മുറിപ്പാടുകൾ കൂടുതൽ ദൃശ്യമായി വരുന്നു; നോട്ട് നിരോധനത്തിന്റെ രണ്ടാം വാർഷികത്തിൽ വിമർശനവുമായി മന്‍മോഹന്‍ സിങ്

By Web TeamFirst Published Nov 8, 2018, 2:09 PM IST
Highlights

രാജ്യത്തെ  സാമ്പത്തിക നയങ്ങളിൽ  ദൃഢതയും സുതാര്യതയും പുനഃസ്ഥാപിക്കാനാണ് ഞാൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നത്. സാമ്പത്തികമായുണ്ടാകുന്ന പ്രശ്നങ്ങൾ ഒാരോ കാലഘട്ടങ്ങളിലും രാജ്യത്തെ എങ്ങനെയാണ് ബാധിക്കുന്നതെന്നും സാമ്പത്തിക നയങ്ങള്‍ വളരെ കരുതലോടെ  മാത്രമെ എടുക്കാവു എന്നും ഓര്‍ക്കേണ്ട ദിവസമാണിന്ന്. 

ദില്ലി: രാജ്യത്ത് 500,1000രൂപ നോട്ടുകൾ നിരോധിച്ചതിന്റെ രണ്ടാം വാർഷികത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച്  മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. നോട്ട് നിരോധനം മുലമുണ്ടായ പ്രത്യാഘാതങ്ങൾ ഇപ്പോഴും പുറത്തു വന്നുകൊണ്ടിരിക്കുകയാണെന്നും  കാലങ്ങൾ കഴിയുന്തോറും 2016ലെ മുറിപ്പാടുകൾ കൂടുതൽ ദൃശ്യമായി വരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

"രാജ്യത്തെ  സാമ്പത്തിക നയങ്ങളിൽ  ദൃഢതയും സുതാര്യതയും പുനഃസ്ഥാപിക്കാനാണ് ഞാൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നത്. സാമ്പത്തികമായുണ്ടാകുന്ന പ്രശ്നങ്ങൾ ഒാരോ കാലഘട്ടങ്ങളിലും രാജ്യത്തെ എങ്ങനെയാണ് ബാധിക്കുന്നതെന്നും സാമ്പത്തിക നയങ്ങള്‍ വളരെ കരുതലോടെ  മാത്രമെ എടുക്കാവു എന്നും ഓര്‍ക്കേണ്ട ദിവസമാണിന്ന്. 

നോട്ട് നിരോധനം എത്രമാത്രം മോശമായ രീതിയിലാണ് ഇന്ത്യയെ പിടിച്ചുകുലുക്കിയതെന്ന് ഇനിയും നമ്മൾ കാണാനിരിക്കുന്നതേ ഉള്ളു- മന്‍മോഹന്‍ സിങ് പറഞ്ഞു. നോട്ട് നിരോധനം യുവാക്കളുടെ തൊഴിലിനെയും ചെറുകിട വൻകിട വ്യവസായങ്ങളെയും വൻതോതിൽ തന്നെ ബാധിച്ചുവെന്നും അദ്ദേഹം കൂട്ടി ചേർത്തു.

അതേസമയം നോട്ട് നിരോധനത്തിന്റെ രണ്ടാം വാർഷികമായ ഇന്ന്  രാജ്യത്തൊട്ടാകെ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനങ്ങൾ നത്തുന്നുണ്ട്. രാജ്യത്തെ സമ്പത്ത് വ്യവസ്ഥയെ തകിടം മറിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാത്രി രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 2016 നവംബർ എട്ടിനാണ് പ്രചാരത്തിലിരുന്ന 500 ന്റെയും 1000 ന്റെയും നോട്ടുകൾ  പിൻവലിച്ചു കൊണ്ട് മോദി പ്രഖ്യാപനം നടത്തിയത്.
 

click me!