ഹോര്‍ട്ടികോര്‍പ്പിന്റെ പ്രവര്‍ത്തനം കടുത്ത പ്രതിസന്ധിയിലേക്ക്; കടം 16 കോടി രൂപ കടന്നു

By Web DeskFirst Published Jun 23, 2017, 11:39 AM IST
Highlights

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ കീഴിലെ പച്ചക്കറി വിപണന കോര്‍പ്പറേഷനായ ഹോര്‍ട്ടികോര്‍പ്പിന്റെ പ്രവര്‍ത്തനം കടുത്ത പ്രതിസന്ധിയിലേക്ക്. ആലപ്പുഴ ജില്ലയിലടക്കം പല ജില്ലകളിലെയും സ്റ്റാളുകളില്‍ കഴിഞ്ഞ ഒന്നരമാസത്തിലേറെയായി മിക്ക പച്ചക്കറികളും കിട്ടാനില്ല.സംഭരണത്തിലെ പാളിച്ചയും ജീവനക്കാരുടെ ബാഹുല്യവും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും എല്ലാം കൂടിയായപ്പോള്‍ കടം പതിനാറ് കോടി കവിഞ്ഞു. ലക്ഷങ്ങള്‍ കൊടുക്കാനുള്ളതിനാല്‍ മൊത്തവിതരണക്കാരും കര്‍ഷകരും ഹോര്‍ട്ടികോര്‍പ്പില്‍ പച്ചക്കറി കൊടുക്കുന്നത് നിര്‍ത്തിത്തുടങ്ങി.

ആലപ്പുഴയിലെ ബോട്ട് ജെട്ടി ജംഗ്ഷനില്‍ സാമാന്യം നല്ല കച്ചവടം നടന്ന ഹോര്‍ട്ടികോര്‍പ്പിന്റെ സ്റ്റാളാണിത്. കഴിഞ്ഞ ഒന്നരമാസത്തിലേറെയായി ഇവിടെ പച്ചക്കറികളൊന്നും കാര്യമായി എത്തിയിട്ടില്ല. അരമണിക്കൂറിലേറെ ഞങ്ങളിവിടെ ചെലവഴിച്ചിട്ടും ഒരാള്‍പോലും പച്ചക്കറി വാങ്ങാനായി ഇവിടേക്ക് വന്നില്ല പൊതുവിപണിയില്‍ വിലകുതിച്ചുയരുമ്പോള്‍ പിടിച്ച് നിര്‍ത്തേണ്ട ഹോര്‍ട്ടികോര്‍പ്പിന് എന്താണ് സംഭവിച്ചത്.

ആലപ്പുഴ ജില്ലയില്‍ പച്ചക്കറി വിതരണം ചെയ്യേണ്ട സംഭരണ കേന്ദ്രത്തിലേക്ക് ഞങ്ങള്‍ പോയി. കുറച്ച് ജീവനക്കാരല്ലാതെ മറ്റാരുമില്ല. ഇവിടെ പച്ചക്കറി കൃത്യമായി എത്തിയിട്ട് ഒരു മാസത്തിലേറെയായി. കുറച്ച് ചേനയും ഏത്തനുമാണ് ആകെയുള്ളത്. ഇത് മാത്രമായി സ്റ്റാളിലേക്ക് കൊടുത്തുവിടാന്‍ കഴിയാത്തതിനാല്‍ ഇവിടെത്തന്നെ കൂട്ടിയിട്ടിരിക്കുന്നു.

ആലപ്പുഴയിലെ ഹോര്‍ട്ടികോര്‍പ്പിന്റെ സ്റ്റാളുകളിലൊന്നും പച്ചക്കറിയില്ല. രണ്ടോ മൂന്നോ സാധനങ്ങള്‍ മാത്രം വച്ച് കച്ചവടം ചെയ്യാന്‍ കഴിയുന്നുമില്ല. ആലപ്പുഴയില്‍ മാത്രം 20 ലക്ഷം രൂപയാണ് മൊത്തവിതരണക്കാരന് കൊടുക്കാനുള്ളത്. തൃശൂരിലുമുണ്ട് 20 ലക്ഷം രൂപ കടം. തിരുവന്തപുരത്തെത്തുമ്പോള്‍ ഇത് കോടികളാവും. പണം കിട്ടാതെ ഇനി പച്ചക്കറി ഇറക്കില്ലെന്നാണ് ആലപ്പുഴയില്‍ വിതരണം ചെയ്യുന്ന മൊത്തവിതരണക്കാരന്‍ ഞങ്ങളോട് പറഞ്ഞത്.കര്‍ഷകര്‍ക്കും പച്ചക്കറി സംഭരിച്ച പണം കൃത്യസമയത്ത് കൊടുക്കുന്നില്ല. അതുകൊണ്ട് കര്‍ഷകരും ഹോര്‍ട്ടികോര്‍പ്പിനെ കൈവിട്ടു. ചുരുക്കത്തില്‍ കാര്യങ്ങള്‍ നിലച്ച മട്ടാണ്.

കടബാധ്യതകൊണ്ട് വീര്‍പ്പുമുട്ടുകയാണ് ഹോര്‍ട്ടികോര്‍പ്പ്. കടം ആകെ 16 കോടി കവിഞ്ഞു. തിരുവനന്തപുരം ജില്ലയില്‍ മാത്രം ഇക്കഴി‍ഞ്ഞ മെയ് മാസത്തെ കടം 28 ലക്ഷം രൂപയാണ്. കേരളത്തിലെ ആകെ ബാധ്യതയെടുത്താന്‍ അത് 40 ലക്ഷത്തിന് മുകളില്‍ വരും. ജീവനക്കാരെ തോന്നിയതുപോലെ നിയമിച്ചതാണ് ഹോര്‍ട്ടികോര്‍പ്പ് പ്രതിസന്ധിയിലാവാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ 190 ജീവനക്കാരുണ്ടായ ഹോര്‍ട്ടികോര്‍പ്പില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അത് 600 ആക്കി.

50 പേരൊഴികെ ബാക്കിയെല്ലാവരും താല്‍ക്കാലിക ജീവനക്കാര്‍. അങ്ങനെ മാസം ഏതാണ്ട് 70 ലക്ഷം രൂപ ശമ്പളയിനത്തില്‍ മാത്രം വേണം. മിക്ക സ്റ്റാളുകളിലും ശമ്പളം കൊടുക്കേണ്ട കച്ചവടം പോലും ആകെ നടക്കുന്നില്ല. ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും തോന്നിയ വിലകൊടുത്ത് പച്ചക്കറി സംഭരിക്കുന്നതും മന്ത്രിയും ചെയര്‍മാനും ശരിയായ ഇടപെടല്‍ നടത്താത്തതുമെല്ലാം ഹോര്‍ട്ടികോര്‍പ്പിനെ താറുമാറാക്കി.

സ്വകാര്യ കടയുടമകള്‍ക്ക് പച്ചക്കറി വിറ്റാല്‍ കിട്ടുന്ന ലാഭം ഏതാണ്ട് 40 ശതമാനത്തിലധികമാണ്.പക്ഷേ ഹോര്‍ട്ടികോര്‍പ്പ് പച്ചക്കറി വിറ്റപ്പോള്‍ കടം 16 കോടി കടന്നു. ഇങ്ങനെയാണ് പോകുന്നതെങ്കില്‍ ഹോര്‍ട്ടികോര്‍പ്പിന് അധികം ആയുസുണ്ടാവില്ല.

click me!