രാജ്യത്തെ പത്ത് ലക്ഷം ആദിവാസികളെ വനത്തിൽ നിന്ന് ഒഴിപ്പിക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി

By Web TeamFirst Published Feb 20, 2019, 9:51 PM IST
Highlights

വനാവകാശ നിയമം ചോദ്യം ചെയ്തുള്ള ഹർജികളിലാണ് സുപ്രീം കോടതിയുടെ നിർണായക വിധി. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്.

ദില്ലി: രാജ്യത്തെ പത്തു ലക്ഷം ആദിവാസികളെ വനത്തിൽ നിന്ന് ഒഴിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. വനാവകാശ നിയമത്തിന്‍റെ പരിരക്ഷ ലഭിക്കാൻ അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടി അപേക്ഷകൾ നിരസിക്കപ്പെട്ട ആദിവാസികളെയാണ് ഒഴിപ്പിക്കേണ്ടത്. സുപ്രീം കോടതി വിധി പ്രകാരം  കേരളത്തിലെ 894 ആദിവാസി കുടുംബങ്ങളെ വനത്തിൽ നിന്നും ഒഴിപ്പിക്കേണ്ടി വരും.

2019 ജൂലൈ 27 നു മുൻപ് ആദിവാസി കുടുംബംങ്ങളെ ഒഴിപ്പിച്ച ശേഷം സംസ്ഥാന സർക്കാരുകൾ റിപ്പോർട്ട് സമർപ്പിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. വനാവകാശ നിയമം ചോദ്യം ചെയ്തുള്ള ഹർജികളിലാണ് സുപ്രീം കോടതിയുടെ നിർണായക വിധി. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്.

കേരളത്തിൽ 39,999 ആദിവാസി കുടുംബങ്ങളാണ് വനാവകാശ നിയമത്തിന്‍റെ പരിരക്ഷയ്ക്കായി അപേക്ഷ നൽകിയത്. ഈ അപേക്ഷകളിൽ 894 കുടുംബങ്ങൾ പരിരക്ഷയ്ക്ക് അർഹരല്ലെന്ന് കണ്ടെത്തി. അടുത്ത  വാദം കേൾക്കലിന്  മുൻപ് ഇവരെ വനത്തിൽ നിന്നും ഒഴിപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിൽ പറയുന്നു. വനാവകാശ പരിരക്ഷയ്ക്ക് അർഹരല്ലെന്ന് കണ്ടെത്തിയിട്ടും എന്തുകൊണ്ട് ഈ 894 കുടുംബങ്ങളെ യഥാസമയം ഒഴിപ്പിച്ചില്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കണമെന്നും സുപീം കോടതി നിർദേശിച്ചു 

click me!