
വഡോദര:182 മീറ്റര്‍ ഉയരത്തില്‍ ഗുജറാത്തിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് അഭിമുഖമായി നിര്‍മ്മിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ കാണാന്‍ ടൂര്‍ പാക്കേജ് ഓരുക്കി ഇന്ത്യന്‍ റെയില്‍വേ. റെയില്‍വേയുടെ കാറ്ററിങ് ആന്‍ഡ് ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴിൽ നടപ്പിലാക്കുന്ന പാക്കേജ് മാര്‍ച്ച് നാല് മുതലാകും ആരംഭിക്കുന്നത്.
ഇന്ത്യയുടെ ഉരുക്ക് മനുഷ്യനുള്ള ആദര സൂചകമായാണ് ടൂർ പാക്കേജ് അവതരിപ്പിച്ചതെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. പട്ടേൽ പ്രതിമ കൂടാതെ മറ്റു തീര്‍ത്ഥാടന സ്ഥലങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഏഴ് രാത്രിയും എട്ട് പകലും നീണ്ടുനില്‍ക്കുന്ന പാക്കേജാണ് റെയില്‍വേ ജനങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്.
റെയില്‍വേയുടെ ഭാരത് ദര്‍ശന്‍ ടൂര്‍ പാക്കേജിന് കീഴിലുള്ള പ്രതിമ സന്ദര്‍ശനത്തിന് 7560 രൂപയാണ് ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക്. ഉജ്ജയിനിലെ മഹാകലേശ്വര്‍ ജ്യോതിര്‍ലിംഗ, ഇന്‍ഡോറിലെ ഓംകരേശ്വര്‍ ജ്യോതിര്‍ലിംഗ, ഷിര്‍ദി സായിബാബ ദര്‍ശന്‍, നാസിക്കിലെ തൃംബകേശ്വര്‍, ഔറംഗബാദിലെ ഗിരിനേശ്വര്‍ ജ്യോതിര്‍ലിംഗ എന്നീ സ്ഥലങ്ങളാണ് പാക്കേജില്‍ ഉള്‍പ്പെടുന്ന മറ്റ് സ്ഥലങ്ങള്‍.
മൂവായിരം കോടി രൂപ ചിലവഴിച്ചാണ് പട്ടേൽ പ്രതിമ നിർമ്മിച്ചത്. പട്ടേലിന്‍റെ ജന്മദിനമായ ഒക്ടോബര്‍ 31-ന് പ്രധാനമന്ത്രി നരേന്ദ്രമോദി സ്മാരകം ലോകത്തിന് സമര്‍പ്പിക്കുകയായിരുന്നു. സ്റ്റാറ്റ്യൂ ഓഫ് യൂണിറ്റി ( ഐക്യത്തിന്‍റെ ശില്‍പം) എന്നാണ് പ്രതിമയ്ക്ക് പേരിട്ടിരിക്കുന്നത്. 3500 തൊഴിലാളികളും 250 എഞ്ചിനീയര്‍മാരും ഉള്‍പ്പെടുന്ന വലിയൊരു സംഘമാണ് പട്ടേല്‍ സ്മാരക നിര്‍മ്മാണപദ്ധതിക്ക് ചുക്കാന്‍ പിടിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam