ഇന്ത്യാ വിരുദ്ധ സന്ദേശം പ്രചരിപ്പിച്ചെന്ന് ആരോപണം; ബംഗാളിൽ കശ്മീരി യുവാവിന് ക്രൂരമർദനം

By Web TeamFirst Published Feb 20, 2019, 7:07 PM IST
Highlights

തെറ്റിദ്ധാരണയുടെ പേരിലാവാം തനിക്ക് നേരെ ആക്രമണമുണ്ടായത്. തിരിച്ചു പോയില്ലെങ്കിൽ ആ നാട്ടിലുള്ളവർ താൻ തെറ്റുകാരനാണെന്ന് കരുതുമെന്നും ആക്രമണം നേരിട്ട കശ്മീരി സ്വദേശി ജാവേദ് പറഞ്ഞു

കൊൽക്കത്ത:  ഇന്ത്യാ വിരുദ്ധ സന്ദേശം പ്രചരിപ്പിച്ചുവെന്നാരോപിച്ച് ബംഗാളിലെ നാദിയയിൽ കശ്മീരി സ്വദേശിയായ തുണി വിൽപ്പനക്കാരന്  നേരെ ക്രൂരമർദനം. ബദ്ഗാം സ്വദേശിയായ 26 വയസ്സുകാരൻ ജാവേദ് അഹമ്മദ് ഖാനാണ്  പ്രദേശവാസികളുടെ അക്രമത്തിനിരയായത്. പശ്ചിമബംഗാളിലെ നാദിയയിൽ ദുപ്പട്ട വിൽപ്പനക്കാരനാണ് ജാവേദ്.

ജാവേദ് ഖാൻ എന്ന പേരിലുള്ള ഒരു ഫെയ്‍സ്ബുക്ക് പ്രൊഫൈലിൽ നിന്ന് പോസ്റ്റ് ചെയ്ത ചില ഇന്ത്യാ വിരുദ്ധ കമന്‍റുകൾ പ്രദേശവാസിയായ ഒരാൾ ജാവേദിനെ കാണിക്കുകയും അത് ജാവേദിന്‍റെ പ്രൊഫൈലാണെന്ന് ആരോപിക്കുകയും ചെയ്തു. ജാവേദ് ഇത് നിഷേധിച്ചു. തിരികെ വീട്ടിലെത്തിയ തന്നെ അന്വേഷിച്ച് പ്രദേശത്തുള്ള ചിലർ കൂട്ടം ചേർന്നെത്തുകയും ക്രൂരമായി മർദിക്കുകയും ചെയ്തുവെന്ന് ജാവേദ് പറഞ്ഞു. ർ

താനല്ല ആ കമന്‍റിട്ടതെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും ജനക്കൂട്ടം ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്ന് ജാവേദ് പൊലീസിന് മൊഴി നൽകി.  
ആക്രമണ വിവരം അറിഞ്ഞ്  സ്ഥലത്തെത്തിയ പൊലീസ് ജനക്കൂട്ടത്തെ പിരിച്ചുവിടുകയായിരുന്നു. പ്രദേശത്തെ  സ്ഥിതിഗതികൾ സാധാരണ നിലയിലാവുന്നതുവരെ ജാവേദിനോടും  ജാവേദിനൊപ്പം  താമസിച്ചിരുന്ന മൂന്ന് കശ്മീരികളോടും മാറി നിൽക്കാൻ പൊലീസ് ആവശ്യപ്പെട്ടു. 

പൊലീസ് നിർദേശമനുസരിച്ച് ജാവേദും മറ്റുള്ളവരും സ്വദേശത്തേക്ക് മടങ്ങി. കഴിഞ്ഞ പത്ത് വർഷമായി നാദിയയിൽ കച്ചവടം നടത്തുകയാണ് ജാവേദ്. തനിക്ക് ബംഗാളിലേക്ക് തന്നെ തിരിച്ച് പോകാനാണ് ആഗ്രഹമെന്ന് ജാവേദ് പറഞ്ഞു. തെറ്റിദ്ധാരണയുടെ പേരിലാവാം തനിക്ക് നേരെ ആക്രമണമുണ്ടായത്. തിരിച്ചു പോയില്ലെങ്കിൽ ആ നാട്ടിലുള്ളവർ താൻ തെറ്റുകാരനാണെന്ന് കരുതുമെന്നും ജാവേദ് പറഞ്ഞു. 

ജാവേദിനെ ആക്മമിച്ചവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു. പുൽവാമയിൽ 40 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട ഭീകരാക്രമണത്തെ തുടർന്ന് രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും കശ്മീരികൾ ആക്രമണ ഭീഷണി നേരിടുന്നുണ്ട്.

നേരെത്തെ കൊൽക്കത്തയിൽ കശ്മീരി ഡോക്ടർക്ക്  നേരെ  ഒരുകൂട്ടം യുവാക്കൾ ഭീഷണി ഉയർത്തിയിരുന്നു. കശ്മീരി സ്വദേശിയായ ഡോക്ടർ ഉടൻ കൊൽക്കത്ത നഗരം വിടണമെന്ന് ആവശ്യപ്പെട്ട്  ഒരു കൂട്ടം യുവാക്കൾ ഡോക്ടറുടെ താമസസ്ഥലത്തെത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. ന​ഗരത്തിൽ താമസം തുടരാനാണ് തീരുമാനമെങ്കിൽ തന്‍റെ മകളെ ഉപദ്രവിക്കുമെന്ന് യുവാക്കൾ ഭീഷണിപ്പെടുത്തിയതായും ഡോക്ടർ പറഞ്ഞു. ഡോക്ടറുടെ പരാതിയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. 

click me!