
ദില്ലി: ഇന്ത്യയിലെ കോടികണക്കിന് സ്വത്തുക്കൾ നഷ്ടപ്പെടുമോയെന്ന് ഭയപ്പെട്ട് ബ്രിട്ടനില്‍നിന്നു തിരിച്ചുവരാന്‍ വിവാദ വ്യവസായി വിജയ് മല്യ സന്നദ്ധത അറിയിച്ചതായി റിപ്പോർട്ട്. ദൂതന്‍മാര്‍ മുഖേനയാണ് മല്യ തന്റെ ആഗ്രഹം ബന്ധപ്പെട്ട കേന്ദ്രങ്ങളെ അറിയിച്ചത്. സാമ്പത്തിക കുറ്റകൃത്യം നടത്തി രാജ്യം വിടുന്നവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ അധികാരം നല്‍കുന്ന പുതിയ ഓര്‍ഡിനന്‍സിലൂടെ ഇന്ത്യയിലുള്ള മല്യയുടെ സ്വത്തുക്കള്‍ അന്വേഷണ ഏജന്‍സികള്‍ പിടിച്ചെടുത്തിരുന്നു.
ഇതോടെയാണ് സ്വത്തുക്കള്‍ നിലനിര്‍ത്താനുള്ള തന്ത്രത്തിന്റെ ഭാഗമായി ഇന്ത്യയിലേക്ക് മടങ്ങാനുള്ള ആഗ്രഹവുമായുള്ള മല്യയുടെ രംഗപ്രവേശമെന്നാണ് കേന്ദ്രം വിലയിരുത്തുന്നത്. നിലവില്‍ ബ്രിട്ടനില്‍നിന്നു മല്യയെ നാടുകടത്തണമെന്ന ഇന്ത്യയുടെ ആവശ്യത്തിനെതിരെ നിയമപോരാട്ടത്തിലാണ് മല്യ. ഇന്ത്യയിലെ തടവറകളുടെ നില അത്യന്തം പരിതാപകരമാണെന്ന വാദമുയര്‍ത്തിയാണ് മല്യയുടെ എതിര്‍പ്പ്.
പുതിയ ഓര്‍ഡിനന്‍സ് പ്രകാരം പിടിച്ചെടുത്ത സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കോടതി തീരുമാനിച്ചാല്‍ പിന്നീട് ഇതൊരിക്കലും ഉടമസ്ഥന് തിരികെ ലഭിക്കില്ല. കോടതി അനുമതി ലഭിച്ചാല്‍ പിടിച്ചെടുത്ത വസ്തുക്കളുടെ ഉടമസ്ഥാവകാശം സര്‍ക്കാരിനാകും. വായ്പാ തട്ടിപ്പ് നടത്തിയ മല്യ 9,000 കോടി രൂപയാണ് പലിശയടക്കം തിരിച്ചടക്കാനുള്ളത്. 13,500 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ നിലവില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തിട്ടുണ്ട്. ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് നാടുവിട്ടവരില്‍ പ്രമുഖനാണ് വിജയ് മല്യ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam