Latest Videos

പുൽവാമ ഭീകരാക്രമണം: ഭീകരർക്ക് ഇന്ത്യ ഉചിതമായ മറുപടി നൽകണം; അരവിന്ദ് കെജ്രിവാൾ

By Web TeamFirst Published Feb 18, 2019, 2:10 PM IST
Highlights

ഇന്ത്യൻ മണ്ണിൽ പാകിസ്ഥാന്റെ കൊലപാതകങ്ങൾ അവസാനിപ്പിക്കണം എന്നാണ് ഓരോ ഭാരതീയന്റെയും  ആ​ഗ്രഹം. ജാതിയുടെയും അതിർത്തിയുടെയും മതത്തിന്റെയും വേർതിരിവുകളില്ലാതെ ഈ ഒരൊറ്റ ലക്ഷ്യത്തിന് വേണ്ടിയാണ് എല്ലാവരും ഐക്യപ്പെടുന്നതെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു. 

ദില്ലി: ജമ്മു കാശ്മീരിലെ പുൽവാമയിൽ ഇന്ത്യന്‍ സൈന്യത്തിന് നേരെ പാക് ഭീകരർ നടത്തിയ ആക്രമണത്തിന് ഉചിതമായ മറുപടി നൽകണമെന്ന് കേന്ദ്ര സർ‌ക്കാരിനോട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അഭ്യർത്ഥന. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്നവരുടെയും രക്തസാക്ഷികളുടെയും സ്വപ്നങ്ങൾ പൂർത്തീകരിക്കേണ്ടതാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദക്ഷിണ ദില്ലിയിൽ അമ്പത് കോടിയുടെ വികസന പ്രവർത്തനങ്ങളുടെ പദ്ധതി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു കെജ്രിവാൾ.

''രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള ജവാൻമാർക്ക് ഈ ഭീകരാക്രമണത്തിൽ തങ്ങളുടെ ജീവൻ നഷ്ടപ്പെട്ടു. രാജ്യത്തിന് നേർക്കുള്ള അക്രമമായിട്ടാണ് ഈ സംഭവത്തെ നോക്കിക്കാണുന്നത്. ഈ അക്രമത്തിന് ഇന്ത്യ ഉചിതമായ മറുപടി കൊടുക്കണം. പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും എടുക്കുന്ന തീരുമാനത്തിനൊപ്പം എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുകയാണ്. എല്ലാ പിന്തുണയും നൽകുന്നു.'' കെജ്രിവാൾ പറഞ്ഞു. ഇന്ത്യൻ മണ്ണിൽ പാകിസ്ഥാന്റെ കൊലപാതകങ്ങൾ അവസാനിപ്പിക്കണം എന്നാണ് ഓരോ ഭാരതീയന്റെയും  ആ​ഗ്രഹം. ജാതിയുടെയും അതിർത്തിയുടെയും മതത്തിന്റെയും വേർതിരിവുകളില്ലാതെ ഈ ഒരൊറ്റ ലക്ഷ്യത്തിന് വേണ്ടിയാണ് എല്ലാവരും ഐക്യപ്പെടുന്നതെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു. 

നാല് വർഷം മുമ്പാണ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ആംആദ്മി സർക്കാർ ദില്ലിയിൽ അധികാരത്തിലേറിയത്. അന്ന് മുതൽ സ്വാതന്ത്യസമര പോരാളികളുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാനാണ് ഈ സർക്കാർ ശ്രമിച്ചിട്ടുളളതെന്നും കെജ്രിവാൾ പറഞ്ഞു. അതിനായി ദില്ലിയിൽ  സ്കൂളുകളും ആശുപത്രികളും ക്ലിനിക്കുകളും നിർമ്മിക്കുന്നു. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം വെള്ളം ലഭിച്ചിട്ടില്ലാത്ത പ്രദേശങ്ങളിൽ വരെ ശുദ്ധജലം ലഭിക്കുന്നു എന്ന് ഈ സർക്കാർ‌ ഉറപ്പാക്കുന്നുണ്ടെന്നും കെജ്രിവാൾ വ്യക്തമാക്കി. 

click me!