രാജ്യാന്തര നീതിന്യായ കോടതിയില്‍ പാകിസ്ഥാന് 'കെെ' പോലും കൊടുക്കാതെ ഇന്ത്യ

By Web TeamFirst Published Feb 18, 2019, 7:15 PM IST
Highlights

കെെ നല്‍കാന്‍ എത്തിയ പാകിസ്ഥാന്‍ എജി മന്‍സൂര്‍ ഖാന് മറുപടിയായി നമസ്തേ നല്‍കുകയാണ് ദീപക് മിത്തല്‍ ചെയ്തത്. ഇത് ആദ്യമായല്ല പാകിസ്ഥാന്‍ അധികൃതകര്‍ക്ക് ഇന്ത്യന്‍ പ്രതിനിധികള്‍ ഹസ്തദാനം നല്‍കാതിരിക്കുന്നത്

ഹേഗ്: പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ അധികൃതകര്‍ക്ക് ഹസ്തദാനം നല്‍കാതെ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍. കുൽഭൂഷൺ ജാദവ് കേസിൽ രാജ്യാന്തര നീതിന്യായ കോടതിയിൽ ഇന്ന് വാദം തുടങ്ങിയിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും ഒരു വേദിയിലെത്തുന്നുവെന്നതിനാല്‍ ഏറെ ശ്രദ്ധാകേന്ദ്രമായി ഹേഗ് മാറി.

കുൽഭൂഷൺ ജാദവ് കേസിലെ വാദത്തിനായി എത്തിയ പാകിസ്ഥാന്‍ അധികൃതര്‍ ഇന്ത്യന്‍ പ്രതിനിധികള്‍ക്ക് ഹസ്തദാനം നല്‍കാനായി എത്തി. എന്നാല്‍, വിദേശകാര്യ മന്ത്രാലയം ജോയിന്‍റ്  സെക്രട്ടറി ദീപക് മിത്തലിനും നെതര്‍ലന്‍റിലെ ഇന്ത്യന്‍ സ്ഥാനപതി വേണു രാജാമണിക്കും ഹസ്തദാനം നല്‍കാന്‍ പാകിസ്ഥാന്‍ അധികൃതര്‍ എത്തിയെങ്കിലും ഇരുവരും അത് സ്വീകരിക്കാന്‍ തയാറായില്ല.

കെെ നല്‍കാന്‍ എത്തിയ പാകിസ്ഥാന്‍ എജി മന്‍സൂര്‍ ഖാന് മറുപടിയായി നമസ്തേ നല്‍കുകയാണ് ദീപക് മിത്തല്‍ ചെയ്തത്. ഇത് ആദ്യമായല്ല പാകിസ്ഥാന്‍ അധികൃതകര്‍ക്ക് ഇന്ത്യന്‍ പ്രതിനിധികള്‍ ഹസ്തദാനം നല്‍കാതിരിക്കുന്നത്. കുൽഭൂഷൺ ജാദവ് കേസിൽ തന്നെ 2017ല്‍ അന്താരാഷ്ട്ര നീതി ന്യായ കോടതിയില്‍ വച്ച് ഇതേപോലെ ഹസ്തദാനം നിരസിച്ചിരുന്നു.

ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥനായ കുൽഭൂഷണ്‍ ജാദവിനെതിരെ പാക് സൈനിക കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ചാരപ്രവർത്തനം ആരോപിച്ചാണ് പാകിസ്ഥാൻ പട്ടാളക്കോടതി കുൽഭൂഷൺ ജാദവിന് വധശിക്ഷ വിധിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി പ്രശസ്ത അഭിഭാഷകൻ ഹരീഷ് സാല്‍വെയാണ് വാദിക്കുന്നത്.

വേണു രാജാമണി അടക്കമുള്ള ഉദ്യോഗസ്ഥരും കേസ് വാദത്തിനായുള്ള  ഇന്ത്യൻ നയതന്ത്ര സംഘത്തിലുണ്ടാകും. കുൽഭൂഷണ്‍ ജാദവിന് പാകിസ്ഥാൻ കോണ്‍സുലാർ ബന്ധം നിഷേധിച്ചത് അന്താരാഷ്ട്ര നിയമംങ്ങളുടെ ലംഘനമാണെന്ന് ഇന്ത്യ വാദിക്കും. അതേസമയം മുസ്ലീം പേരിലെടുത്ത പാസ് പോര്‍ട്ട് ജാദവിൽ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ബലൂചിസ്ഥാനിൽ ചാര പ്രവര്‍ത്തനത്തിന് കുൽഭൂഷൺ ജാദവ് എത്തിയെന്നതിന് തെളിവുണ്ടെന്നും പാകിസ്ഥാൻ അവകാശപ്പെടുന്നു.

click me!