വീരപ്പനെ വിറപ്പിച്ച, അഴിമതിക്കാരുടെ പേടി സ്വപ്നം മധുകര്‍ ഷെട്ടി അന്തരിച്ചു

Published : Dec 29, 2018, 05:06 PM ISTUpdated : Dec 29, 2018, 06:35 PM IST
വീരപ്പനെ വിറപ്പിച്ച, അഴിമതിക്കാരുടെ പേടി സ്വപ്നം മധുകര്‍ ഷെട്ടി അന്തരിച്ചു

Synopsis

വൃക്കയ്ക്കും ശ്വാസകോശങ്ങള്‍ക്കുമേറ്റ അണുബാധയാണ് രോഗം മൂര്‍ഛിക്കാന്‍ കാരണം. ഒരാഴ്ചയിലേറെയായി ഹൈദരാബാദിലെ കോണ്ടിനന്റൽ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മധുകര്‍.  

ഹൈദരാബാദ്: വനം കൊള്ളക്കാരൻ വീരപ്പനേയും നക്സലേറ്റുക്കാരേയും വിറപ്പിച്ച ഐപിഎസ് ഓഫീസര്‍ മധുകര്‍ ആര്‍ ഷെട്ടി (47) അന്തരിച്ചു. എച്ച്1എന്‍1 പനിയെ തുടര്‍ന്ന് ചികിത്സയിലായിരിക്കെ വെള്ളിയാഴ്ച രാത്രി 8.15 ഒാടെയായിരുന്നു അന്ത്യം. വൃക്കയ്ക്കും ശ്വാസകോശങ്ങള്‍ക്കുമേറ്റ അണുബാധയാണ് രോഗം മൂര്‍ഛിക്കാന്‍ കാരണം. ഒരാഴ്ചയിലേറെയായി ഹൈദരാബാദിലെ കോണ്ടിനന്റൽ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മധുകര്‍.  

അഴിമതിക്കാരുടെ പേടി സ്വപ്നമായിരുന്ന മധുകര്‍ കര്‍ണാടകയിലെ സർക്കാർ ഒാഫീസുകളിലെ അഴിമതി മുതൽ ബെല്ലാരിയിലെ അനധികൃത ഖനനം വരെയുള്ള കേസുകൾ കൈകാര്യം ചെയ്ത സത്യസന്ധനായ പൊലീസ് ഒാഫീസറായിരുന്നു. ചിക്കമംഗളൂരു ജില്ലയിൽ എസ് പി ആയിരിക്കെ ജനങ്ങളോട് ഏറ്റവും സൗഹൃദമായി പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥനെന്ന ഖ്യാതി മധുകർ സ്വന്തമാക്കിയിരുന്നു. 

സര്‍ക്കാര്‍ ഭൂമി അനധികൃതമായി കയ്യേറുന്നവരെ നിയമത്തിനു മുന്നിലെത്തിക്കുകയും ഭൂമികൾ ദളിതർക്ക് ഭാഗിച്ചു നൽകുകയും ചെയ്തിരുന്നു. ഇതേതുടർന്നായിരുന്നു മധുകർ നാട്ടുകാർക്ക് പ്രിയപ്പെട്ടവനായത്. ഡെപ്യൂട്ടി കമ്മീഷണർ ഹർഷ ഗുപ്തനൊപ്പമായിരുന്നു മധുകർ പദ്ധതികൾ നടപ്പിലാക്കിയത്. പിന്നീട് ഇവരോടുള്ള ആദരവിന്റെ സൂചകമായി നാട്ടുകാര്‍ ആ ഗ്രാമത്തിന്റെ പേര് 'ഗുപ്തഷെട്ടി ഹള്ളി' എന്നാക്കി മാറ്റി.
  
വീരപ്പനെ പിടികൂടിയ സംഘത്തിലെ പ്രധാനിയായിരുന്ന മധുകർ, ആന്റി നക്സൽ സേനയുടേയും ഭാഗമായിരുന്നു. കര്‍ണാടകയിലെ ലോകായുക്ത എസ്പിയായിരുന്ന ഇദ്ദേഹം ഭരണ സംവിധാനത്തെ പൊതിഞ്ഞിരുന്ന അഴിമതി മറനീക്കി പുറത്തുകൊണ്ടുവരുന്നതിന് മുൻകൈയെടുത്ത ഉദ്യോഗസ്ഥനായിരുന്നു. കൊസോവയിലെ യു എൻ മിഷനിൽ യുദ്ധ കുറ്റകൃത്യ അന്വേഷണ യൂണിറ്റിലും മധുകർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

1980കളില്‍ കര്‍ണാടകയില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന 'മംഗരൂ' ദിനപത്രത്തിന്റെ സ്ഥാപക പത്രാധിപര്‍ ആയിരുന്ന വഡ്ഡര്‍സെ രഘുരാമ ഷെട്ടിയുടെ മകനാണ് മധുകർ. ഉഡുപ്പി സ്വദേശിയായ മധുകർ 1999 ബാച്ച് ഐപിഎസ് ഓഫീസര്‍ ആയിരുന്നു. ജവഹർലാൽ നെഹ്റു സർവകലാശാലയിൽനിന്ന് സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം നേടി. 2011ൽ അമേരിക്കയിലേക്ക് പോയ മധുകര്‍ റോക്‌ഫെല്ലര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പി എച്ച്ഡി നേടിയിട്ടുണ്ട്. 2016 ഡിസംബറില്‍ സര്‍വീസില്‍ തിരിച്ചെത്തിയ മധുകരിനെ ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാദമിയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ആയി നിയമിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആരവല്ലി മലനിരകളിൽ പുതിയ ഖനനാനുമതി നൽകരുത്; സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്രസർക്കാർ
മോദി നാളെ ദില്ലിയിലെ ക്രൈസ്തവ ദേവാലയം സന്ദർശിക്കും; രാജീവ് ചന്ദ്രശേഖർ അടക്കമുള്ള നേതാക്കളും ഒപ്പമുണ്ടാവും, ആക്രമണങ്ങളിൽ മൗനം തുടർന്ന് ബിജെപി