
ചെന്നൈ: പെൺകുട്ടികൾ താമസിക്കുന്ന വാടക വീട്ടിൽ നിന്ന് ഒളിക്യാമറ കണ്ടെത്തിയ സംഭവത്തിൽ ഉടമസ്ഥൻ അറസ്റ്റിൽ. വീട്ടുടമസ്ഥനായ സമ്പത്ത് രാജിനെ (48)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ നടത്തിയ തെരച്ചിലിനൊടുവിൽ കുളിമുറിയിലടക്കം സ്ഥാപിച്ചിരുന്ന ഒളിക്യാമറകൾ പൊലീസ് കണ്ടെത്തുകയായിരുന്നു. പെൺകുട്ടികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
സമ്പത്ത് രാജിന്റെ തില്ലയ് ഗംഗാ നഗറിലെ വീട്ടിലെ മൂന്ന് മുറികളാണ് ഇയാൾ വാടകക്ക് നൽകിയിരുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കുളിമുറിയിലെ സ്വിച്ച് ബോർഡിൽ ഹെയർ ഡ്രൈയർ പ്ലഗ് ചെയ്യാൻ സാധിക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് ക്യാമറ കണ്ടെത്തിയത്. ശേഷം ഒളിക്യാമറ കണ്ടെത്തുന്ന ആപ്പ് ഉപയോഗിച്ച് പല സ്ഥലങ്ങളിലായി സ്ഥാപിച്ച ക്യാമറകള്‍ അന്തേവാസികൾ കണ്ടെടുത്തു. തുടർന്ന് ഇവർ സമ്പത്തിനെ സംശയമുണ്ടെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകി. സമ്പത്ത് ഇടയ്ക്ക് വീട് പരിശോധിക്കുന്നതിനായി വരാറുണ്ടെന്ന് പെൺകുട്ടികൾ പൊലീസിനോട് പറഞ്ഞു.
തനിക്ക് ദൃശ്യങ്ങള്‍ വ്യക്തമായി കാണുന്നതിന് വേണ്ടി ദിശ മാറ്റിവയ്ക്കാനായിരുന്നു ഇടക്ക് ഇവിടെ എത്തിയിരുന്നതെന്ന് സമ്പത്ത് പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. സമ്പത്തിന്റെ പക്കൽ നിന്ന് 16 മൊബൈല്‍ ഫോണുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ തുടങ്ങിയവ പൊലീസ് പിടിച്ചെടുത്തു.
കിടപ്പുമുറയില്‍നിന്നും വസ്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലത്തുനിന്നുമായി രണ്ട് ക്യാമറകൾ വീതവും കർട്ടന് പുറകിൽനിന്നും കുളിമുറിയിൽനിന്നും ഓരോ ക്യാമറ വീതവുമാണ് പൊലീസ് കണ്ടെടുത്തത്. വീട്ടിൽ പണികൾ ചെയ്യാനുണ്ടെന്ന വ്യാജേനയാണ് ഇയാൾ ക്യാമറകൾ സ്ഥാപിച്ചതെന്ന് പൊലീസ് പറഞ്ഞു. അതേസമയം, സമ്പത്ത് ഇതുവരെയും ഒന്നും തന്നെ റെക്കോർഡ് ചെയ്തിട്ടില്ലെന്ന് പൊലീസ് കൂട്ടിചേർത്തു. ഐടി ആക്ട് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam