തന്ത്രിമാര്‍ ദേവസ്വം ബോര്‍ഡിന്‍റെ ജീവനക്കാര്‍ മാത്രം: കടകംപള്ളി സുരേന്ദ്രന്‍

By Web TeamFirst Published Dec 6, 2018, 9:42 AM IST
Highlights

പൂജാസംബന്ധിയായ കാര്യങ്ങളില്‍ അല്ലാതെ ഭരണപരമായ കാര്യങ്ങളില്‍ തന്ത്രിമാര്‍ക്ക് തീരുമാനമെടുക്കാനാവില്ല. 

തിരുവനന്തപുരം: ശബരിമല നട അടച്ചിടുമെന്ന പ്രസ്താവന നടത്തിയ തന്ത്രിയില്‍ നിന്നും വിശദീകരണം തേടിയ സംഭവത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി ദേവസ്വം ബോര്‍ഡ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തന്ത്രിമാര്‍ സര്‍ക്കാരിന് കീഴിലല്ല ദേവസ്വം ബോര്‍ഡിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 

ദേവസ്വം ബോര്‍ഡ് മാനുവലില്‍ തന്ത്രിമാരുടെ അധികാരങ്ങളെക്കുറിച്ച് കൃത്യമായി പറഞ്ഞിട്ടുണ്ട്.ശാന്തിക്കാരെ പോലെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണ്ടവരാണ് തന്ത്രിമാര്‍. അവരുടെ തീരുമാനങ്ങള്‍ ദേവസ്വംബോര്‍ഡിന് വിധേയമായിട്ടായിരിക്കും. പൂജാസംബന്ധിയായ കാര്യങ്ങളില്‍ അല്ലാതെ ഭരണപരമായ കാര്യങ്ങളില്‍ തന്ത്രിമാര്‍ക്ക് തീരുമാനമെടുക്കാനാവില്ല.  ക്ഷേത്രം അടച്ചിടുന്നത് സംബന്ധിച്ച് ശബരിമലതന്ത്രി ഒരു രാഷ്ട്രീയനേതാവിന്‍റെ ഉപദേശം തേടിയെന്ന വാര്‍ത്തയില്‍ തന്ത്രിയോട് ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ വിശദീകരണം തേടിയിട്ടുണ്ട്. 

ചര്‍ച്ചയ്ക്കിടെ ശബരിമലയിലെ അന്നദാനത്തിന് ദേവസ്വം ബോര്‍ഡ് സംഘപരിവാര്‍ സംഘടനകളെ ആശ്രയിക്കുന്നുവെന്ന പ്രതിപക്ഷനേതാവിന്‍റെ ആരോപണത്തിനും ദേവസ്വംമന്ത്രി മറുപടി നല്‍കി. ശബരിമലയിലും നിലയ്ക്കലിലും പന്പയിലും അന്നദാനം നടത്തുന്നത് ദേവസ്വം ബോര്‍ഡ് തന്നെയാണ്. അതിലേക്ക് വേണ്ട സാധനങ്ങളും സാമഗ്രഹികളും സംഭവാന നല്‍കുന്നത് വിവിധ സംഘടനകളും വ്യക്തികളുമാണ് നിലവില്‍ അന്നദാനത്തിന് വേണ്ട സഹായങ്ങള്‍ നല്‍കുന്നുണ്ട്. അത് കുമ്മനം രാജശേഖരന്റെ പാര്‍ട്ടിക്കാര്‍ കൊണ്ടു വന്നാലും നമ്മള്‍ സ്വീകരിക്കും. അന്നദാനത്തിന് കൊണ്ടു വരുന്ന സാധനം വേണ്ടെന്ന് എന്ന് നമ്മുക്ക് എങ്ങനെയാണ് പറയാന്‍ സാധിക്കുക. അങ്ങനെ സഹായം വേണ്ടെന്ന് പറയാന്‍ പ്രതിപക്ഷനേതാവിന് സാധിക്കുമോയെന്നും ദേവസ്വം മന്ത്രി പറഞ്ഞു. 

click me!