പാകിസ്ഥാനിലേക്ക് പോകാൻ‌ നസറുദ്ദീൻ ഷായ്ക്ക് 50,000 രൂപയുടെ ചെക്ക് നൽകി ഹിന്ദു യുവ വാഹിനി

By Web TeamFirst Published Dec 23, 2018, 6:43 PM IST
Highlights

‘പത്മശ്രീയും പദ്മഭൂഷണും നല്‍കി ആദരിക്കപ്പെട്ട രാജ്യത്ത് അദ്ദേഹത്തിന് അരക്ഷിതാവസ്ഥ തോന്നുന്നുണ്ടെങ്കില്‍ അത് നിര്‍ഭാഗ്യകരമാണ്. അത് കൊണ്ട് ഈ പണം ഉപയോഗിച്ച് ഷാ പാകിസ്ഥാനിലേക്ക് പോകട്ടെ. അദ്ദേഹത്തിന് സ്പീഡ് പോസ്റ്റ് വഴിയാണ് പണമയച്ചിരിക്കുന്നതെന്നും’ആദിത്യ പണ്ഡിറ്റ് പറഞ്ഞു.  

ആഗ്ര: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു യുവ വാഹിനി (എച്ച് വൈ വി) നസറുദ്ദീൻ ഷായ്ക്ക് 50,000 രൂപയുടെ ചെക്ക് അയച്ചു. പാകിസ്ഥാനിലേക്ക് പോകുന്നതിനായാണ് ചെക്ക് അയച്ചതെന്ന് യുവ വാഹിനിയുടെ അലിഘഡ് യൂണിറ്റ് പ്രസിഡന്റ് ആദിത്യ പണ്ഡിറ്റ് പറഞ്ഞു. ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹറിൽ ഗോവധം ആരോപിച്ച് നടന്ന ആൾക്കൂട്ട ആക്രമണത്തിൽ പൊലീസ്‌ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവത്തെ കുറിച്ച് നസറുദ്ദീൻ ഷാ നടത്തിയ ‌വിവാദ പരാമർശത്തിന് പിന്നാലെയാണ് യുവ വാഹിനി ചെക്ക് അയച്ച് പ്രതിഷേധിച്ചത്.  
  
‘പത്മശ്രീയും പദ്മഭൂഷണും നല്‍കി ആദരിക്കപ്പെട്ട രാജ്യത്ത് അദ്ദേഹത്തിന് അരക്ഷിതാവസ്ഥ തോന്നുന്നുണ്ടെങ്കില്‍ അത് നിര്‍ഭാഗ്യകരമാണ്. അത് കൊണ്ട് ഈ പണം ഉപയോഗിച്ച് ഷാ പാകിസ്ഥാനിലേക്ക് പോകട്ടെ. അദ്ദേഹത്തിന് സ്പീഡ് പോസ്റ്റ് വഴിയാണ് പണമയച്ചിരിക്കുന്നതെന്നും’ആദിത്യ പണ്ഡിറ്റ് പറഞ്ഞു. കശ്മീരില്‍ നിരവധി ഹിന്ദുക്കള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അന്നൊന്നും ഷാ പ്രതികരിച്ചിരുന്നില്ലെന്നും ആദിത്യ പണ്ഡിറ്റ് കൂട്ടിച്ചേർത്തു.  
 ‌
ഒരു പൊലീസ്‌ ഉദ്യോഗസ്ഥന്‍റെ ജീവനേക്കാൾ പശുവിന്റെ ജീവന്‌ വിലകൽപ്പിക്കുന്ന സാഹചര്യമാണ്‌ രാജ്യത്തുള്ളതെന്നായിരുന്നു ബുലന്ദ്‌ഷഹർ ആൾക്കൂട്ട ആക്രമണത്തിൽ ഷാ പ്രതികരിച്ചത്. ഈ സാഹചര്യം ഉടൻ മാറുമെന്ന പ്രതീക്ഷയില്ലെന്നും ഇത്തരം സാഹചര്യത്തിൽ ജീവിക്കേണ്ടി വരുന്ന തന്റെ കുട്ടികളെക്കുറിച്ചോർത്ത് ഉത്‌കണ്ഠയുണ്ടെന്നും ഷാ പറഞ്ഞു. നിയമം കൈയിലെടുക്കുന്നവർ സമ്പൂർണ സുരക്ഷിതരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സംഭവത്തെ തുടർന്ന് നിരവധി വിമർശനങ്ങളാണ് ഷായ്ക്കെതിരെ ഉയർന്നത്. ഇന്ത‌്യയിൽ ജീവിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ രാജ്യം വിട്ട് പോകാൻ വെള്ളിയാഴ്ച ഉത്തർ‌പ്രദേശ് നവനിര്‍മാണ്‍ സേന പ്രസിഡന്റ് അമിത് ജാനി ഷായോട് ആവശ്യപ്പെട്ടിരുന്നു. പാകിസ്ഥാനിലേക്ക് പോകുന്നതിനായി നസറുദ്ദീൻ ഷായ്ക്ക് ടിക്കറ്റും അമിത് ജാനി ബുക്ക് ചെയ്തിരുന്നു. പാകിസ്ഥാന്റെ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 14 ന് കറാച്ചിയിലേക്ക് പോകാനുള്ള ടിക്കറ്റാണ് ഷായ്ക്ക് നവനിര്‍മാണ്‍ സേന ബുക്ക് ചെയ്തിരുന്നത്. 14961 രൂപയുടെ ടിക്കറ്റാണ് ഷായ്ക്കായി ബുക്ക് ചെയ്തത്.

അതേസമയം രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങളില്‍ ആശങ്കയുള്ള ഒരു പൗരന്‍ എന്ന നിലയില്‍ മാത്രമായിരുന്നു തന്റെ പ്രതികരണമെന്നായിരുന്നു പരാമര്‍ശത്തെ കുറിച്ച്‌ കഴിഞ്ഞ ദിവസം ഷാ പറഞ്ഞത്. “ആശങ്കയുള്ള ഇന്ത്യനെന്ന നിലയിലാണ് താനത് പറഞ്ഞത്. താനിത് മുമ്പും പറഞ്ഞിട്ടുണ്ട്. വഞ്ചകനാണെന്ന് പറയാന്‍ മാത്രം ഞാനെന്താണ് പറഞ്ഞത്? വിചിത്രമായിരിക്കുന്നു ഇത്” എന്നായിരുന്നു ഷായുടെ പ്രതികരണം.

click me!