
ന്യൂഡല്‍ഹി: ഭീകരാക്രമണങ്ങള്‍ക്കുള്ള സാധ്യതകള്‍ കണക്കിലെടുത്ത് രാജ്യത്തെ വിമാനത്താവളങ്ങള്‍ക്ക് അതീവ ജാഗ്രാതാ നിര്‍ദ്ദേശം നല്‍കി. പുതുവത്സര ആഘോഷങ്ങള്‍ നടക്കുന്ന സമയത്ത് ഭീകരാക്രമണ സാധ്യതുയണ്ടെന്ന് വിവിധ സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ബ്യൂറോയുടെ നടപടി. യാത്രക്കാരെയും ബാഗേജുകളും കര്‍ശന പരിശോധനയ്‌ക്ക് വിധേയമാക്കും.
ആഘോഷ സമയങ്ങള്‍ ഭീകരാക്രമണങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്ന പ്രവണത മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടുള്ളത് കൊണ്ടാണ് സുരക്ഷാ നിര്‍ദ്ദേശം നല്‍കുന്നതെന്ന് എല്ലാ സംസ്ഥാനങ്ങളിലെയും പൊലീസ് മേധാവികള്‍ക്ക് അയച്ച അതീവ ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നു. പാകിസ്ഥാനില്‍ നിന്നുള്ള തീവ്രവാദി സംഘങ്ങള്‍ രാജ്യത്ത് ആക്രമണത്തിന് തയ്യാറെടുക്കുന്നതായി വിവരമുണ്ട്. 2017ല്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ പല രാജ്യങ്ങളിലും സാധരണ ജനങ്ങളെയും പൊലീസ് ഉദ്ദ്യോഗസ്ഥരെയും ലക്ഷ്യം വെച്ചുള്ള ഭീകരാക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ചാവേര്‍ ആക്രമണങ്ങള്‍, വാഹനങ്ങളില്‍ സ്ഫോടക വസ്തുക്കള്‍ ഘടിപ്പിച്ചുള്ള സ്ഫോടനങ്ങള്‍, മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണം, ജനക്കൂട്ടത്തിലേക്ക് വാഹനങ്ങള്‍ ഇടിച്ചുകയറ്റിയുള്ള ആക്രമണം തുടങ്ങിയവയ്‌ക്കെല്ലാമുള്ള സാധ്യതകളാണ് മുന്നറിയിപ്പില്‍ നല്‍കിയിരിക്കുന്നത്.
വിമാനത്താവളങ്ങളിലെ ടെര്‍മിനലുകളിലേക്കും മറ്റെല്ലാ മേഖലകളിലേക്കുമുള്ള പ്രവേശനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും വാഹനങ്ങള്‍ കര്‍ക്കശമായ പരിശോധനകള്‍ക്ക് വിധേയമാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യാത്രക്കാരെയും സന്ദര്‍ശകരേയും ജീവനക്കാരെയും പരിശോധനകള്‍ക്ക് ശേഷമേ വിമാനത്താവളത്തിനുള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കൂ. ബാഗേജുകളും യാത്രക്കാര്‍ കൊണ്ടുപോകുന്ന മറ്റ് വസ്തുക്കളും കൂടുതല്‍ സൂക്ഷമമായി പരിശോധിക്കണമെന്നും ബി.സി.എ.എഫ് മേധാവി രാജേഷ് കുമാര്‍ ചന്ദ്ര അയച്ച കത്തില്‍ വ്യക്തമാക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam