ചെറുതോണിയിൽ നിർമാണത്തിന് താത്കാലിക നിരോധനം ഏ‌ർപ്പെടുത്തി ഹൈക്കോടതി

By Web TeamFirst Published Sep 29, 2018, 8:00 AM IST
Highlights

ചെറുതോണിയടക്കം ഇടുക്കി അണക്കെട്ടിന് താഴെയുള്ള പ്രദേശങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾ ഹൈക്കോടതി താത്കാലികമായി നിരോധിച്ചു. നിർമാണ നിരോധനമുള്ള മേഖലകളിൽ കെട്ടിടം പണിയുന്നുവെന്ന് കാണിച്ച് സമർമ്മിച്ച ഹർജിയിലാണ് നടപടി.

ഇടുക്കി: ചെറുതോണിയടക്കം ഇടുക്കി അണക്കെട്ടിന് താഴെയുള്ള പ്രദേശങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾ ഹൈക്കോടതി താത്കാലികമായി നിരോധിച്ചു. നിർമാണ നിരോധനമുള്ള മേഖലകളിൽ കെട്ടിടം പണിയുന്നുവെന്ന് കാണിച്ച് സമർമ്മിച്ച ഹർജിയിലാണ് നടപടി. നിർമാണ പ്രവ‍ർ‍ത്തനങ്ങൾക്ക് അനുമതി നൽകിയതിൽ മൂന്നാഴ്ചക്കകം വിശദീകരണം നൽകണമെന്ന് വാഴത്തോപ്പ് പഞ്ചായത്ത് സെക്രട്ടറിയ്ക്ക് കോടതി നിർദ്ദേശം നൽകി.

ചെറുതോണി പട്ടണം മുതൽ നേര്യമംഗലം വരെയുള്ള 234 ഹെക്ടർ പ്രദേശം നിർമാണ നിരോധിത മേഖലയായി സർക്കാർ നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. എന്നാൽ നിരോധനം ലംഘിച്ച് ചെറുതോണിയിൽ മാത്രം നിർമിച്ചിരിക്കുന്നത് 62 കെട്ടിടങ്ങൾ. ഇടുക്കി ഡാം തുറന്നതിനെ തുടർന്നുണ്ടായ പ്രളയത്തിൽ ഈ കെട്ടിടങ്ങളിൽ പലതും തകർന്നു. പ്രളയം ഒഴിഞ്ഞതോടെ തകർ‍ന്ന കെട്ടിടങ്ങൾ പുനർ‍നിർമിക്കുകയാണ്. നിരോധനം നിലവിലിരിക്കെ ഈ നിർമാണ പ്രവർത്തനങ്ങൾക്ക് ഏത് മാനദണ്ഡം അനുസരിച്ചാണ് ഇടുക്കി വാഴത്തോപ്പ് പഞ്ചായത്ത് അനുമതി നൽകിയതെന്ന് കോടതി ചോദിച്ചു. വിഷയം പഠിക്കാൻ അമിക്കസ്ക്യൂരിയെ ഹൈക്കോടതി നിയമിച്ചു.

പ്രദേശത്ത് അനുമതിയില്ലാതെ വ്യാപകമായി കെട്ടിടങ്ങൾ നിർമിക്കുന്നുവെന്ന് കാണിച്ച് ജനശക്തിയാണ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയത്. ഒക്ടോബർ 10ന് കേസ് വീണ്ടും പരിഗണിക്കുന്പോൾ പ്രദേശത്തെ നിർമാണ പ്രവർത്തനങ്ങളുടെ വിശദമായ റിപ്പോർട്ടും കെട്ടിട നിർമാണത്തിന് അപേക്ഷ നൽകിയവരുടെ വിവരങ്ങളും വാഴത്തോപ്പ് പഞ്ചായത്ത് സെക്രട്ടറി കോടതിയിൽ ഹാജരാക്കണം.

click me!