
കാസര്‍ഗോഡ്: അമിത്ഷായുടെ 'വലിച്ച് താഴെയിറക്കല്‍' പരാമര്‍ശത്തെ പിന്തുണച്ച് ബിജെപി സംസ്ഥാന നേതാവ് കെ സുരേന്ദ്രന്‍ രംഗത്ത്. സംസ്ഥാന പ്രസിഡന്‍റ് പിഎസ് ശ്രീധരന്‍പിള്ളയടക്കമുള്ളവര്‍ 'വലിച്ച് താഴെയിറക്കല്‍' പരാമര്‍ശത്തെ ലഘൂകരിക്കാന്‍ ശ്രമിക്കുമ്പോഴാണ് സുരേന്ദ്രന്‍ വെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുന്നത്. വലിച്ച് താഴെ ഇറക്കുമെന്നു പറഞ്ഞാൽ വലിച്ച് താഴെ ഇറക്കുമെന്നതില്‍ ആര്‍ക്കും സംശയം വേണ്ടെന്നും ത്രിപുരയിൽ സാധിക്കുമെങ്കില്‍ കേരളത്തിൽ അതൊരു പ്രശ്നമേ അല്ലെന്നും അമിത് ഷായുടെ വാക്കുകൾ ഇതുവരെ തെറ്റിയിട്ടില്ലെന്നും കുറിപ്പിലൂടെ സുരേന്ദ്രന്‍ അവകാശപ്പെട്ടു. അമിത് ഷായുടെ തടി പോര കേരള സര്‍ക്കാരിനെ വലിച്ച് താഴെ ഇറക്കാന്‍ എന്ന് മുഖ്യമന്ത്രി പിണറായി ഇന്നലെ മറുപടി നല്‍കിയിരുന്നു.
സുരേന്ദ്രന്‍റെ കുറിപ്പ് പൂര്‍ണരൂപത്തില്‍
വലിച്ച് താഴെ ഇറക്കുമെന്നു പറഞ്ഞാൽ വലിച്ച് താഴെ ഇറക്കുമെന്നു തന്നെയാണ്. അതിനർത്ഥം ഫിസിക്കലി കസേരയിൽ നിന്ന് വലിച്ചിടുമെന്നല്ല. അധികാരത്തിൽ നിന്ന് താഴെ ഇറക്കുമെന്ന് തന്നെയാണ് പറഞ്ഞത്. ത്രിപുരയിൽ വലിച്ച് താഴെ ഇറക്കിയിട്ടുണ്ടെങ്കിൽ കേരളത്തിൽ അതൊരു പ്രശ്നമേ അല്ല. അമിത് ഷായുടെ വാക്കുകൾ ഇതുവരെ തെറ്റിയിട്ടില്ല.
അദ്ദേഹത്തിന്റെ ഓരോ വാക്കും നീക്കവും എതിരാളികളെ തെല്ലൊന്നുമല്ല ഭയപ്പെടുത്തുന്നത്. ഈ വെപ്രാളത്തിനു കാരണവും മറ്റൊന്നുമല്ല. വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാവുക പിണറായി വിജയൻ. ഞങ്ങൾ റെഡി. ഇനി ഗോദയിൽ കാണാം. അമിത് ഷായുടെ യുദ്ധം പിണറായി കാണാനിരിക്കുന്നതേയുള്ളൂ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam