'മകന്‍ മരിച്ച് 9 മാസമായിട്ടും അവരറിഞ്ഞില്ല'; ഇന്ത്യയില്‍ നിന്നുള്ള മനുഷ്യക്കടത്തിനെക്കുറിച്ച് ഞെട്ടിക്കുന്ന കുറിപ്പ്

By Web TeamFirst Published Dec 10, 2018, 4:09 PM IST
Highlights

കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന യുവാവിന് തയ്യല്‍ക്കാരന്റെ ജോലി വാഗ്ദാനം നല്‍കിയാണ് ഏജന്റ് സൗദിയിലെത്തിക്കുന്നത്. രക്ഷപെടാന്‍ ശ്രമിച്ച് പരാജയപ്പെട്ട യുവാവ്  ഗാര്‍ഹിക ജോലി വിസയിലത്തെി രണ്ട് മാസത്തിനുള്ളില്‍ ജീവനൊടുക്കുകയായിരുന്നു. 

സൗദി അറേബ്യയില്‍ തൊഴില്‍ വിസയുടെ തട്ടിപ്പിന് ഇരയായി ആത്മഹത്യ ചെയ്ത ഇരുപത്തിരണ്ടുകാരനെക്കുറിച്ചുളള മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ് വൈറലാവുന്നു. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന യുവാവിന് തയ്യല്‍ക്കാരന്റെ ജോലി വാഗ്ദാനം നല്‍കിയാണ് ഏജന്റ് സൗദിയിലെത്തിക്കുന്നത്. എന്നാല്‍ മണലാരണ്യത്തില്‍ അവനെ കാത്തിരുന്നത് ആടിനെ മേയ്ക്കല്‍ ആയിരുന്നു. രക്ഷപെടാന്‍ ശ്രമിച്ച് പരാജയപ്പെട്ട യുവാവ്  ഗാര്‍ഹിക ജോലി വിസയിലത്തെി രണ്ട് മാസത്തിനുള്ളില്‍ ജീവനൊടുക്കുകയായിരുന്നു. 

മനുഷ്യക്കടത്ത് തടയാന്‍ ഇന്ത്യയും സൗദി അറേബ്യയും നിയമവും നിയന്ത്രണങ്ങളും കര്‍ശനമാക്കിയ ശേഷവും പഴുത് കണ്ടത്തെി വിസ ഏജന്‍റുമാര്‍  നടത്തുന്ന മനുഷ്യക്കടത്തിന്റെ ഇരയാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ ഇരുപത്തിരണ്ട് വയസുള്ള അക്ഷയ്കുമാര്‍. എണ്‍പതിനായിരം രൂപക്കാണ് ഇന്ത്യന്‍ വിസ ഏജന്‍റ് ഈ യുവാവിനെ ബലികൊടുത്തതെന്ന് മാധ്യമപ്രവര്‍ത്തകനായ നജീം വിശദമാക്കുന്നു. ആട്ടിടയന്റെ ജോലിക്കെന്ന് സൗദി സ്പോണ്‍സര്‍ സത്യസന്ധമായി തുറന്ന് പറഞ്ഞ് നല്‍കിയ ഗാര്‍ഹിക തൊഴില്‍ വിസയാണ് ഇക്കാര്യം മറച്ചുവെച്ച് ഏജന്‍റ് യുവാവിന് നല്‍കിയത്.

11 മാസം മുമ്പ് സൗദിയിലത്തെി രണ്ടര മാസത്തിന് ശേഷം തൂങ്ങി മരിച്ച മകനെ കുറിച്ച് ഒരു വിവരവുമില്ലാതെ ഇന്ത്യന്‍ എംബസിക്ക് പരാതി അയച്ച് കാത്തിരിക്കുകയായിരുന്നു കുടുംബം. അവരുടെ ഈ കാത്തിരിപ്പ് കാലമെല്ലാം മതാചാര പ്രകാരം സംസ്കരിക്കാന്‍ സ്വദേശത്തേക്ക് അയക്കുന്നത് കാത്ത് മകന്‍ മോര്‍ച്ചറിയില്‍ ആയിരുന്നു. എംബസിയില്‍ നിന്ന് കഴിഞ്ഞ ദിവസം അറിയിപ്പ് കിട്ടുമ്പോള്‍ മാത്രമാണ് ഉമ്മയും ഉപ്പയും കൂടപിറപ്പുകളുമെല്ലാം അവന്റെ മരണം അറിയുന്നത് അതും ഒമ്പതര മാസത്തിന് ശേഷമായിരുന്നുവെന്നും നജീം വിശദമാക്കുന്നു.
 

നജീം കൊച്ചുകലുങ്കിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

 

 

ആടും അവനും, 
ഒരു സെല്‍ഫിയിലൊതുങ്ങാത്ത ദുരന്തകഥ

ആ ആടിന്‍െറ നില്‍പ് കണ്ടോ? അവന്‍െറ സെല്‍ഫിയിലേക്ക് ഓമനത്തം തുളുമ്പുന്ന ഒരു നോട്ടമയച്ച് ചാരുതയാര്‍ന്ന നില്‍പ്. മരുഭൂമിയില്‍ ആട്ടിടനായത്തെിയ ശേഷം അവനെടുത്ത ഏറ്റവും മൊഞ്ചുള്ള സെല്‍ഫിയും ഇതായിരുന്നിരിക്കണം.

ആടും അവനും ബലി മൃഗങ്ങളാണ്. ബലിക്ക് ശേഷവും ആടിന്‍െറ ജീവിതത്തിന് വിലയുണ്ട്. തീന്‍മേശയിലെ ഏറ്റവും രുചി വിഭവമാണത്. എന്നാല്‍ അവനോ? ഒരു കയര്‍ കുരുക്കില്‍ തൂങ്ങിയാടിയ അവന്‍െറ ശരീരം ആരും തിരിഞ്ഞുനോക്കാനില്ലാത്ത ജഡ ഭാരമായി മോര്‍ച്ചറിയില്‍ കിടക്കുന്നു, ഒമ്പതര മാസമായി. ഇതാണ് ആടും അവനും തമ്മിലുള്ള ഒരേയൊരു അന്തരം.

ഈ സെല്‍ഫിയുടെ മൊഞ്ചിലൊതുങ്ങാത്ത ദുരന്ത കഥയാണത്. ഇത് റിപ്പോര്‍ട്ട് ചെയ്ത ശേഷം ഈ സെല്‍ഫി ഓര്‍മയില്‍ നിന്ന് മാഞ്ഞുപോകാന്‍ കൂട്ടാക്കുന്നില്ല. വിദേശ തൊഴിലിന്‍െറ പേരില്‍ ഇന്ത്യയില്‍ നിന്നുള്ള മനുഷ്യക്കടത്ത് നിര്‍ബാധം തുടരുന്നതിന്‍െറ ഒടുവിലത്തെ ഇരയാണ് അക്ഷയ്കുമാര്‍ എന്ന ഈ ഉത്തര്‍പ്രദേശുകാരന്‍. ഇത്തരം മനുഷ്യക്കടത്ത് തടയാന്‍ ഇന്ത്യയും സൗദി അറേബ്യയും നിയമവും നിയന്ത്രണങ്ങളും കര്‍ശനമാക്കിയ ശേഷവും പഴുത് കണ്ടത്തെി വിസ ഏജന്‍റുമാര്‍ മനുഷ്യക്കടത്ത് തുടരുകയാണ്.

ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ മനുഷ്യ വിഭവശേഷി പങ്കുവെക്കുന്നത് സംബന്ധിച്ച് ആദ്യമായി ഒരു ലിഖിത കരാറുണ്ടായത് ഗാര്‍ഹിക തൊഴിലാളികളുടെ കാര്യത്തിലാണ്. ഇന്ത്യയില്‍ നിന്ന് ഒരാള്‍ ഗാര്‍ഹിക തൊഴില്‍ വിസയില്‍ സൗദിയിലേക്ക് വരണമെങ്കില്‍ ആ ആളുടെ സമസ്ത ക്ഷേമകാര്യങ്ങളും ഉറപ്പാക്കുന്ന കര്‍ശന വ്യവസ്ഥകള്‍ പാലിക്കണം.

എന്നിട്ടും ഗാര്‍ഹിക ജോലി വിസയിലത്തെി ആട്ടിടയനായി വെറും രണ്ട് മാസത്തിനുള്ളില്‍ ജീവനൊടുക്കേണ്ടി വരുന്നു ഇത്തരം ആളുകള്‍ക്ക്. വെറും എണ്‍പതിനായിരം രൂപക്കാണ് ഇന്ത്യന്‍ വിസ ഏജന്‍റ് ഈ യുവാവിനെ ബലികൊടുത്തത്.

വൃദ്ധരായ മാതാപിതാക്കളും അഞ്ച് മക്കളും അടങ്ങുന്ന ഒരു കുടുംബത്തിന്‍െറ ഏക ആശ്രയമായിരുന്നു മൂത്ത മകനായ ഈ 22 കാരന്‍. നാട്ടില്‍ ടൈലറായിരുന്ന അവന്‍െറ അധ്വാനം കൊണ്ട് ജീവിതചെലവുകളുടെ രണ്ടറ്റവും തുന്നിച്ചേര്‍ക്കാന്‍ കഴിയാതെ വിയര്‍ക്കുന്ന നിസഹായത മുതലെടുത്താണ് നാട്ടുകാരനായ ഏജന്‍റ് എണ്‍പതിനായിരം രൂപ വാങ്ങി ടൈലര്‍ പണിക്കാണ് എന്ന് പറഞ്ഞ് വിസ കൊടുക്കുന്നത്.

നിരക്ഷരായ മാതാപിതാക്കളുടെയും നിസ്വനായ അവന്‍െറയും ദുരവസ്ഥ മുതലെടുത്ത് ഏജന്‍റ് കൊടുത്തതാവട്ടെ ആട്ടിടയന്‍െറ ജോലിക്കെന്ന് സൗദി സ്പോണ്‍സര്‍ സത്യസന്ധമായി തുറന്ന് പറഞ്ഞ് നല്‍കിയ ഗാര്‍ഹിക തൊഴില്‍ വിസ. ഇക്കാര്യം മറച്ചുവെച്ചാണ് ഏജന്‍റ് യുവാവിനെ സൗദിയിലത്തെിച്ചത്.

11 മാസം മുമ്പ് സൗദിയിലത്തെി രണ്ടര മാസത്തിന് ശേഷം തൂങ്ങി മരിച്ച മകനെ കുറിച്ച് ഒരു വിവരവുമില്ലാതെ ഇന്ത്യന്‍ എംബസിക്ക് പരാതി അയച്ച് കാത്തിരിക്കുകയായിരുന്നു കുടുംബം. അവരുടെ ഈ കാത്തിരിപ്പ് കാലമെല്ലാം മകന്‍ മരിച്ചു മരവിച്ച് കിടക്കുകയാണ് ഇങ്ങകലെ മോര്‍ച്ചറിയില്‍.

എംബസിയില്‍ നിന്ന് കഴിഞ്ഞ ദിവസം അറിയിപ്പ് കിട്ടുമ്പോള്‍ മാത്രമാണ് ഉമ്മയും ഉപ്പയും കൂടപിറപ്പുകളുമെല്ലാം അവന്‍െറ മരണം അറിയുന്നത്, ഒമ്പതര മാസത്തിന് ശേഷം.

യു.പിയിലെ മുസ്ലിം കുടുംബാംഗമായ അക്ഷയ്കുമാര്‍ വന്നത് ഹിന്ദു എന്ന് മതം രേഖപ്പെടുത്തിയ പാസ്പോര്‍ട്ടിലാണ്. അതുകൊണ്ട് തന്നെ വിസയില്‍ മുസ്ലിമതരന്‍ എന്നാണുള്ളതും. എന്തുകൊണ്ടാണിങ്ങനെ എന്ന് ആ പിതാവിനോട് ചോദിച്ചപ്പോള്‍, സ്കൂളിലെ രേഖയിലുണ്ടായ പിഴവായിരിക്കുമെന്ന ഊഹം പങ്കുവെക്കുകയാണ് ചെയ്തത്.

എന്ന് മാത്രമല്ല, പാസ്പോര്‍ട്ടില്‍ മതം മാറിയിരുന്നു എന്നത് പോലും ഇപ്പോഴാണ് അദ്ദേഹം അറിയുന്നതും. മരിച്ചയാളുടെ മതാചാര പ്രകാരം സംസ്കരിക്കാന്‍ സ്വദേശത്തേക്ക് അയക്കേണ്ടിവരുമല്ളോ എന്ന കരുതലില്‍ കൂടിയാവും ഒമ്പതര മാസത്തിന് ശേഷവും മോര്‍ച്ചറിയധികൃതര്‍ മൃതദേഹം സൂക്ഷിക്കുന്നതും.

വാര്‍ത്ത

റിയാദ്​: സൗദിയിൽ ജീവനൊടുക്കിയ ഉത്തർപ്രദേശുകാര​െൻറ മൃതദേഹം ഒമ്പതര മാസമായി റിയാദിന്​ സമീപം ദവാദ്​മി ആശുപത്രി മോർച്ചറിയിൽ. ലക്​നോയിലെ ഗോണ്ട തെഹ്​സീൽ കേണൽഗഞ്ച്​, ജഹാംഗിർവ, അഹിരോറ സ്വദേശി അക്ഷയ്​ കുമാർ ബാബുവാണ്​ (22) ദവാദ്​മിയിൽ നിന്ന്​ 20 കിലോമീറ്ററകലെ ദസ്​മ എന്ന സ്ഥലത്ത്​ തൂങ്ങിമരിച്ചത്​. ഇൗ വർഷം ജനുവരി ഒന്നിന്​ ആട്ടിടയ ജോലിക്ക്​ അവിടെയെത്തിയ യുവാവ്​ രണ്ടര മാസത്തിന്​ ശേഷം ജീവനൊടുക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം വരെയും ഇക്കാര്യം നാട്ടിലുള്ള കുടുംബം അറിഞ്ഞിരുന്നില്ല. യുവാവി​നെ കുറിച്ച്​ വിവരമില്ലെന്നും അന്വേഷിച്ച്​ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട്​​​ മാതാപിതാക്കൾ അയച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ എംബസിയുടെ​ നിർദേശപ്രകാരം ദവാദ്​മിയിലെ കെ.എം.സി.സി പ്രവർത്തകൻ ഹുസൈൻ അലി നടത്തിയ അന്വേഷണത്തിലാണ്​ ഒമ്പതര മാസമായി മൃതദേഹം ദവാദ്​മി ജനറൽ ആശുപത്രി മോർച്ചറിയിലുണ്ടെന്ന്​ കണ്ടെത്തിയത്​.

ഇക്കാര്യം അറിയിക്കാൻ നാട്ടിലെ കുടുംബത്തെ വിളിച്ചപ്പോൾ മാത്രമാണ്​ മരണത്തെ കുറിച്ച്​ അവർ അറിഞ്ഞത്​. ദൂരൂഹമായ മറ്റൊരു കാര്യം കൂടി വെളിപ്പെട്ടു. പാസ്​പോർട്ടിലും വിസയിലും മുസ്​ലിമല്ലെന്ന്​ രേഖപ്പെടുത്തപ്പെട്ട യുവാവ്​ മുസ്​ലിം കുടുംബാംഗമാണ്​​. രേഖകളിൽ ഹിന്ദു​വായതിനെ കുറിച്ച്​​ മാതാപിതാക്കൾക്ക്​ ഒന്നുമറിയില്ല. സ്​കൂളിൽ ചേർത്തപ്പോഴുണ്ടായ പിഴവായിരിക്കുമെന്നൊരു ഉൗഹം മാത്രമാണ്​​ പിതാവിനും​.

ദരിദ്ര കുടുംബത്തി​െൻറ ആശ്രയമായിരുന്നു യുവാവ്​. നാട്ടിൽ ടൈലറായിരുന്നു. ദവാദ്​മിയിലുള്ള നാട്ടുകാരനായ ഒരു ടൈലറാണ്​ വിസ അയച്ചുകൊടുത്തത്​. ടൈലർ ജോലി എന്നാണ്​ പറഞ്ഞത്​. വിസക്ക്​ 80,000 രൂപയും കൈപ്പറ്റി. ഇവിടെയെത്തിയപ്പോഴാണ്​ ​ഗാർഹിക തൊഴിൽ വിസയാണെന്നും കാത്തിരുന്ന ജോലി​ ആട്​മേയ്പ്പാണെന്നും​ അറിഞ്ഞത്​. മരുഭൂമിയിലെ ആട്ടിൻകൂട്ടത്തോടൊപ്പമുള്ള രണ്ടര മാസത്തെ ജീവിതത്തിനിടെ മൂന്ന്​ തവണ യുവാവ് രക്ഷപ്പെ​േട്ടാടി ദവാദ്​മിയിലെ വിസ ഏജൻറി​​െന അഭയംപ്രാപിച്ചു.

നാട്ടിലേക്ക്​ തിരിച്ചയക്കണമെന്ന്​ അപ്പോഴൊക്കെയും ആവശ്യപ്പെട്ടു. മൂന്നുതവണയും തൊഴിലുടമ വന്ന്​ തിരികെ കൊണ്ടുപോയി. നാട്ടിലേക്ക്​ തിരിച്ചയക്കണമെങ്കിൽ വിസ ചെലവായ 4,000 റിയാൽ നൽകണമെന്നായിരുന്നു​ ​തൊഴിലുടമയുടെ നിലപാട്​.

രണ്ടര മാസത്തെ സഹനത്തിനൊടുവിൽ ആട്ടിൻകൂട്ടിലെ താമസസ്ഥലത്ത്​ തൂങ്ങി മരിക്കുകയായിരുന്നു​. സംഭവം സംബന്ധിച്ച ​പൊലീസ്​ കേസി​െൻറയും മറ്റും നിലവിലെ സ്ഥിതി അന്വേഷിച്ചറിഞ്ഞ ശേഷം മൃതദേഹം നാട്ടിൽ അയക്കാൻ ശ്രമം നടത്തുമെന്ന്​ ഹുസൈൻ അലി പറഞ്ഞു. അക്ഷയ്​കുമാർ അവിവാഹിതനാണ്​. പിതാവ്​: ദർഗാഹി, മാതാവ്​: നസ്രീന. ഇവർക്ക്​ അഞ്ച്​ മക്കളാണ്​. അതിൽ മൂത്തയാളാണ്​ അക്ഷയ്​കുമാർ.

 

click me!