'അഹമ്മദാബാദിന്റെ പേരും മാറ്റും'; എല്ലാ നിയമവശങ്ങളും പരിശോധിക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി

By Web TeamFirst Published Nov 8, 2018, 2:31 PM IST
Highlights

'ഇത് ഒരുപാട് കാലങ്ങളായുള്ള ആവശ്യമാണ്. നിയമവശങ്ങളും മറ്റ് കാര്യങ്ങളും പരിശോധിച്ച ശേഷം വൈകാതെ തന്നെ വേണ്ട നടപടികളുമായി മുന്നോട്ടുനീങ്ങാനാണ് തീരുമാനം.'- വിജയ് രൂപാണി അറിയിച്ചു

ദില്ലി: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഫൈസാബാദിന്റെ പേര് മാറ്റി അയോധ്യ എന്നാക്കിയതിന് പിന്നാലെ ഗുജറാത്തിലെ പ്രമുഖ നഗരമായ അഹമ്മദാബാദിന്റെ പേര് മാറ്റാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട്. ഇതിനായി എല്ലാ നിയമവശങ്ങളും പരിശോധിക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അറിയിച്ചു. 

അഹമ്മദാബാദിനെ 'കര്‍ണാവതി'യായി കാണാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും നിയമതടസങ്ങളില്ലെങ്കില്‍ ഇതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലാണ് ആദ്യം വ്യക്തമാക്കിയത്. പൈതൃക പദവിയുള്ള അഹമ്മദാബാദിന്റെ പേര് മാറ്റാനുള്ള ആലോചന നടക്കുന്നുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് നിതിന്‍ പട്ടേല്‍ ഇക്കാര്യം അറിയിച്ചത്. ഇതിന് പിന്നാലെയാണ് സ്ഥിരീകരണവുമായി മുഖ്യമന്ത്രിയുമെത്തിയിരിക്കുന്നത്. 

'ഇത് ഒരുപാട് കാലങ്ങളായുള്ള ആവശ്യമാണ്. നിയമവശങ്ങളും മറ്റ് കാര്യങ്ങളും പരിശോധിച്ച ശേഷം വൈകാതെ തന്നെ വേണ്ട നടപടികളുമായി മുന്നോട്ടുനീങ്ങാനാണ് തീരുമാനം.'- വിജയ് രൂപാണി അറിയിച്ചു.

ലോക പൈതൃക പദവിയിലുള്ള ഇന്ത്യയിലെ ഒരേയൊരു നഗരമാണ് അഹമ്മദാബാദ്. ആദ്യകാലങ്ങളില്‍ 'ആസാവല്‍' എന്നായിരുന്നു ഇന്നത്തെ അഹമ്മദാബാദ് പ്രദേശം അറിയപ്പെട്ടിരുന്നത്. ശേഷം 'ആസാവല്‍' രാജാവിനെ യുദ്ധത്തില്‍ പരാജയപ്പെടുത്തിയ ചാലൂക്യ രാജാവ്- കര്‍ണ, സബര്‍മതി നദിയുടെ തീരത്ത് 'കര്‍ണാവതി' നഗരം സ്ഥാപിക്കുകയുമായിരുന്നു. തുടര്‍ന്ന് 1411ല്‍ കര്‍ണാവതിക്ക് സമീപം മറ്റൊരു നഗരം സ്ഥാപിച്ച സുല്‍ത്താന്‍ അഹമ്മദ് ഷാ ഈ നഗരത്തിന് അഹമ്മദാബാദ് എന്ന നാമം നല്‍കുകയായിരുന്നു.

click me!