
കൊച്ചി: നിലയ്ക്കലിലും പമ്പയിലും നടന്ന സംഘർഷത്തിന്‍റെ ദൃശ്യങ്ങൾ ഹാജരാക്കാൻ സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. സംഘർഷത്തിൽ അറസ്റ്റിലായ അഭിഭാഷകന്‍റെ ജാമ്യഹർജി പരിഗണിക്കവേയായിരുന്നു കോടതിയുടെ നിർദേശം. ആ സമയത്ത് സ്ഥലത്തുണ്ടായിരുന്ന എല്ലാ ദൃശ്യമാധ്യമങ്ങളുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും ദൃശ്യങ്ങൾ നൽകാൻ അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.
സംഘർഷ സമയത്ത് സ്ഥലത്തുണ്ടായിരുന്നവരുടെ പട്ടിക സർക്കാർ തയ്യാറാക്കിയത് സിപിഎം ഗ്രൂപ്പുകൾ വഴിയാണെന്നാണ് ഹർജിക്കാരൻ കോടതിയിൽ ആരോപിച്ചത്.
ശബരിമലയുമായി ബന്ധപ്പെട്ട് മൂന്ന് ഹർജികളാണ് ഇന്ന് ഹൈക്കോടതി പരിഗണിച്ചത്. ശബരിമലയിലെ പൊലീസ് നടപടിയിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹർജിയും, സംഘർഷത്തിൽ അറസ്റ്റിലായ രണ്ട് പേരുടെ ജാമ്യഹർജികളും കോടതിയുടെ പരിഗണനയ്ക്കെത്തി.
ശബരിമല സംഘർഷത്തിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെ, ളാഹ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൃദ്ധൻ പൊലീസ് നടപടിയിലാണ് മരിച്ചതെന്ന ആരോപണം ഹർജിക്കാരൻ ഉന്നയിച്ചു. കടുത്ത ഭാഷയിലാണ് കോടതി ഇതിന് മറുപടി നൽകിയത്. സംഘർഷം സൃഷ്ടിയ്ക്കാൻ കോടതിയെ ഉപകരണമാക്കരുതെന്ന് ഹൈക്കോടതി ഹർജിക്കാരന് മുന്നറിയിപ്പ് നൽകി. ശബരിമല സംഘർഷങ്ങളിൽ ഭാഗമാകാനില്ലെന്ന് വ്യക്തമാക്കിയ ഡിവിഷൻ ബെഞ്ച്, തങ്ങളെ അതിലേയ്ക്ക് വലിച്ചിഴയ്ക്കാൻ ശ്രമിയ്ക്കരുതെന്നും പറഞ്ഞു. ഈ ഹർജി ഇനി തിങ്കളാഴ്ച പരിഗണിക്കും.
അതേസമയം, ശബരിമല സംഘർഷത്തിൽ അറസ്റ്റിലായ തൃപ്പൂണിത്തുറ സ്വദേശി നൽകിയ ജാമ്യഹർജിയിൽ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ കേസിൽ പ്രതി ചേർക്കാവൂ എന്ന് കോടതി സർക്കാരിനോട് നിർദേശം നൽകി. കുറ്റകൃത്യത്തിൽ പങ്കാളിത്തമുണ്ടെങ്കിൽ മാത്രമേ അറസ്റ്റ് പാടുള്ളൂ എന്നും കോടതി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട വാർത്ത ഇവിടെ വായിക്കാം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam