
ദില്ലി: മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ ഋഷികുമാർ ശുക്ല പുതിയ സിബിഐ മേധാവി. മധ്യപ്രദേശ് മുൻ ഡിജിപിയാണ് ഋഷികുമാർ ശുക്ല. രണ്ട് വർഷത്തേക്കാണ് ശുക്ലയുടെ നിയമനം. പ്രധാനമന്ത്രി അധ്യക്ഷനായ സെലക്ഷൻ സമിതിയാണ് ശുക്ലയെ നിയമിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ.
കടുത്ത വെല്ലുവിളികൾക്ക് നടുവിലേക്കാണ് ശുക്ല സിബിഐ മേധാവിയായി നടന്നു കയറുന്നത്. പുതിയ സിബിഐ ഡയറക്ടറുടെ നിയമനം വൈകുന്നതിൽ കേന്ദ്രസർക്കാരിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചതിന് തൊട്ടുപിന്നാലെയാണ് സെലക്ഷൻ സമിതിയുടെ തീരുമാനം.
1984 ബാച്ചിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരായ ജാവേദ് അഹമ്മദ്, രജനികാന്ത് മിശ്ര, എസ് എസ് ദേശ്‍വാൾ എന്നിവരായിരുന്നു സിബിഐ ഡയറക്ടർ സ്ഥാനത്തേയ്ക്ക് സമിതി സജീവമായി പരിഗണിച്ചിരുന്ന മറ്റ് പേരുകൾ. ഇന്ന് റോ സ്പെഷ്യൽ സെക്രട്ടറി വിവേക് ജോഹ്‍രിയുടെ പേരു കൂടി ഉൾപ്പെടുത്തിയതോടെ അന്തിമ പട്ടികയിൽ അഞ്ച് ഉദ്യോഗസ്ഥരായി.
ഇതിൽ ജാവേദ് അഹമ്മദിനെ നിയമിക്കണമെന്നാണ് കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് മല്ലികാര്‍ജ്ജുൻ ഖര്‍ഗെ ഇന്നലത്തെ യോഗത്തിൽ ആവശ്യപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അതിനോട് യോജിച്ചില്ല. എന്നാൽ ഗുജറാത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ആരെയും നിയമിക്കരുതെന്ന് ഖർഗെ ശക്തമായ നിലപാടെടുത്തു. വിവേക് ജോഹ്‍രിയുടെ പേര് ഇന്ന് ഉൾപ്പെടുത്തിയ സാഹചര്യത്തിൽ രജനികാന്ത് മിശ്രയുടെ സാധ്യത മങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കൂട്ടത്തിൽ മുതിർന്ന ഉദ്യോഗസ്ഥനായ ഋഷികുമാർ ശുക്ലയെ സമിതി നിയമിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam