കുൽഭൂഷൺ ജാദവ് കേസ്: രാജ്യാന്തര നീതിന്യായകോടതിയിൽ പാകിസ്ഥാന്‍റെ വാദം ഇന്ന് പൂർത്തിയാകും

By Web TeamFirst Published Feb 21, 2019, 7:39 AM IST
Highlights

കുൽഭൂഷണ്‍ ജാദവ് കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ പാകിസ്ഥാന്‍റെ മറുപടി വാദം ഇന്ന്. നീതിപൂര്‍വ്വമായ വിചാരണ ഉറപ്പുവരുത്തുകയും കോണ്‍സുലാർ ബന്ധം അനുവദിക്കുകയും വേണമെന്ന് ഇന്നലെ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. 

ഹേഗ്, നെതർലൻഡ്‍സ്: കുൽഭൂഷണ്‍ ജാദവ് കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ വാദം ഇന്ന് പൂർത്തിയാകും. ഇന്ത്യയുടെ വാദം പൂർത്തിയായ കേസിൽ പാകിസ്ഥാന്‍റെ മറുപടി വാദമാണ് ഇന്ന് നടക്കുക. നീതിപൂര്‍വ്വമായ വിചാരണ ഉറപ്പുവരുത്തുകയും കോണ്‍സുലാർ ബന്ധം അനുവദിക്കുകയും വേണമെന്ന് ഇന്നലെ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

ചൊവ്വാഴ്ച്ച വാദത്തിനിടെ ഇന്ത്യക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച പാകിസ്ഥാനെ പ്രതിരോധത്തിലാക്കുന്ന വാദമായിരുന്നു ഇന്നലെ ഇന്ത്യയുടേത്. കുൽഭൂഷൺ ജാദവ് ഇന്ത്യൻ പൗരനാണ് എന്നതിനും ചാരനല്ല എന്നതിനും തെളിവുണ്ട്. കേസുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ നൽകിയ രേഖകളുടെ വിശ്വാസ്യതയിൽ സംശയമുണ്ടെന്ന് ഇന്ത്യക്ക് വേണ്ടി ഹാജരായ ഹരീഷ് സാൽവെ കോടതിയെ ബോധിപ്പിച്ചു.

മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയ അജ്മൽ കസബിന് ഇന്ത്യ നൽകിയ നിയമസഹായം പോലൂം പാക്കിസ്ഥാൻ കുൽഭൂഷൺ ജാദവിന് അനുവദിച്ചില്ല എന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. കേസിലെ രേഖകൾ പുനഃപരിശോധിക്കണം. പട്ടാള കോടതിയുടെ വധശിക്ഷ റദ്ദാക്കി ജാദവിനെ ഇന്ത്യയിൽ സുരക്ഷിതമായി എത്തിക്കാൻ അനുവദിക്കണമെന്ന് അന്തിമ വാദത്തിൽ ഇന്ത്യ ആവശ്യപ്പെട്ടു.

48-കാരനായ കുൽഭൂഷൺ ജാദവിനെ ചാരവൃത്തി ആരോപിച്ചാണ് പാക് പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെടാൻ പോലും അനുവദിക്കാതെ ജാദവിനെ ഒരു രഹസ്യസങ്കേതത്തിലേക്ക് മാറ്റുകയായിരുന്നു. ഇന്ത്യക്ക് വാദിക്കാൻ അനുവാദം നൽകാതെ പാകിസ്ഥാനിലെ പട്ടാള കോടതിയിൽ നടന്ന വിചാരണയ്ക്കൊടുവിൽ ജാദവിനെ ചാരവൃത്തി ആരോപിച്ച് തൂക്കിക്കൊല്ലാൻ വിധിച്ചു. ഇതിനെതിരെയാണ് ഇന്ത്യ രാജ്യാന്തര നീതിന്യായകോടതിയെ സമീപിച്ചത്. 

click me!