ആര്‍ത്തവത്തിനായി ഒപ്പുശേഖരണം നടത്തുന്നവര്‍ക്ക് ചോരക്കളിയെ കുറിച്ച് മിണ്ടാന്‍ ഭയമാണോ? എഴുത്തുകാര്‍ക്കെതിരെ ജ്യോതികുമാര്‍ ചാമക്കാല

Published : Feb 20, 2019, 05:16 PM IST
ആര്‍ത്തവത്തിനായി ഒപ്പുശേഖരണം നടത്തുന്നവര്‍ക്ക് ചോരക്കളിയെ കുറിച്ച് മിണ്ടാന്‍ ഭയമാണോ? എഴുത്തുകാര്‍ക്കെതിരെ ജ്യോതികുമാര്‍ ചാമക്കാല

Synopsis

കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ യാതൊരു പ്രതികരണവും നടത്താത്ത സാഹിത്യകാരന്‍മാരെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല. 

തിരുവനന്തപുരം: കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ യാതൊരു പ്രതികരണവും നടത്താത്ത സാഹിത്യകാരന്‍മാരെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല. "മനുഷ്യൻ അധ:പതിച്ചാൽ മൃഗമാകും. മൃഗം അധ:പതിച്ചാൽ കമ്യൂണിസ്റ്റാകും" എന്ന സുകുമാര്‍ അഴീക്കോടിന്‍റെ പ്രസംഗ ഭാഗങ്ങള്‍ കടമെടുത്ത് തുടങ്ങുന്ന ഫേസ്ബുക്ക് കുറിപ്പില്‍ എഴുത്തുകാര്‍ക്ക് നട്ടെല്ലില്ലെന്ന് ജ്യോതികുമാര്‍ ചാമക്കാല പറയുന്നു.

പെരിയയിൽ രണ്ട് മിടുക്കൻമാരായ ചെറുപ്പക്കാരെ തുണ്ടം തുണ്ടമാക്കിയിട്ടും ബുദ്ധിജീവികളാരും വാ പൊളിച്ചിട്ടില്ല. ആർത്തവരക്തം അശുദ്ധമല്ലെന്ന് പ്രഖ്യാപിക്കാൻ ഒപ്പുശേഖരണം നടത്തുന്നവർക്ക് മനുഷ്യന്റെ ജീവനെടുക്കുന്ന ചോരക്കളിയെക്കുറിച്ച് മിണ്ടാൻ ഭയമാണോയെന്നും ചാമക്കാല കുറിപ്പില്‍ ചോദിക്കുന്നു.

ഭരണകക്ഷിയുടെ എച്ചിൽ നക്കാൻ കാത്തിരിക്കുന്നവർക്ക് നട്ടെല്ലുണ്ടാവില്ല. പിണറായി വിജയന്റെ കണ്ണുരുട്ടലിൽ നിങ്ങളിലെ ബുദ്ധിജീവി വിറച്ചു പോകും. മോദിയുടെ അച്ചാരം പറ്റുന്ന വലതുബുദ്ധിജീവികളെ വിമർശിക്കാൻ നിങ്ങൾക്കെല്ലാം എന്തു യോഗ്യതയുണ്ടെന്നും ചാക്കാല കുറിപ്പില്‍ ചോദിക്കുന്നുണ്ട്.

കുറിപ്പിന്‍റെ പൂര്‍ണരൂപം


"മനുഷ്യൻ അധ:പതിച്ചാൽ മൃഗമാകും. മൃഗം അധ:പതിച്ചാൽ കമ്യൂണിസ്റ്റാകും".യശ ശരീരനായ ഡോ.സുകുമാർ അഴീക്കോട് പറഞ്ഞതാണിത്.

കണ്ണൂരിൽ നഴ്സറി കുട്ടികളുടെ പരിപാടി അലങ്കോലമാക്കിയ കമ്യൂണിസ്റ്റുകാരെക്കുറിച്ചാണ് അദ്ദേഹമിത് പറഞ്ഞത്.

അഴീക്കോട് മാഷ് നമുക്ക് സാംസ്കാരിക നായകനായിരുന്നു. നാടിന്റെ സംസ്കാരത്തിന് യോജിക്കാത്തത് ആരു ചെയ്താലും മുഖം നോക്കാതെ വിമർശിക്കുന്ന നായകൻ.

ഇന്ന് കേരളത്തിൽ ആ വിഭാഗം അന്യം നിന്നു പോയിരിക്കുന്നു.

പെരിയയിൽ രണ്ട് മിടുക്കൻമാരായ ചെറുപ്പക്കാരെ തുണ്ടം തുണ്ടമാക്കിയിട്ടും ബുദ്ധിജീവികളാരും വാ പൊളിച്ചിട്ടില്ല.

ഇവരുടെയൊക്കെ സാമൂഹ്യപ്രതിബദ്ധതയിലെ കാപട്യമാണ് ഈ കാണുന്നത്.

ആർത്തവരക്തം അശുദ്ധമല്ലെന്ന് പ്രഖ്യാപിക്കാൻ ഒപ്പുശേഖരണം നടത്തുന്നവർക്ക് മനുഷ്യന്റെ ജീവനെടുക്കുന്ന ചോരക്കളിയെക്കുറിച്ച് മിണ്ടാൻ ഭയമാണോ ?

അതോ ശരത്തും കൃപേഷും കോൺഗ്രസുകാരായിരുന്നതുകൊണ്ട് മനുഷ്യാവകാശങ്ങൾക്ക് യോഗ്യരല്ലേ ?

ജീവിക്കാനുള്ള അവകാശത്തെക്കുറിച്ച് വാ തോരാതെ പ്രസംഗിക്കുന്ന സാഹിത്യകാരൻമാരുടെ നാവിറങ്ങിപ്പോയോ ?

നിങ്ങൾക്ക് ഭയമാണ്. നിങ്ങളുടെ നാണംകെട്ട വിധേയത്വമാണിത്.

ഭരണകക്ഷിയുടെ എച്ചിൽ നക്കാൻ കാത്തിരിക്കുന്നവർക്ക് നട്ടെല്ലുണ്ടാവില്ല.

പിണറായി വിജയന്റെ കണ്ണുരുട്ടലിൽ നിങ്ങളിലെ ബുദ്ധിജീവി വിറച്ചു പോകും. മോദിയുടെ അച്ചാരം പറ്റുന്ന വലതുബുദ്ധിജീവികളെ വിമർശിക്കാൻ നിങ്ങൾക്കെല്ലാം എന്തു യോഗ്യത ?

കേന്ദ്രത്തിലായാലും കേരളത്തിലായാലും സംഘപരിവാറിനോ കമ്യൂണിസ്റ്റുകാർക്കോ മുന്നിൽ വളഞ്ഞു നിൽക്കുന്നവരാണ് നമ്മൾ ആരാധിക്കുന്ന ഈ മാന്യദേഹങ്ങളെന്നറിയുക.

നിങ്ങൾ സാംസ്ക്കാരിക നായകരല്ല. നട്ടെല്ലില്ലായ്മയുടെ നേർക്കാഴ്ചകളാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോട്ടയം മണിമല പഴയിടത്ത് കെഎസ്ആർടിസി ബസ് കത്തിനശിച്ചു; തീപിടിച്ചത് മലപ്പുറത്ത് നിന്ന് ഗവിയിലേക്ക് പോയ ബസ്, ആർക്കും പരിക്കില്ല
മോഹന്‍ലാലിന്‍റെ അമ്മയുടെ സംസ്കാരം ഇന്ന്; മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു, അന്ത്യാഞ്ജലി അർപ്പിക്കാൻ സിനിമാലോകം