സെൻകുമാറിന്‍റെ പരാമർശം അപക്വം; വിമര്‍ശനവുമായി ജസ്റ്റിസ് കെമാല്‍ പാഷ

By Web TeamFirst Published Jan 27, 2019, 4:21 PM IST
Highlights

ചാരക്കേസിൽ നമ്പി നാരായണന്‍റെ എതിർ കക്ഷിയാണ് സെൻകുമാർ. പ്രായമായ ഒരാൾക്ക് അംഗീകാരം കിട്ടിയപ്പോൾ വിവാദമുണ്ടാക്കിയത് ശരിയല്ലന്നും കെമാൽ പാഷ

കൊല്ലം: പത്മഭൂഷൺ പുരസ്കാരം നേടിയ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ വിമർശിച്ച ടി പി സെൻകുമാറിനെതിരെ  ജസ്റ്റിസ് കെമാൽപാഷ. സെൻകുമാറിന്‍റെ പരാമർശം അപക്വമായിരുന്നുവെന്ന് കെമാല്‍ പാഷ പറഞ്ഞു. ചാരക്കേസിൽ നമ്പി നാരായണന്‍റെ എതിർ കക്ഷിയാണ് സെൻകുമാർ. പ്രായമായ ഒരാൾക്ക് അംഗീകാരം കിട്ടിയപ്പോൾ വിവാദമുണ്ടാക്കിയത് ശരിയല്ലന്നും കെമാൽ പാഷ കൂട്ടിച്ചേര്‍ത്തു. 

സെൻകുമാറിനെ തള്ളി കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം രംഗത്തെത്തിയിരുന്നു. അംഗീകാരം കിട്ടുന്നവർക്കെതിരെ സംസാരിക്കുന്നത് മലയാളിയുടെ ജനിതക പ്രശ്നമാണെന്ന് കണ്ണന്താനം കുറ്റപ്പെടുത്തി. വിവാദത്തിൽ പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയാണ് കോൺഗ്രസ്. അവാർഡ് വിവാദത്തിൽ ബിജെപി സംസ്ഥാന നേതൃത്വം സെൻകുമാറിനെ തള്ളാനോ കൊള്ളാനോ തയ്യാറായിരുന്നില്ല. 

സ്ഥാനാർത്ഥിയാക്കാൻ പരിഗണിക്കുന്നതിനിടെ സെൻകുമാർ ഉണ്ടാക്കിയ വിവാദത്തിൽ പാർട്ടി പ്രതിരോധത്തിലായിരിക്കെയാണ് കണ്ണന്താനത്തിന്‍റെ വിമർശനം. സെൻകുമാറിനെ ചൊല്ലി ബിജെപി സംസ്ഥാന ഘടകത്തിലും രൂക്ഷമായ ഭിന്നതയുണ്ട്. സെൻകുമാറിനെ കൊണ്ടുവരാനുള്ള ആർ എസ് എസ് നീക്കത്തെ സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള പിന്തുണച്ചിരുന്നു. 

സെൻകുമാറിന്‍റെ വരവിനോട് വലിയ താല്പര്യം കാണിക്കാതിരുന്ന മുരളീധരപക്ഷം അവസരം മുതലാക്കുകയാണ്. കേന്ദ്രസർക്കാറിനെ സംശയനിഴലിൽ നിർത്തിയ സെൻകുമാറിനെതിരായ നേതൃത്വത്തിന്‍റെ മൗനത്തിൽ മുരളീധരപക്ഷം അതൃപ്തരാണ്. ബി ജെ പിയിലെ ആശയക്കുഴപ്പം മുതലാക്കി സെൻകുമാറിനെതിരായ നിലപാട് കടുപ്പിക്കുകയാണ് സിപിഎം

click me!