ലോകത്തിലെ ഏറ്റവും പഴക്കമുള്ള പൈതൃക തീവണ്ടി എറണാകുളത്ത് നിന്ന് ഓടിത്തുടങ്ങുന്നു

By Web TeamFirst Published Feb 16, 2019, 12:46 PM IST
Highlights

ആവി എൻജിനിൽ ഓടിയിരുന്ന ഇഐആർ 21 എന്ന കൽക്കരി തീവണ്ടിയാണ് എറണാകുളം സൗത്തിൽ നിന്ന് ഹാർബർ ടെർമിനസിലേക്ക് ശനിയും ഞായറും സർവ്വീസ് നടത്താൻ ഒരുങ്ങുന്നത്. 

കൊച്ചി: ലോകത്തെ ഏറ്റവും പഴക്കമുള്ള കൽക്കരി തീവണ്ടി എറണാകുളത്ത് നിന്ന് യാത്രയ്ക്കൊരുങ്ങുന്നു. ആവി എൻജിനുകളിൽ യാത്ര ചെയ്തിട്ടില്ലാത്തവർക്ക് പുതിയൊരു അനുഭവം ആയിരിക്കും ഈ കൽക്കരി തീവണ്ടി. ആവി എൻജിനിൽ ഓടിയിരുന്ന ഇഐആർ 21 എന്ന കൽക്കരി തീവണ്ടിയാണ് എറണാകുളം സൗത്തിൽ നിന്ന് ഹാർബർ ടെർമിനസിലേക്ക് ശനിയും ഞായറും സർവ്വീസ് നടത്താൻ ഒരുങ്ങുന്നത്. 163 വർഷം പഴക്കമുള്ള എൻജിൻ 55 വർഷം സർവ്വീസ് നടത്തിയതിന് ശേഷം ഒരു നൂറ്റാണ്ടിലധികം മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. പുനർ നിർമ്മാണത്തിന് ശേഷമാണ് തീവണ്ടി ദക്ഷിണ റെയിൽവേ ഏറ്റെടുക്കുന്നത്. 

ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 11 മണിക്കായിരിക്കും യാത്ര ആരംഭിക്കുന്നത്. ഒരേ സമയം നാൽപത് പേർക്ക് യാത്ര ചെയ്യാൻ സാധിക്കും.  വിദേശ സഞ്ചാരികൾക്ക് 1000 രൂപയും ഇന്ത്യക്കാർക്ക് 500 രൂപയും 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 300 രൂപയും അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യയാത്രയുമാണ് നിരക്ക്. വെളളിയാഴ്ചത്തെ അവസാന ട്രയൽ റണ്ണിന് ശേഷമാണ് തീവണ്ടി യാത്ര ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള തീവണ്ടി എന്നൊക്കെ വിശേഷിപ്പിച്ചാലും പ്രായത്തിന്റെ യാതൊരു അവശതകളും ഈ കൽക്കരി തീവണ്ടിക്കില്ല എന്ന് റെയിൽവേ അധികൃതർ പറയുന്നു. 

click me!