
റായ്പൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് സർക്കാർ അധികാരത്തില്‍ എത്തിയതിന് പിന്നാലെ ചത്തീസ്ഗഡില്‍ ഔദ്യോഗിക ഫയലുകൾ കത്തിച്ചതായി പരാതി. സംസ്ഥാനത്തെ ഇന്റലിജന്‍സ് അധികൃതരാണ് അനന്ത് വിഹാര്‍ ഗ്രൗണ്ടിന്‍ വെച്ച് ഫയലുകളെ അഗ്നിക്കിരയാക്കിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ ദിവസമാണ് ട്രക്കില്‍ കൊണ്ടുവന്ന കെട്ടുകണക്കിന് ഫയലുകള്‍ ഡ്യെൂപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് അജയ് ലോക്ഡയുടെ നേതൃത്വത്തിൽ അഗ്നിക്കിരയാക്കിയത്. കത്താത്ത ഫയലുകളെ തരംതിരിച്ച് വീണ്ടും കത്തിക്കാൻ അജയ് ലോക്ഡ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി ദൃക്സാക്ഷികൾ പറയുന്നു. സർക്കാരുമായി ബന്ധപ്പെട്ടുള്ള എല്ലാ രഹസ്യ രേഖകളും ഇന്റലിജന്‍സ് ഏജന്‍സികളിലാണ് സൂക്ഷിക്കാറുള്ളത്. ഇവയാണ് കത്തിച്ചതെന്ന സംശയവും നിഴലിക്കുന്നതായി പ്രാദേശിക മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നു.
അതേ സമയം രേഖകൾ കത്തിച്ച സംഭവം രാഷ്ട്രീയ പ്രേരിതമാണെന്നും ഉദ്യോഗസ്ഥർ സംഭവത്തില്‍ മൗനം പാലിക്കുകയാണെന്നും ആരോപണം ഉയരുന്നുണ്ട്. എന്നാൽ പുതിയ സർക്കാർ വന്നതിന് ശേഷമുള്ള അഴിച്ച്പണിയാണോ രേഖകൾ കത്തിച്ചതിന് പിന്നിലെന്ന ചോദ്യവും സംസ്ഥാനത്തിന്റെ പലഭാഗങ്ങളിൽ നിന്നും ഉയരുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam