
ദില്ലി: ശക്തമായ ത്രികോണ മത്സരത്തിനാകും രാജ്യതലസ്ഥാനമായ ദില്ലി ഇത്തവണ വേദിയാവുക. ആംആദ്മി പാര്‍ട്ടിയെയും ബി ജെ പിയെയും ദില്ലിയിൽ ഒരുപോലെ എതിര്‍ക്കുമെന്ന് മുൻ മുഖ്യമന്ത്രിയും പി സി സി അദ്ധ്യക്ഷയുമായ ഷീലാ ദീക്ഷിത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പാര്‍ട്ടി പറഞ്ഞാൽ സ്ഥാനാര്‍ത്ഥിയാകുമെന്നും ഷീലാ ദീക്ഷിത് വ്യക്തമാക്കി.
ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിക്കൊപ്പം തുടര്‍ച്ചയായി നിൽക്കാതെ ദേശീയ രാഷ്ട്രീയത്തിനൊത്തുള്ള ചാഞ്ചാട്ടങ്ങൾക്ക് എന്നും ദില്ലി സാക്ഷിയായിട്ടുണ്ട്. ആംആദ്മി പാര്‍ട്ടി ദില്ലിയിൽ വലിയ മുന്നേറ്റമുണ്ടാക്കിയപ്പോഴും കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും ബി ജെ പി വിജയിച്ചിരുന്നു.
ഇത്തവണ പഴയ പ്രതാപം തിരിച്ചുപിടിക്കുകയാണ് കോണ്‍ഗ്രസിന്‍റെ ലക്ഷ്യം. അതിനായാണ് ദില്ലിയിൽ ദീര്‍ഘകാലം മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതിനെ രംഗത്തിറക്കുന്നത്. ആരുമായും ഇത്തവണ സഖ്യമുണ്ടാക്കില്ലെന്നായിരുന്നു സ്ഥാനാര്‍ത്ഥിയാകുമോ എന്ന ചോദ്യത്തിന് ഷീലാ ദീക്ഷിതിന്‍റെ പ്രതികരണം.
ഒരു കോടി മുപ്പത്തേഴ് ലക്ഷം വോട്ടർമാരുള്ള ദില്ലി ഒരു കുടിയേറ്റ നഗരം കൂടിയാണ്. അഴിമതി വിരുദ്ധ സമരത്തിലൂടെ വന്ന ആംദ്മി പാര്‍ട്ടിക്ക് മധ്യവര്‍ഗ്ഗത്തിനിടയിൽ ഉണ്ടായിരുന്ന സ്വാധീനം കുറഞ്ഞുവെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്ക്. ജി എസ് ടിയും നോട്ട് നിരോധനവും റഫാൽ അഴിമതിയുമൊക്കെ ബി ജെ പിക്കെതിരെ ആയുധമാക്കും.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെുപ്പിൽ നാൽപ്പത്താറ് ശതമാനം വോട്ട് ബി ജെ പിക്കും മുപ്പത്തിമൂന്ന് ശതമാനം വോട്ട് ആംആദ്മി പാര്‍ട്ടിക്കും കിട്ടി. കോണ്‍ഗ്രസ് നേടിയത് പതിനഞ്ച് ശതമാനം വോട്ടുമാത്രം. തിരിച്ചുവരവിനായി വലിയ കടമ്പകൾ തന്നെ കോണ്‍ഗ്രസിന് കടക്കേണ്ടിവരുമെന്നുറപ്പാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam