
ദില്ലി: ഇനി മുതൽ ബാങ്ക് അക്കൗണ്ട് എടുക്കുന്നതിനും മൊബൈൽ ഫോൺ കണക്ഷനും ആധാർ നിർബന്ധമില്ല. ഇത് സംബന്ധിച്ച നിയമ ഭേദഗതിക്ക് കാബിനറ്റ് അംഗീകാരം നൽകി. സെപ്റ്റംബർ 26ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി. തിങ്കളാഴ്ചയാണ് കേന്ദ്ര മന്ത്രിസഭ യോഗം ചേർന്നത്.
പുതിയ നിയമം ഭേദഗതി ചെയ്യുന്നതിലൂടെ ആധാർ വിവരങ്ങൾ നൽകാതെ തന്നെ ഉപഭോക്താക്കൾക്ക് സിം കാർഡുകൾ എടുക്കാനും ബാങ്ക് അക്കൗണ്ട് എടുക്കുമ്പോൾ കെ വൈ സി ഓപ്ഷനിൽ ചേർക്കുന്നതിന് ആവശ്യമുണ്ടെങ്കിൽ മാത്രം ആധാർ നൽകിയാൽ മതിയാകും. നേരത്തെ സ്വകാര്യസ്ഥാപനങ്ങളിൽ സേവനം ലഭ്യമാകാൻ ആധാർ നിർബന്ധമാണെന്നുള്ള ആധാര്‍ നിയമത്തിലെ 57 -ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ടെലഗ്രാഫ് ആക്ടിലും പ്രിവെൻഷൻ ഓഫ് മണി ലോണ്ടറിങ് ആക്ടിലുമാണ് ഭേദഗതി വരുത്തിരുന്നത്.
ഇതനുസരിച്ച് ബാങ്കുകൾക്കും സ്വകാര്യ ഏജൻസികൾക്കും മാത്രമല്ല സ്കൂളുകള്‍, യു ജി സി, നീറ്റ് തുടങ്ങിയ സ്ഥാപനങ്ങൾക്കും ആധാർ ആവശ്യപ്പെടുന്നതിൽ വിലക്ക് ഏർപ്പെടുത്തിരുന്നു. സെപ്റ്റംബർ 26ന് പുറപ്പെടുവിച്ച സുപ്രീം കോടതിയുടെ ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയിൽ ആധാറിന് ഭരണഘടനാപരമായി സാധുതയുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam