ഹനുമാന്റെ ജാതി പറയരുത്, അദ്ദേഹം ഒരു കായികതാരമായിരുന്നുവെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം

By Web TeamFirst Published Dec 23, 2018, 2:50 PM IST
Highlights

നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ മാൽപുര മണ്ഡലത്തിൽ വെച്ച് ഹനുമാൻ ദളിതനാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹനുമാന്റെ ജാതിയെ പറ്റിയുള്ള ചർച്ചകൾ ആരംഭിക്കുന്നത്.

ലഖ്നൗ: ഭഗവാൻ ഹനുമാന്റെ ജാതിയെന്താണെന്നുള്ള ചർച്ചകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്ന സാഹചര്യത്തിൽ പുതിയ പ്രസ്താവനയുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ചേതന്‍ ചൗഹാന്‍. ഹനുമാൻ മുൻ കായിക താരമായിരുന്നുവെന്നും അദ്ദേഹത്തിന്റെ ജാതിയെ പറ്റി ചർച്ച ചെയ്യരുതെന്നും ചേതന്‍ പറഞ്ഞു. ഉത്തർപ്രദേശിലെ അംരോഹയിൽ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

'ഞാൻ വിശ്വസിക്കുന്നത് ശത്രുക്കളുമായി മല്ലയുദ്ധം ചെയ്യുന്ന കായികതാരമാണ് ഹനുമാൻ എന്നാണ്. ഇന്ത്യയിലെ കായിക താരങ്ങളെല്ലാം ഹനുമാനെ ആരാധിക്കുന്നുണ്ട്. അത് അദ്ദേഹത്തിന്റെ ജാതി നോക്കിട്ടല്ല. ഹനുമാൻ ജി ഒരു മഹാത്മാവാണ് അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ജാതിയില്ല. ഞാൻ ഹനുമാനെ ദൈവമായാണ് കണുന്നത്. അദ്ദേഹത്തെ ഏതെങ്കിലും ജാതിയുമായി ബന്ധപ്പെടുത്തേണ്ടതില്ല'-ചേതന്‍ ചൗഹാന്‍ പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ മാൽപുര മണ്ഡലത്തിൽ വെച്ച് ഹനുമാൻ ദളിതനാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹനുമാന്റെ ജാതിയെ പറ്റിയുള്ള ചർച്ചകൾ ആരംഭിക്കുന്നത്. ശേഷം ഹനുമാന്‍ മുസ്‌ലിമാണെന്ന വാദവുമായി ബി ജെ പി നേതാവ് ബുക്കാല്‍ നവാബും ഹനുമാന്‍ ശരിക്കും ജാട്ട് വിഭാഗക്കാരനായിരുന്നു എന്ന വാദവുമായി ഉത്തര്‍പ്രദേശ് മന്ത്രി ചൗധരി ലക്ഷ്മി നാരായണും രംഗത്തെത്തിയിരുന്നു. 

click me!