
ലക്നൗ: വ്യാജമദ്യം കഴിച്ച് ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലുമായി 38 മരണം. ഉത്തർപ്രദേശിലെ സഹാരന്‍പൂരില്‍ പതിനാറും ഖുഷിനഗറില്‍ പത്തും പേരാണ് മരിച്ചത്. ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്തവരാണ് വിഷമദ്യം കഴിച്ചതെന്നാണ് അനുമാനം. നിരവധിപ്പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.
ഖുഷിനഗറിൽ മൗനി അമാവാസി മേള എന്ന ഉത്സവപരിപാടിയിൽ പങ്കെടുക്കാനെത്തി വിഷമദ്യം കഴിച്ചവരാണ് മരിച്ചത്. ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ വീട്ടിലുണ്ടാക്കിയ വിഷമദ്യം കഴിച്ച് 12 പേർ മരിച്ചു. എട്ട് പേർ ഗുരുതരനിലയിൽ ആശുപത്രിയിലാണ്.
ഉത്തർപ്രദേശിന്‍റെയും ഉത്തരാഖണ്ഡിന്‍റെയും അതിർത്തി ജില്ലകളിലാണ് ദുരന്തമുണ്ടായത്. ആദ്യം സഹാരൺപൂരിലാണ് അവശനിലയിൽ ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ മരണസംഖ്യ അഞ്ചായി ഉയർന്നതിന് പിന്നാലെ സമീപസ്ഥലങ്ങളിൽ നിരവധിപ്പേരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു തുടങ്ങി. ഇവരിൽ പലരുടെയും ആരോഗ്യനില വഷളാണെന്ന് ഡോക്ടർമാർ അറിയിക്കുന്നു.
തൊട്ടടുത്ത ശർബത് പൂർ ഗ്രാമത്തിലും മൂന്ന് പേർ മരിക്കുകയും എട്ട് പേർ അവശനിലയിൽ ആശുപത്രിയിലാകുകയും ചെയ്തു. ഉമാഹിയിലും സമീപഗ്രാമങ്ങളിലും നിന്നായി ഉച്ചയോടെ മരിച്ചവരുടെ എണ്ണം പതിനാറായി.
മരിച്ചവർക്ക് രണ്ട് ലക്ഷം വീതവും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർക്ക് അൻപതിനായിരം രൂപ വീതവും സഹായധനം നൽകുമെന്ന് ഉത്തർപ്രദേശ് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. യോഗി ആദിത്യനാഥ് സർക്കാർ ജില്ലാ ഭരണകൂടത്തിൽ നിന്ന് സംഭവത്തെക്കുറിച്ച് റിപ്പോർട്ട് തേടുകയും ചെയ്തു.
ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ വീട്ടിലുണ്ടാക്കിയ വ്യാജമദ്യം കഴിച്ചാണ് 12 പേർ മരിച്ചതെന്നാണ് അനുമാനം. സംഭവവുമായി ബന്ധപ്പെട്ട് 13 എക്സൈസ് ഉദ്യോഗസ്ഥരെ സർക്കാർ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam