കർണാടകയിൽ പതിനാലുകാരിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം കൂട്ടബലാത്സംഗത്തിനിരയാക്കി
ബെംഗളൂരു: കർണാടകയിൽ പതിനാലുകാരിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം കൂട്ടബലാത്സംഗത്തിനിരയാക്കി. ബെംഗളൂരുവിന് സമീപമുള്ള ദേവനാഹള്ളിയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ജൂലൈ 17-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്ഷേത്രദർശനത്തിനെന്ന വ്യാജേന രേണുക എന്ന സ്ത്രീ പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് നവീൻ, വെങ്കട്ടരമണ എന്നിവരും ഇവർക്കൊപ്പം ചേർന്നു. പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോകുകയും നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയുമായിരുന്നു.
പെൺകുട്ടി വീട്ടിലേക്ക് മടങ്ങാണമെന്ന് ആവശ്യപ്പെട്ടെങ്കിലും, മദ്യപിച്ച നിലയിൽ വീട്ടിലെത്തിയാൽ മാതാപിതാക്കൾ വഴക്കുപറയുമെന്ന് പറഞ്ഞ് പ്രതികൾ പെൺകുട്ടിയെ ഭയപ്പെടുത്തി നിർത്തി. തുടർന്ന് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെത്തിച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ പെൺകുട്ടിയെ വീടിന് സമീപം ഇറക്കിവിട്ട പ്രതികൾ, സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. രാത്രി മുഴുവൻ എവിടെയായിരുന്നെന്ന് അമ്മ ചോദിച്ചപ്പോഴാണ് പെൺകുട്ടി വിവരങ്ങൾ വെളിപ്പെടുത്തിയത്. കുട്ടിയുടെയും അമ്മയുടെയും പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് പ്രതികൾക്കെതിരെയും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


