കമ്മീഷണര്‍ പറഞ്ഞത് കള്ളം; ചോരയില്‍ കുളിച്ചുകിടന്ന മുരുകനെ ആശുപത്രിയിലെത്തിച്ചത് പൊലീസ് അല്ല

By Web DeskFirst Published Aug 10, 2017, 6:33 PM IST
Highlights

കൊല്ലത്ത് അപകടത്തില്‍പ്പെട്ട് റോഡില്‍ കിടന്ന തമിഴ്നാട് സ്വദേശി മുരുകനെ ഹൈവേ പൊലീസ് തിരിഞ്ഞുനോക്കിയില്ലെന്ന് ആക്ഷേപം. മുരുകനെ ആശുപത്രിയിലെത്തിച്ചത് ഹൈവേ പൊലീസ് ആണെന്ന കൊല്ലം സിറ്റി പൊലീസ് കമ്മീഷണറുടെ വാദം തെറ്റാണെന്ന് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച ചാത്തന്നൂര്‍ സ്വദേശി തുഷാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയില്‍ കൊണ്ടുപോയതും ഇവിടങ്ങളിലേക്ക് യഥാസമയം വിവരം എത്തിച്ചതും പൊലീസാണെന്നായിരുന്നു കഴിഞ്ഞ ദിവസം കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ അജിതാ ബീഗം മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ അവകാശപ്പെട്ടിരുന്നത്. ഹൈവ പൊലീസിന്റെ സേവനം ഇക്കാര്യത്തില്‍ എടുത്തു പറയണ്ടേതാണ്. എന്നാല്‍ ആറാം തീയതി രാത്രി 9.45ന് ബൈക്കപകടത്തില്‍പെട്ട മുരുകനെ സ്വന്തം കാറില്‍ കൊട്ടിയും കിംസ് ആശുപത്രിയിലെത്തിച്ച തുഷാറെന്ന ചെറുപ്പക്കാരന് പറയാനുള്ളത് മറ്റൊന്നാണ്.

ബൈക്കപടം സംഭവച്ചിപ്പോള്‍ തന്നെ ദേശീയ പാത ഗതാഗതക്കുരുക്കിലായി. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ ആ വഴി വന്ന പലരും വിമുഖത കാണിച്ചു. ഇതിനിടയില്‍ മറുവശത്തുകൂടി കാര്‍ അപകട സ്ഥലത്ത് എത്തിച്ചാണ് റോഡില്‍ കിടന്ന മുരുകനെ താന്‍ കാറിലേക്ക് കയറ്റിയത്. ഇവരെ ആശുപത്രിയില്‍ എത്തിച്ചതില്‍ ഹൈവേ പൊലീസിന് ഒരു പങ്കുമില്ലെന്നും തുഷാര്‍ പറയുന്നു. മുരുകന് കാഴ്ചയില്‍ തന്നെ നല്ല പരിക്കുണ്ടായിരുന്നു. ബോധമില്ലാതെയാണ് ആശുപത്രിയിലേക്ക് കൊണ്ടു വന്നത്. 

24 മണിക്കൂറും സേവനം നല്‍കേണ്ട, വിളിച്ചാല്‍ ഏത് സമയവും ഓടിയെത്തേണ്ട ഹൈവ പൊലീസ് ഈ അപകട ദിവസം സ്ഥലത്ത് എത്തിയത് രണ്ട് മണിക്കൂറിന് ശേഷമാണ്. അപകടത്തില്‍പ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിച്ച ശേഷം എത് ആശുപത്രിയിലാണ് ഇവരെ കൊണ്ട് പോയതെന്ന് പോലും അന്വേഷിക്കാതെ ഇവര്‍ മടങ്ങുകയും ചെയ്തു.

click me!