
റായ്പൂർ: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ഛത്തീസ്‍ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ അഞ്ച് മരണം. സിഐഎസ്എഫ് ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. വാഹനത്തിന്‍റെ ഡ്രൈവറും കണ്ടക്ടറും ക്ലീനറും ഒരു ജവാനും ആക്രമണത്തിൽ മരിച്ചത്. ഛത്തീസ് ഗഢിലെ ദന്തേവാഡ ജില്ലയിലെ ബച്ചേലി പ്രവശ്യയിലാണ് സ്ഫോടനം നടന്നത്.
മാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങി മടങ്ങവെയാണ് സിഐഎസ്എഫ് വാഹനത്തിന് നേരെ മാവോയിസ്റ്റുകൾ അക്രമം നടത്തിയത്. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് സിഐഎസ്എഫ് ജവാന്മാരെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതായി ദന്തേവാഡ സൂപ്രണ്ട് ഓഫ് പൊലീസ് അഭിഷേക് പല്ലവ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് റാലിക്കു വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കാനിരുന്ന ജഗ്‍ദൽപുരിൽ നിന്ന് 100 കിലോമീറ്റർ അകലെയാണ് സംഭവം നടന്നത്. കഴിഞ്ഞാഴ്‍ച ഇതേ പ്രദേശത്ത് ദൂരദര്‍ശന്‍ ക്യാമറാമാനും രണ്ട് ഛത്തീസ്‍ഗഢ് പോലീസ് ഉദ്യോഗസ്ഥരും നക്സലാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്ത് ഛത്തീസ്ഗഢില്‍ നക്സലുകൾ നിന്തരം ആക്രമണങ്ങള്‍ നടത്തി വരികയാണ്. ബുധനാഴ്ച ഒരു സിപിഐ പ്രവര്‍ത്തകനെ ഇവര്‍ അടിച്ചുകൊന്നിരുന്നു. സംസ്ഥാനത്തെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിഐഎസ്എഫ് യൂണിറ്റിലെ അംഗങ്ങളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. നവംബര്‍ 12, 20 തീയതികളിലാണ് ഇവിടെ വോട്ടെടുപ്പ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam