017, 6:43 AM IST
Highlights

ഗുജറാത്തിൽ മുഖ്യമന്ത്രി ആരെന്ന ചര്‍ച്ചകള്‍ സജീവം. വിജയ് രൂപാണിയുടെ രണ്ടാം ഊഴം ഉറപ്പില്ലാത്ത സാഹചര്യത്തിൽ ഉപമുഖ്യമന്ത്രി നിധിൻ പട്ടേൽ, കേന്ദ്രമന്ത്രി സ്‍മൃതി ഇറാനി അടക്കം അര ഡസനോളം നേതാക്കളുടെ പേരുകൾ ആണ് പറഞ്ഞു കേള്‍ക്കുന്നത്. സീറ്റ് ഗണ്യമായി കുറഞ്ഞത് അമിത് ഷാ വിശദമായി പരിശോധിക്കും.

ഇരുപത്തിയഞ്ചാം തീയതി സത്യപ്രതിഞ്ജ നടത്താൻ ബിജെപി ഒരുക്കം തുടങ്ങിയെങ്കിലും മുഖ്യമന്ത്രി ആരെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുൻനിർത്തി ബിജെപി ഗുജറാത്തിൽ ആറാം വട്ട ജയം നേടിയത്. സംസ്ഥാനമുഖ്യമന്ത്രി വിജയ് രൂപാണിയെ ജയിപ്പിക്കാൻ വേണ്ടി മോദി രാജ്കോട്ടിൽ നടത്തിയത് മൂന്ന് റാലികളാണ്. ആറു ക്യാബിനറ്റ് മന്ത്രിമാരാണ് ഇത്തവണ തോറ്റത്. സംസ്ഥാന സർക്കാറിനെതിരെ ഭരണവിരുദ്ധ വികാരം പ്രകടമാണെന്ന് ജനവിധിയിൽനിന്ന് വ്യക്തമാണ്. അതുകൊണ്ട് മോദി ഗുജറാത്തിന്റെ ചുമതല പുതിയ ഒരാളെ ഏൽപിച്ചേക്കുമെന്ന് അഭ്യൂഹം ഉണ്ട്. അതേസമയം അമിത് ഷായ്‍ക്ക് താൽപര്യം വിജയ് രൂപാണിയെതന്നെയാണെന്നും അറിയുന്നു. ഉപമുഖ്യമന്ത്രി നിധിൻ പട്ടേൽ, സംസ്ഥാന അധ്യക്ഷൻ ജിതു വഗാനി, എന്നിവർക്ക് പുറമെ  കേന്ദ്രമന്ത്രിമാരായ സ്‍മൃതി ഇറാനി, പരുഷോത്തം രൂപാല, മൻസുക് മാണ്ഡ്യവ്യ കർണാടക ഗവർണർ വാജുഭായ് വാല എന്നിവരുടെപേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞു കേൾക്കുന്നുണ്ട്. ധനമന്ത്രി അരുൺ ജയ്‍റ്റ്‍ലി, പാർട്ടി ജനറൽ സെക്രട്ടറി സരോജ് പാണ്ഡെ എന്നിവർ ഗുജറാത്തിൽ സർക്കാർ രൂപികരിക്കാനുള്ള ചർച്ചകൾ ഏകോപിപ്പിക്കും. സംസ്ഥാനത്ത് ഭരണതുടർച്ച ഉണ്ടായെങ്കിലും നൂറ് സീറ്റ് പോലും നേടാനാകാത്ത സാഹചര്യം ബിജെപി ഗൗരവത്തോടെയാണ് കാണുന്നത്. വീഴ്‍ച സംബന്ധിച്ചുള്ള വിശദപരിശോധന അമിത് ഷാ നടത്തും.  കോൺഗ്രസിന്റെ മുൻനിരനേതാക്കളായ അർജുൻ മോദ്വാഡിയ തോറ്റതോടെ അമ്രേലിയിനിന്നും ജയിച്ച പരേഷ് ധനാനിയായിരിക്കും പ്രതിപക്ഷ നേതാവ് എന്ന സൂചനയാണ് പുറത്തുവരുന്നത്.

 

click me!