ബുലന്ദ് ഷഹർ കൊലപാതകം: ആൾക്കൂട്ടത്തിലൊരാളായി താൻ അവിടെ ഉണ്ടായിരുന്നുവെന്ന് അറസ്റ്റിലായ സൈനികൻ

By Web TeamFirst Published Dec 9, 2018, 12:00 PM IST
Highlights

 ഗ്രാമവാസികള്‍ക്കൊപ്പം അക്രമം നടന്ന സ്ഥലത്ത് പോയിരുന്നുവെന്ന് സമ്മതിച്ച ജിതേന്ദ്ര മാലിക്ക്  പൊലിസിനെ കല്ലെറിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി. ജീത്തു ഫൗജി എന്നു വിളിക്കുന്ന ജിതേന്ദ്ര മാലിക്കിനെയാണ് ഇന്നലെ അര്‍ധരാത്രിയോടെ ഉത്തര്‍ പ്രദേശ് പൊലിസ് അറസ്റ്റ് ചെയ്തത്.

ലഖ്നൗ: ബുലന്ദ് ഷഹറില്‍ ഗോവധത്തിന്റെ പേരില്‍ ആക്രമം നടന്ന ദിവസം ആൾക്കൂട്ടത്തിലൊരാളായി താൻ അവിടെ ഉണ്ടായിരുന്നെന്ന് അറസ്റ്റിലായ കരസേന സൈനികൻ ജിതേന്ദ്ര മാലിക്ക് . ഗ്രാമവാസികള്‍ക്കൊപ്പം അക്രമം നടന്ന സ്ഥലത്ത് പോയിരുന്നുവെന്ന് സമ്മതിച്ച ജിതേന്ദ്ര മാലിക്ക്  പൊലിസിനെ കല്ലെറിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി. ജീത്തു ഫൗജി എന്നു വിളിക്കുന്ന ജിതേന്ദ്ര മാലിക്കിനെയാണ് ഇന്നലെ അര്‍ധരാത്രിയോടെ ഉത്തര്‍ പ്രദേശ് പൊലിസ് അറസ്റ്റ് ചെയ്തത്.

സുബോധ് കുമാറിനെ വെടിവച്ചത്  ജീതേന്ദ്ര മാലിക്കാണെന്ന് ഇനിയും തീർച്ചയായിട്ടില്ല. കൂടുതൽ ചോദ്യം ചെയ്യലിനായി മാലിക്കിനെ സയനാ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ബുലന്ദ്ഷഹര്‍ സംഘര്‍ഷത്തിന്റെ വീഡിയോകളില്‍ സുബോധ്കുമാറിന് സമീപം ജിതേന്ദ്ര ഫൗജി നില്‍ക്കുന്നത് വ്യക്തമാണ് എന്ന് പൊലീസ് പറയുന്നുണ്ട്. കൊലപാതകം നടന്ന അന്ന് വൈകുന്നേരം തന്നെ ഇയാള്‍ താന്‍ ജോലി ചെയ്യുന്ന ശ്രീനഗറിലേയ്ക്ക് തിരിച്ചുപോയിരുന്നു. കഴിഞ്ഞ ഡിസംബര്‍ 3നാണ് ഗ്രാമത്തിൽ പശുക്കളുടെ ജഡങ്ങൾ കണ്ടെത്തിയതിനെ തുടർന്ന്​​ പ്രതിഷേധക്കാർ പൊലീസ്​ സ്​റ്റേഷൻ ആക്രമിക്കുകയായിരുന്നു. കലാപത്തിനിടെ പൊലീസ്​ ഇൻസ്​പെക്​ടറെ അക്രമികൾ പിന്തുടർന്ന്​ വെടിവെച്ചു കൊല്ലുകയായിരുന്നു.

സുബോധ് സിംഗിന്‍റെ ഇടത്തേ കണ്ണിന് അടുത്താണ് വെടിയേറ്റത്. വെടിയുണ്ട തലച്ചോറില്‍ തറച്ച നിലയിലായിരുന്നു ആക്രമണ ശേഷം. അദ്ദേഹത്തിന്‍റെ മൊബൈല്‍ ഫോണും പേഴ്സണല്‍ റിവോള്‍വറും കാണാതായിരുന്നു. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഗുരുതരമായ പരിക്കുകളോടെ അത്യസന്ന നിലയിലാണ്.

ഒരു ടാറ്റാ സുമോ കാറില്‍ സുബോധ് സിംഗിന്‍റെ മൃതദേഹം കിടക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ അന്ന് തന്നെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അക്രമികളിലാരോ പകര്‍ത്തിയതെന്ന് കരുതുന്ന വീഡിയോയുടെ പശ്ചാത്തലത്തില്‍ വെടിയൊച്ചകളും കേള്‍ക്കാമായിരുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ച 2015-ലെ അഖ്ലാക് വധം അന്വേഷിച്ച ഉ​ദ്യോ​ഗസ്ഥനായിരുന്നു സുബോധ് കുമാര്‍ സിങ്.  

click me!