പൊതുജനാരോഗ്യ മേഖലയിൽ തുടർച്ചയായുണ്ടാകുന്ന വീഴ്ചകൾ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നു. സർക്കാരിനെതിരെ പ്രചാരണം നടത്തുമ്പോൾ, തെരഞ്ഞെടുപ്പ് കാലത്ത് പ്രത്യേക ശ്രദ്ധ വേണമെന്നാവശ്യപ്പെട്ട് ആലപ്പുഴ ഡിഎംഒ സർക്കുലർ ഇറക്കി.
ആലപ്പുഴ: ആരോഗ്യമേഖലയിലെ തുടർച്ചയായ വീഴ്ചകൾ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാറിനെ കടുത്ത വെട്ടിലാക്കുന്നു. യുഡിഎഫിൻ്റെ ഇരുണ്ടകാലത്തേക്ക് മടങ്ങിപ്പോകണോ എന്ന സിപിഎമ്മിൻ്റെ പ്രചാരണത്തെ കോൺഗ്രസ് നേരിടുന്നതും ആരോഗ്യരംഗത്തെ പ്രതിസന്ധി ഉയർത്തി. ഇതിനിടെ തെരഞ്ഞെടുപ്പ് കാലമായതിനാൽ പ്രത്യേക ശ്രദ്ധ വേണെന്നാവശ്യപ്പെട്ട് ആലപ്പുഴ ഡിഎംഒ ആരോഗ്യസ്ഥാപനമേധാവികൾക്ക് അയച്ച സർക്കുലർ പുറത്തുവന്നു.
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് മരിച്ച സ്ത്രീ മുതൽ പൊതുജനാരോഗ്യ മേഖലയിൽ നിന്ന് ഹർഷിനക്കുണ്ടായ ദുരനുഭവം വരെ നീളുകയാണ് ആരോഗ്യമേഖലയിലെ വീഴ്ചകള്‍. പാലക്കാട്ട് കൈ മുറിച്ച് മാറ്റേണ്ടി വന്ന ഒമ്പത് വയസ്സുള്ള കുട്ടിയും എസ്എടി ആശുപത്രിയിലെ അണുബാധയും, സിസേറിയനിടെ വയറ്റിൽ തുണിവച്ച് തുന്നിക്കെട്ടി വിട്ട മാനന്തവാടിയിലെ യുവതിയും വരെ വീഴ്ചകളുടെ ഘോഷയാത്രയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മതിയായ ചികിത്സ കിട്ടാതെ മരിച്ച വേണു, ചികിത്സാ ഉപകരണങ്ങൾപോലും ആവശ്യത്തിനില്ലെന്ന് തുറന്ന് പറയേണ്ടി വന്ന ഡോ ഹാരിസിന്‍റെ അവസ്ഥയും അതുണ്ടാക്കിയ വിവാദവും വേറെ. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ വരെ മികച്ച ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയതിന്‍റെ പേരിൽ ആരോഗ്യ കേരളത്തെ മുഖ്യമന്ത്രി അടക്കം വാഴ്ത്തുമ്പോഴാണ് സിസ്റ്റം തകർച്ചാ സീരീസിലെ ഒടുവിലത്തെ സംഭവമായി വണ്ടാനം മാറുന്നത്.
യുഡിഎഫ് കാലത്ത് വിവിധ വകുപ്പുകളിൽ നടന്ന അഴിമതികൾ തുറന്ന് കാണിക്കാൻ ഇരുണ്ട കേരളം എന്ന പേരിൽ ഒരു വെബ്സൈറ്റ് കഴിഞ്ഞ ദിവസവാണ് സിപിഎം തുടങ്ങിയത്. ആരോഗ്യ മേഖലയിലെ തുടർച്ചയായ വീഴ്ചകൾ നിരത്തിയാണ് കോൺഗ്രസിൻ്റെ തിരിച്ചടി. ഇതിലും വലിയ ഇരുണ്ടകാലമേതെന്ന് ചോദ്യം. ഇതിനിടെയാണ് തെരഞ്ഞെടുപ്പ് കാലത്ത് കൂടുതൽ ശ്രദ്ധവേണമെന്നാവശ്യപ്പെട്ട് ആലപ്പുഴ ഡിഎംഒ സ്ഥാപന മേധാവികൾക്ക് അയച്ച സർക്കുലർ പുറത്തുവന്നത്. സമാന സർക്കുലർ മറ്റിടങ്ങളിലും അയക്കാനാണ് നീക്കം.

