സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ശസ്‌ത്രക്രിയകള്‍ മുടങ്ങും

By Web DeskFirst Published Feb 22, 2018, 2:19 PM IST
Highlights

തിരുവനന്തപുരം: സ‍ര്‍ക്കാര്‍ ആശുപത്രികളിലെ ഹൃദയ ശസ്‌ത്രക്രിയകള്‍ മുടങ്ങും. 60 കോടി രൂപയിലേറെ കുടിശിക വന്നതോടെ സ്റ്റെന്റുകളുടെയും പേസ്‍മേക്കറുകളുടെയും വിതരണം മാര്‍ച്ച് ഒന്നാം തിയതി മുതല്‍ നിര്‍ത്തിവെയ്‌ക്കാന്‍ വിതരണക്കാ‍ര്‍ തീരുമാനിച്ചു. അതേസമയം കുടിശിക തീര്‍ക്കാനുള്ള നടപടികള്‍ തുടങ്ങിയെന്ന് ആരോഗ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രികള്‍, എറണാകുളം, പാലക്കാട് ജില്ലാ ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് ഹൃദയ ശസ്‌ത്രക്രിയകള്‍ മുടങ്ങുക. കോഴിക്കോട് മെഡിക്കല്‍ കോളജ് പണം നല്‍കിയതിനാല്‍ അവരെ ഒഴിവാക്കി. കുടിശിക നല്‍കണമെന്നാശ്യപ്പെട്ട് ഡിസംബറില്‍ വിതരണം നിര്‍ത്തിവച്ചിരുന്നു. ശസ്‌ത്രക്രിയകള്‍ മുടങ്ങിയതോടെ ആരോഗ്യ വകുപ്പ് സെക്രട്ടറി ച‍ര്‍ച്ച നടത്തി. കുടിശിക ഉടന്‍ നല്‍കുമെന്ന ഉറപ്പിന്മേല്‍ വിതരണം പുനരാരംഭിച്ചുവെങ്കിലും പിന്നീട്  ഇതുവരെ നടപടി ഉണ്ടായില്ലെന്നാണ് പരാതി.

അതേസമയം ആര്‍.എസ്.ബി.വൈ പദ്ധതി പ്രകാരം ഇന്‍ഷുറന്‍സ് കമ്പനി നല്‍കേണ്ട തുക ലഭിക്കാന്‍ വൈകുന്നതാണ് കുടിശിക കൂടാന്‍ കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. നടപടികള്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

 

click me!