കനത്ത മഴ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

By Web TeamFirst Published Aug 15, 2018, 1:48 PM IST
Highlights

കനത്ത മഴയും പ്രളയവും തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച (ആഗസ്റ്റ് 16) ജില്ലാ കളക്ടർ യു.വി. ജോസ് അവധി പ്രഖ്യാപിച്ചു.

കോഴിക്കോട്: കനത്ത മഴയും പ്രളയവും തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച (ആഗസ്റ്റ് 16) ജില്ലാ കളക്ടർ യു.വി. ജോസ് അവധി പ്രഖ്യാപിച്ചു. കൂടാതെ ഐ.ടി.ഐകളിൽ നടന്നുവരുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് മാറ്റി വച്ചിട്ടുണ്ട്. ആഗസ്റ്റ് 16, 17, 18 തീയതികളിൽ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്.

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന കോഴിക്കോട് ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. കക്കയം ഡാമില്‍ നിന്നുള്ള വെള്ളം തുറന്ന് വിട്ടത് കാരണം പല പ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. കോഴിക്കോട് ജില്ലയില്‍ 5000ത്തോളം പേരെ  പുതിയ ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറ്റി. കോഴിക്കോട് കണ്ണപ്പൻകുണ്ടിൽ ഉരുൾപൊട്ടലിനെ തുടർന്ന് മരങ്ങളും കല്ലും മൂടിയ പാലത്തിൽ നിന്ന് സൈന്യം മരങ്ങളും കല്ലും നീക്കം ചെയ്തു. 

ഇന്നലെ രാത്രിയും കണ്ണപ്പൻകുണ്ട വനമേഖലയിൽ ഉരുൾപൊട്ടിയിരുന്നു. മഴയെ തുടര്‍ന്ന് കോഴിക്കോട് നഗരത്തിലും വെള്ളക്കെട്ടുണ്ടായി. കോഴിക്കോട് വയനാട് പാതയില്‍ വെള്ളം കയറി പലയിടത്തും ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. കോഴിക്കോട് കൊമ്മേരി, പട്ടേൽത്താഴം, കുറ്റിയിൽ താഴെ എന്നിവിടങ്ങളിൽ വീടുകളിൽ വെള്ളം കയറി.  ചില കുടുംബങ്ങളെ ആഴ്ചവട്ടം സ്കൂളിലെ തുറന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്. കല്ലുത്താൻകടവ് കോളനിയിലും വെള്ളക്കെട്ടാണ്. ഇതേതുടര്‍ന്ന് 26 കുടുംബങ്ങളെയാണ് മാറ്റിപാർപ്പിച്ചത്. 

click me!