'കശ്മീരിലേക്ക് തിരിച്ചുപോ': പുനെയിൽ കശ്മീരി സ്വദേശിയായ മാധ്യമപ്രവർത്തകന് നേരെ ആക്രമണം, മർദ്ദനം

By Web TeamFirst Published Feb 23, 2019, 12:43 PM IST
Highlights

തന്‍റെ  മാധ്യമ പ്രവർത്തനം കശ്മീരിൽ മാത്രം മതിയെന്നും അങ്ങോട്ട് തന്നെ മടക്കി അയക്കുമെന്നും അക്രമികൾ ഭീഷണിപ്പെടുത്തിയെന്ന് ജിബ്രാൻ നാസിർ പരാതിയിൽ പറഞ്ഞു.

പൂനെ: പൂനെയിൽ ജമ്മു കശ്മീർ സ്വദേശിയായ മാധ്യമപ്രവർത്തകന് നേരെ ആക്രമണം. പ്രാദേശിക ദിനപത്രത്തിലെ മാധ്യമ പ്രവർത്തകനായ 24 കാരൻ ജിബ്രാൻ നാസിറാണ് രണ്ടംഗ സംഘത്തിന്‍റെ ആക്രമണത്തിനിരയായത്. അസറുദ്ദീൻ ഷെയ്ക്ക്, ദത്താത്ത്രെ എന്നിവരാണ് ജിബ്രാനെ ആക്രമിച്ചത്.

മഹാരാഷ്ട്രയിലെ യാവത്മലുള്ള കോളേജിൽ ജമ്മു കശ്മീർ സ്വദേശികളായ വിദ്യാർത്ഥികൾ ആക്രമിക്കപ്പെട്ടതിന് തൊട്ടു പിന്നാലെയാണ് മാധ്യമ പ്രവർത്തകന് നേരെയുള്ള ആക്രമണ വാർത്തയും പുറത്തു വന്നത്. വീട്ടിലേക്ക് മടങ്ങവേ വ്യാഴാഴ്ച രാത്രി 10.45 ഓടെ പൂനെയിലെ തിലക് റോഡിൽ വെച്ചാണ് ജിബ്രാൻ നാസിർ ആക്രമിക്കപ്പെട്ടത്.

ട്രാഫിക് സിഗ്നലിനെ തുടർന്ന് ബൈക്ക് നിർത്തിയപ്പോൾ പിറകെയെത്തിയ സംഘം വാഹനം എടുക്കാൻ ആവശ്യപ്പെട്ടുവെന്നും ഇത് നിരസിച്ചതോടെ രണ്ടംഗ സംഘം മർദ്ദിക്കുകയായിരുന്നുവെന്നും ജിബ്രാൻ നാസിർ പറഞ്ഞു.

''ഹിമാചൽ പ്രദേശ് രജ്സ്ട്രേഷനിലുള്ള തന്‍റെ ബൈക്ക് കണ്ട അക്രമി സംഘം തന്നെ ഹിമാചലിലേക്ക് മടക്കി അയക്കുമെന്ന് പറഞ്ഞാണ് മർദ്ദിച്ചത്. താൻ കശ്മീരിൽ നിന്നുള്ള മാധ്യമ പ്രവർത്തകനാണെന്ന് പറഞ്ഞതോടെ തന്‍റെ  മാധ്യമ പ്രവർത്തനം കശ്മീരിൽ മാത്രം മതിയെന്നും അങ്ങോട്ട് തന്നെ മടക്കി അയക്കുമെന്നും ഭീഷണിപ്പെടുത്തി''- ജിബ്രാൻ നാസിർ പരാതിയിൽ പറഞ്ഞു.

അക്രമികൾ ജിബ്രാന്‍റെ മൊബൈൽ ഫോൺ പിടിച്ചു വാങ്ങിയെന്നും ബൈക്കിന് കേടുപാടുകളുണ്ടാക്കിയെന്നും പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

സംഭവത്തിന് പുൽവാമ ഭീകരാക്രമണവുമായി ബന്ധമില്ലെന്നും യുവാക്കൾ തമ്മിലുള്ള അടിപിടി മാത്രമാണ് നടന്നതെന്നും ആരോപിച്ച്  കേസെടുക്കാൻ പൊലീസ് തയ്യാറായിരുന്നില്ല. എന്നാൽ  മർദ്ദനമേറ്റ മാധ്യമ പ്രവർത്തകന്‍ പരാതിയിൽ ഉറച്ചു നിന്നതോടെ പൊലീസ് അക്രമികൾക്കെതിരെ കേസ് എടുക്കുകയായിരുന്നു.

സംഭവത്തിൽ അസറുദ്ദീൻ ഷെയ്ഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് സ്റ്റേഷനിലെത്തിയ അസറുദ്ദീൻ ഷെയ്ഖ് മാപ്പ് പറഞ്ഞതോടെ പരാതി പിൻവലിക്കുകയാണെന്ന് ജിബ്രാൻ പറഞ്ഞു.   

click me!