തൃപ്പൂണിത്തുറ നഗരസഭയില്‍ ബിജെപിക്കെതിരെ സിപിഎമ്മും കോണ്‍ഗ്രസും ഒന്നിക്കില്ല

കൊച്ചി: തൃപ്പൂണിത്തുറ നഗരസഭയില്‍ ബിജെപിക്കെതിരെ സിപിഎമ്മും കോണ്‍ഗ്രസും ഒന്നിക്കില്ല. ബിജെപി അധികാരത്തിലെത്താതിരിക്കാൻ ഉണ്ടാക്കുന്ന സഖ്യം നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലിനെത്തുടർന്നാണ് തീരുമാനം. ചെയര്‍മാന്‍ പദവിയിലേയ്ക്ക് സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ് പറഞ്ഞു. നഗരസഭയിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായതോടെ രണ്ടാമതുള്ള എൽഡിഎഫിനെ യുഡിഎഫ് പിന്തുണയ്ക്കുമെന്നായിരുന്നു അഭ്യൂഹം. പ്രാദേശികമായി അത്തരം ചർച്ചകളും തുടങ്ങിയിരുന്നു. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നിൽക്കുമ്പോൾ പുറമേ നിന്നുള്ള പിന്തുണപോലും ദോഷമാകുമെന്ന വിലയിരുത്തലിലാണ് എൽഡിഎഫും യുഡിഎഫും. തൃപ്പൂണിത്തുറയിലെ ബിജെപി മുന്നേറ്റത്തിന്‍റെ ഉത്തരവാദിത്തം കോൺഗ്രസിനാണെന്ന് പറഞ്ഞ് ചർച്ചകൾക്കുള്ള സാധ്യത പോലും സിപിഎം ജില്ലാ സെക്രട്ടറി അടച്ചു.

ചെയര്‍മാന്‍ സ്ഥാനത്തേക്ക് സ്വന്തം സ്ഥാനാർത്ഥിയെ നിർത്തുമെന്ന പ്രഖ്യാപനം വന്നതോടെ പ്രാദേശിക തലത്തിൽ നടന്ന ചർച്ചകളും വഴിമുട്ടിയിരിക്കുകയാണ്. സിപിഎമ്മുമായി സഹകരണത്തിനില്ലെന്ന് ജില്ലാ കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചതും നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്. സിപിഎമ്മുമായി നീക്കുപോക്കുണ്ടായാൽ ബിജെപി അത് തെരഞ്ഞെടുപ്പില്‍ ആയുധമാക്കുമെന്നും തിരിച്ചടിയുണ്ടാക്കുമെന്നും കോൺഗ്രസും വിലയിരുത്തുന്നു. ഭരണത്തിനുള്ള സാധ്യത തെളിഞ്ഞതോടെ തൃപ്പൂണിത്തുറയിൽ ഭൂരിപക്ഷം അവകാശപ്പെടാൻ ഒരുങ്ങുകയാണ് ബിജെപി. 53 സീറ്റിൽ 21 എണ്ണമാണ് ബിജെപി നേടിയത്. എല്‍ഡിഎഫിന് 20 ഉം യുഡിഎഫിന് 12 ഉം സീറ്റുകളാണ് ലഭിച്ചത്. ഒരു സീറ്റിന്‍റെ ഭൂരിപക്ഷമുണ്ടെങ്കിലും ബിജെപിയെ കാത്തിരിക്കുന്നത് അസ്ഥിരമായ ഭരണമാകാനാണ് സാധ്യത. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിക്കെതിരെ യോജിച്ചുള്ള നീക്കത്തിനും സാധ്യതയുണ്ട്.

YouTube video player