
കണ്ണൂർ: വീടിന്‍റെ ഗ്രിൽസിലൂടെ വൈദ്യുതി കടത്തിവിട്ട് ഒരു കുടുംബത്തെയാകെ അപായപ്പെടുത്താൻ ശ്രമം. കണ്ണൂരിലെ ഇരിട്ടിയിലാണ് നാട്ടുകാരെയും പൊലീസിനെയുമാകെ ആശങ്കയിലാഴ്ത്തുന്ന സംഭവമുണ്ടായത്. വ്യാപാരിയായ അബ്ദുള്ളക്കുട്ടിയെയും കുടുംബത്തെയും അപായപ്പെടുത്താനാണ് വൈദ്യുതി ലൈനിൽ നിന്നും ഗ്രിൽസിലേക്ക് വൈദ്യുതി കടത്തിവിട്ടത്. അബ്ദുള്ളക്കുട്ടി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
അതിവിദഗ്‍ധമായാണ് പണി നടന്നുകൊണ്ടിരിക്കുന്ന തൊട്ടടുത്ത വീട്ടിൽ നിന്നും രാത്രി മോട്ടോർ വയർ മുറിച്ച് മാറ്റി വൈദ്യുത ലൈനിൽ കൊളുത്തി നേരിട്ട് ഗ്രിൽസിലേക്ക് കടത്തിവിട്ടത്. രാവിലെ ഗ്രിൽസ് തുറക്കാൻ ശ്രമിച്ച അബ്ദുള്ളക്കുട്ടിക്ക് ഷോക്കേറ്റു. നിലത്ത് കയറിന്‍റെ ചവിട്ടി ഉണ്ടായിരുന്നത് കൊണ്ട് ആഘാതം കുറഞ്ഞു. പിന്നീടാണ് സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ നിന്ന് നേരിട്ട് കണക്ഷൻ കൊടുത്തുവെച്ച വയറുകൾ കണ്ടത്.
കോൺഗ്രസ് ബൂത്ത് പ്രസിഡന്‍റ് കൂടിയായ അബ്ദുള്ളക്കുട്ടി രാഷ്ട്രീയമായി എല്ലാവരുമായും സൗഹൃദത്തിലായിരുന്നു. രക്ഷിക്കാനെത്തിയതും സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കമുള്ളവർ. മുജാഹിദ് പ്രസ്ഥാനത്തിൽ സജീവമായ അബ്ദുള്ളക്കുട്ടിയെ ഇതിൽ ശത്രുതയുള്ള ആരെങ്കിലും അപായപ്പെടുത്താൻ ശ്രമിച്ചതാണോയെന്നും പരിശോധിക്കുന്നുണ്ട്. രാഷ്ട്രീയ എതിരാളികളെപ്പോലും ഇത്തരത്തിൽ കുടുംബത്തോടെ അപായപ്പെടുത്താൻ ശ്രമം നടന്നിട്ടില്ലാത്ത കണ്ണൂരിൽ നടപ്പിലായ പുതിയ രീതിയെക്കുറിച്ച് എല്ലാവരും ജാഗ്രത പാലിക്കണമെന്നാണ് അബ്ദുള്ളക്കുട്ടി പറയുന്നത്.
രണ്ട് ദിവസത്തിനുള്ളിൽ വ്യക്തമായ സൂചന ലഭിക്കുമെന്നും പ്രദേശത്തെക്കുറിച്ച് അറിയുന്നയാളാണ് പിറകിലെന്നും പൊലീസ് പറയുന്നു. മതസംഘടനകളെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam