
പമ്പ: ശബരിമലയില്‍ ഭക്തജനത്തിരക്ക് കൂടിയ സാഹചര്യത്തില്‍ പമ്പയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഗണപതി ക്ഷേത്രത്തിന് സമീപം ബാരിക്കേഡുകള്‍ വച്ച് ഭക്തരെ നിയന്ത്രിക്കുകയാണ്. അതേ സമയം തിരക്ക് കാരണം മണിക്കൂറുകളാണ് എരുമേലി നിലയ്ക്കല്‍ റൂട്ടില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ കുടുങ്ങി കിടക്കുന്നത്. മണ്ഡല പൂജ അവസാനിക്കാന്‍ രണ്ട് ദിവസം മാത്രമാണ് ഉള്ളതെന്നതും സ്കൂള്‍ അവധിയായതും തിരക്ക് കൂടാന്‍ കാരണമായിട്ടുണ്ട്. അഞ്ച് മണിക്കൂറിലേറെയാണ് ഭക്തര്‍ കുടുങ്ങി കിടക്കുന്നത്.
17 പാർക്കിങ് ഗ്രൗണ്ടുകളാണ് നിലയ്ക്കലിൽ ഇപ്പോൾ ഉള്ളത്. ഇവിടെല്ലാമായി 15000 വാഹനങ്ങൾ പാർക്ക് ചെയ്യാമെന്നാണ് കണക്ക്. എന്നാൽ നിലവിൽ 8000 വാഹനങ്ങൾ മാത്രമേ പാർക്ക് ചെയ്യാൻ കഴിയുകയുള്ളൂ. പകൽ നിലയ്ക്കലിൽ വാഹനം പാർക്ക് ചെയ്ത് സന്നിധാനത്തേക്ക് പോകുന്ന തീർത്ഥാടകാർ തിരിച്ചെത്താൻ വൈകുന്നതും പാർക്കിങ്ങിലെ അപര്യാപ്തതയുമാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നത്.
അടുത്ത രണ്ടു ദിവസങ്ങളിൽ തിരക്ക് വർധിക്കാൻ ഇടയുള്ളതിനാൽ പാർക്കിങിന് കൂടുതൽ സൗകര്യമൊരുക്കാൻ, നിലയ്ക്കലിൽ സന്ദർശനം നടത്തിയ ഹൈക്കോടതി നിരീക്ഷണ സമിതി പൊലീസിനോട് നിർദേശം നൽകി. അടുത്ത സീസൺ വരെ ഇതിനായി കാത്തിരിക്കരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനാവശ്യമായ നടപടികൾ ആരംഭിച്ചിട്ടുണ്ട്. അടുത്ത് വരാനിരിക്കുന്ന മകര വിളക്ക് സീസണിൽ തിരക്ക് കൂടുതൽ വർദ്ധിക്കാനാണ് സാധ്യത. അതിനു മുൻപ് കൂടുതൽ പാർക്കിങ് സംവിധാനം ഒരുക്കിയില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ പ്രതിസന്ധിയിലാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam